പാലക്കാട് ഏഴാം ക്ലാസുകാരന് കാറിടിച്ച് മരിച്ച സംഭവത്തില്‍ കുട്ടിക്ക് ചികിത്സ നല്കാന് നില്‍ക്കാതെ കാര്‍ യാത്രക്കാര്‍ രക്ഷട്ടെന്ന് ബന്ധുക്കള്‍. നല്ലേപ്പള്ളി സ്വദേശി സുദേവന്റെ മകന് സുജിത്താണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് അപകടമുണ്ടായത്. മിഠായി വാങ്ങാനായി പോകുകയായിരുന്നു കുട്ടി. അമിതവേഗത്തിലെത്തിയ കാര്‍ കുട്ടിയെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു.
അപകടം കണ്ട സമീപവാസി കുട്ടിയെ അതേ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കാര്‍ യാത്രക്കാര്‍ കുട്ടിയെ വാഹനത്തില്‍ കയറ്റി 5 കിലോമീറ്ററോളം മുന്നോട്ട് പോയി. എന്നാല്‍ കുട്ടിയുടെ തലയില്‍ നിന്നും രക്തംവരാന്‍ തുടങ്ങിയതോടെ ടയര്‍ പഞ്ചറായെന്ന് പറഞ്ഞ് കാറിലുണ്ടായിരുന്നവര്‍ കുട്ടിയെ വഴിയില്‍ ഇറക്കിവിട്ടു.
തുടര്‍ന്ന് സമീപവാസി കുട്ടിയെ മറ്റൊരു വാഹനത്തില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അഞ്ചുമണിക്ക് അപകടം നടന്നെങ്കിലും ആറരയ്ക്കാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. മലപ്പുറം പുത്തനത്താണി സ്വദേശി അഷറഫിന്റേതാണ് കാറെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. കാര്‍ പാലക്കാട് കസബ പൊലീസ് സ്റ്റേഷനില്‍ ഉടമസ്ഥന് ഹാജരാക്കിയിട്ടുണ്ട്.