ബാലസംഘത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സൂര്യോത്സവങ്ങള്‍ സംഘടിപ്പിക്കുന്നു.സൂര്യഗ്രഹണം ഏറ്റവും വ്യക്തതയോടെ ദൃശ്യമാകുന്ന കല്‍പ്പറ്റയിലാണ് സംസ്ഥാന തല പരിപാടികള്‍ നടക്കുന്നത്. ജില്ലയിലെ വിവിധ ബാലസംഘം യൂണിറ്റുകളില്‍ നിന്നും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 2000 കുട്ടികള്‍ക്കാണ് ഗ്രഹണം കാണാനുള്ള സൗകര്യമൊരുക്കുന്നത്.
സംസ്ഥാനത്താകെ 500 കേന്ദ്രങ്ങളിലായി മൂന്ന് ലക്ഷം കുട്ടികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഗ്രഹണത്തിന്റെ പേരിലുള്ള അന്ധവിശ്വാസങ്ങളെയും തെറ്റിദ്ധാരണകളേയും തുറന്നു കാണിക്കാനാണ് ഇത്തരം പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.ഡിസംബര്‍ 25 ന് ഏരിയാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സഹവാസ ക്യാമ്പുകളില്‍ സൂര്യോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഒത്തു ചേരും.
വാനനിരീക്ഷണം, ശാസ്ത്ര വിശദീകരണം, പാട്ടുകള്‍, കളികള്‍ എന്നിവ കുട്ടികള്‍ക്കായി ക്യാമ്പുകളില്‍ സംഘടിപ്പിക്കുന്നുണ്ട്. പൊഴുതന, വള്ളിയൂര്‍ക്കാവ്, നെല്ലിയമ്പം, അതിരാറ്റുകുന്ന്, മീനങ്ങാടി, ബീനാച്ചി എന്നിവിടങ്ങളിലും കല്‍പ്പറ്റ ഏരിയയിലെ പഞ്ചായത്ത് കേന്ദ്രങ്ങളിലുമാണ് സഹവാസ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.ഡിസംമ്പര്‍ 26 രാവിലെ ആറ് മണിക്ക് സഹവാസ ക്യാമ്പുകളില്‍ നിന്നും സൂര്യോത്സവ വേദിയിലേക്ക് കുട്ടികളുടെ യാത്രകള്‍ ഫ്ലാഗ് ഓഫ് ചെയ്യും. സൂര്യോത്സവ പരിപാടിയില്‍ ബാലസംഘം സംസ്ഥാന നേതാക്കളും പങ്കെടുക്കുന്നുണ്ട്.