പാരമ്പര്യത്തിന്റെ കൂട്ടായ്മയില്‍ എടത്തനയില്‍ വിളയിച്ച നെല്‍കൃഷി നൂറുമേനി കൊയ്തു. കൊയ്ത്തുപാട്ടിന്റെ താളത്തില്‍ സ്ത്രീകളൊന്നാകെ പാടത്തിറങ്ങിയപ്പോള്‍ അത് നാടിന്റെ ഉത്സവമായി. എടത്തനതറവാടിന്റെ സ്വന്തമായ 16 ഏക്കര്‍ പാടശേഖരത്തിലാണ് ഇത്തവണ നെല്ല് വിളയിച്ചത്. നാടീലും വിളവെടുപ്പുമെല്ലാം ഇവിടെ ആഘോഷമായാണ് നടക്കാറുള്ളത്. നൂറ്റാണ്ടുകളായി വയനാട്ടിലുണ്ടായിരുന്ന കൃഷിരീതിയാണ് മാറ്റമില്ലാതെ ഇന്നും ഇവിടെ തുടരുന്നത്.
പോയ കാലത്തിന്റെ കൃഷിയറിവുകള്‍ നാളെയ്ക്കായി കരുതിവെയ്ക്കുന്ന എടത്തന തറവാടിന് ഉപജീവനത്തിനുമപ്പുറം നെല്‍കൃഷി അനുഷ്ഠാനമാണ്. നഷ്ട കണക്കുകള്‍ നിരത്തി നെല്‍കൃഷിയെ കയ്യോഴിയുന്നവര്ക്ക് എടത്തനയില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. വയനാടിന്റെ തനത് നെല്‍വിത്തായ വെളിയനാണ് കൃഷിക്കായി ഉപയോഗിച്ചത്. പരമ്പരാഗത നെല്‍വിത്തുകള്‍ പലതും നിധിപോലെ എടത്തനയിലെ പത്തായപ്പുരയില്‍ സംരക്ഷിച്ച് പോരുന്നുണ്ട്.
രാസവളങ്ങളോ രാസകീടനാശിനികളോ ഇവര്‍ നെല്‍കൃഷിയില്‍ അടുപ്പിക്കാറില്ല.ജൈവവളങ്ങളും പാരമ്പര്യ അറിവുകളും സമന്വയിപ്പിച്ചുള്ള കൃഷിരീതിയാണ് കാലങ്ങളായി ഇവിടെ തുടരുന്നത്.ഞാറ്റടി തയ്യാറാക്കുന്നത് മുതല്‍ കൊയ്തെടുക്കുന്നത് വരെ അതീവ ശ്രദ്ധയോടെ നെല്‍കൃഷിയുടെ പരിപാലനം. നെല്‍കൃഷിയുടെ സമൃദ്ധിക്കായുള്ള ദൈവീക ചടങ്ങുകളും മുടക്കാറില്ല.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇവിടെ പോത്തിനേയും, കാളയേയും മാത്രമാണ് നിലം ഉഴുതുമറിക്കാന്‍ ഉപയോഗിച്ചത്. ഇത് നെല്‍കൃഷിയുടെ പണി സമയബന്ധിതമായി തീര്‍ക്കാന്‍ പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ടില്ലറുകള്‍ എത്തിയതോടെ മനുഷ്യ അദ്ധ്വാനം കുറയ്ക്കാനും വേഗത്തില്‍ പണികള്‍ തീര്‍ക്കാനും കഴിഞ്ഞത് വലിയ ആശ്വാസമായി ഇവര്‍ കാണുന്നു.
നിലവില്‍ എടത്തനയില്‍ നഞ്ചയും പുഞ്ചയും കൃഷി ചെയ്യുന്നുണ്ട്. ജലക്ഷാമം പുഞ്ചകൃഷിക്ക് ചെറിയ തോതില്‍ തടസം ഉണ്ടാക്കുന്നുണ്ടെങ്കിലും അതിനെയും ഇവരുടെ കൂട്ടായ്മ അതിജീവിക്കും. മുമ്പ് കാലികളെ ഉപയോഗിച്ചായിരുന്നു നെല്ല് മെതിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതിനായി ട്രാക്ട്ടര്‍ ഉള്‍പ്പെടെയുളള വാഹനങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.
ജില്ലയിലെ കര്‍ഷക സമൂഹം സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് വാഴയുള്‍പ്പെടെയുള്ള കൃഷികളിലേക്ക് ചുവടു മാറ്റിയപ്പോള്‍ എടത്തന തറവാട് അതിന് തയ്യാറായില്ല. തറവാട്ടില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും വില കൊടുത്ത് അരി വാങ്ങാറില്ല. പുതുതലമുറയും പഴമക്കാരൊടൊപ്പം നെല്‍കൃഷിയില്‍ ഒരു മടിയുമില്ലാതെ വ്യാപൃതരാകുമ്പോള്‍ നെല്‍കൃഷി സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന സന്ദേശമാണ് ഇവര്‍ സമൂഹത്തിന് നല്‍കുന്നത്.
നെല്‍കൃഷി സംരക്ഷിച്ച് നിലനിര്‍ത്തി പോരുന്നതിനാല്‍ വിവിധ അംഗീകാരങ്ങളും ഇവര്‍ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായങ്ങളും നിര്‍ദ്ദേശങ്ങളും ലഭിച്ചു വരുന്നു. തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തിയാല്‍ വലിയ മുന്നേറ്റം നെല്‍കൃഷിയില്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ഇവര്‍ പറയുന്നു. ഇതിനായി സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.