ഡിസംബര്‍ 26 ന് നടക്കുന്ന സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ലോകത്ത് തന്നെ ഏറ്റവും വ്യക്തമായി ദൃശ്യമാകുക വയനാട് ജില്ലയിലാണ്. ഇതിനായി ലോക രാജ്യങ്ങളിലെ ജോതിശാസ്ത്രജ്ഞരും, വിദ്യാര്‍ത്ഥികളും, ഗവേഷകരുമുള്പ്പെടുന്ന സംഘങ്ങള്‍ ഡിസംബര്‍ അവസാന ആഴ്ചകളിലായി വയനാട്ടിലേക്കെത്തും. ഗ്രഹണം ദര്‍ശിക്കുന്നതിനും പഠിക്കാനുമായി വയനാട് ജില്ലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഭരണകൂടവും ഒരുക്കിയിട്ടുണ്ട്.
ഏറെ പ്രാധാന്യമുള്ള ഗ്രഹണ ദൃശ്യങ്ങള്‍ കാണുന്നതിന് സൗകര്യപ്രദവും സുഖകരവുമായ സാഹചര്യമാണ് വിവിധ സംഘടനകളുമായി ചേര്‍ന്ന് ജില്ലാ ഭരണകൂടം ഒരുക്കുന്നത്. ഡി.റ്റി.പി.സി.യുടെ നേതൃത്വത്തില്‍ അമ്പലവയലിലുള്ള ചീങ്ങേരി മലയുടെ മുകളിലായി ഗ്രഹണം കാണാനായി 500 പേര്‍ക്കുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഡി.റ്റി.പി.സി.യുടെ വെബ്ബ്സൈറ്റായ https://wayanadtourism.orgല്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ 500 പേര്‍ക്കാണ് ഇതിനുള്ള സൗകര്യം ലഭ്യമാകുന്നത്.
ഇത് കൂടാതെ കല്പറ്റയിലെ എസ്.കെ.എം.ജെ. സ്കൂള്‍ മൈതാനം, മീനങ്ങാടിയിലെ പഞ്ചായത്ത് സ്റ്റേഡിയം ജില്ലയിലെ ലൈബ്രറി കൗണ്‍സിലുകള്‍ എന്നിവിടങ്ങളിലും സുരക്ഷിതമായി ഗ്രഹണം കാണാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂളുകളിലെ സയന്‍സ് ക്ലബുകളുടെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സൂര്യഗ്രഹണം കാണാനായി ജില്ലയില്‍ എത്തുന്ന അതിഥികള്‍ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍ മുതലായവ ഒഴിവാക്കി സഹകരിക്കണമെന്നും ആകാശദൃശ്യം കാണുന്നതിനൊപ്പം നമ്മുടെ പ്രകൃതിക്ക് ദോഷമാകുന്ന ഡിസ്പോസബിള്‍ പ്ലാസ്റ്റിക്ക് ഒഴിവാക്കാനും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.