പാലാരിവട്ടത്ത് യുവാവിന്റെ മരണത്തിനിടയാക്കിയ കുഴി അടച്ചു. ജല അതോറിറ്റി അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് കുഴി അടച്ചത്. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അടിയന്തരമായി റോഡ് നന്നാക്കാന്‍ തീരുമാനിച്ചത്.
പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം വ്യാഴാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. കുഴി മൂടിവച്ചിരുന്ന ബോര്‍ഡില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ ബാര്‍ തട്ടി റോഡില്‍ മറിഞ്ഞുവീണ യുവാവിന്റെ ദേഹത്തുകൂടി പിന്നാലെ വന്ന ടാങ്കര്‍ കയറിയിറങ്ങുകയായിരുന്നു. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.