Saturday, October 23, 2021 08:04 PM
Yesnews Logo
Home News

ആസ്സാം സാധാരണ നിലയിലേയ്ക്ക് ,വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ശാന്തിയിലേയ്ക്ക്

സ്വന്തം ലേഖകന്‍ . Dec 17, 2019
aasam-to-normal
News


പൗരത്വഭേദഗതി നിയമം യുദ്ധസമാനമാക്കിയ ആസ്സാമും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ശാന്തമായി തുടങ്ങി. നിയമത്തിനെതിരെ ചിലയിടങ്ങളില്‍ സമരം നടക്കുന്നുണ്ടെങ്കിലും ആക്രമാസക്തമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ആസ്സാമില്‍ ജനജീവിതം സാധാരണ നിലയിലേയ്ക്ക് മടങ്ങി തുടങ്ങി. ബ്രഹ്മപുത്ര താഴ്‌വരയിലെ ചില പ്രദേശങ്ങളില്‍ മാത്രം പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ ശാന്തമായി തുടങ്ങി. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ പുനസ്ഥാപിച്ചു തുടങ്ങി. പൊതു ഗതാഗതം പൂര്‍വസ്ഥിതിയിലായി കഴിഞ്ഞു. സ്‌കൂളുകള്‍ 22ന് തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങും.

കര്‍ഫ്യൂ പിന്‍വലിച്ചു കഴിഞ്ഞു. ആക്രമാസക്തമായ സമരങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എഐയുഡിഎഫ് നേതൃത്വം പൊടുന്നനെ ശാന്തരായി. എഐയുഡിഎഫിന്റെ സാമ്പത്തിക സ്രോതസ്സുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിടിമുറുക്കുകയാണെന്നാണ് സൂചന. ആസ്സാം വിദ്യാര്‍ത്ഥി സംഘടനകളും സമാധാനപരമായ പ്രതിഷേധങ്ങളിലേയ്ക്ക് തിരിച്ചു പോയി തുടങ്ങി. ബാരക് വാലിയിലും മലയോര ജില്ലകളിലും സ്ഥിതിഗതികള്‍ തീര്‍ത്തും സമാധാനപരമാണ്. പൗരത്വ ഭേദഗതി നിയമം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ തുനിഞ്ഞിറങ്ങിയ കക്ഷികള്‍ പതുക്കെ പിന്‍വലിയുകയാണ്. 

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും സമാധാനത്തിലേയ്ക്ക്

 

മേഘാലയ, മിസ്സോറാം, മണിപ്പൂര്‍, നാഗാലാന്‍ഡ്, ത്രിപുര, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും സാധാരണ ഗതിയിലേയ്ക്ക് നീങ്ങുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങള്‍ പ്രത്യേകം പരിഗണിക്കാമെന്ന അമിത്ഷായുടെ ഉറപ്പ് ഫലം കണ്ടു തുടങ്ങി. എന്‍ഡിഎ ഘടക കക്ഷികള്‍ ബിജെപിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. 

മുസ്ലിം ധ്രുവീകരണം, വിശാല ഹിന്ദു ധ്രുവീകരണത്തിനും വഴി തുറക്കുന്നു

പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും നടക്കുന്ന മുസ്ലിം ധ്രുവീകരണം  ഹിന്ദു മേഖലകളില്‍ വിശാല ഹിന്ദു ധ്രുവീകരണത്തിനും വഴിതുറന്ന് കഴിഞ്ഞു. മുസ്ലിങ്ങള്‍ കൂട്ടമായി തെരുവിലിറങ്ങുകയും പ്രകടനങ്ങള്‍ നയിക്കുന്നതും ഹൈന്ദവ സമുദായക്കാരില്‍ എതിര്‍ ധ്രുവീകരണം ഉണ്ടാക്കി കഴിഞ്ഞതായി സൂചനകളുണ്ട്. സമുദായ നേതൃത്വം പാലിക്കുന്ന മൗനം നിശബ്ദ ധ്രുവീകരണത്തിന്റെ സൂചനകളാണ്.

 നിയമത്തില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ദോഷകരമായി ബാധിക്കുന്ന ഒന്നും തന്നെ ഇല്ലാത്ത സാഹചര്യത്തില്‍ മുസ്ലിങ്ങള്‍ നടത്തുന്ന വൈകാരിക പ്രകടനങ്ങള്‍ വിഭജനത്തിന് മുമ്പുള്ള കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നാണ് ഉത്തരേന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ നിരീക്ഷണം. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട് ഒരു വിഷയം ഉയര്‍ന്നപ്പോള്‍ രാജ്യമെമ്പാടുമുള്ള മുസ്ലിങ്ങള്‍ കൂട്ടമായി തെരുവിലിറങ്ങിയത് എതിര്‍ധ്രുവീകരണത്തിന് വഴി തുറന്ന് കഴിഞ്ഞു. 

ഹിന്ദുക്കളില്‍ അതൃപ്തി ഉണ്ടാക്കുന്നത് ഭൂരിപക്ഷ മത ധ്രുവീകരണത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുകയാണെന്ന് വേണം കരുതാന്‍. ഏപ്രില്‍ മാസത്തോടെ അയോധ്യാ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഹിന്ദു സ്വത്വ ബോധവും പ്രകടനപരമാകുമെന്ന് അവര്‍ കരുതുന്നു. 

ജാമിയയും ഓഖ്‌ലയും :കലാപത്തിന് പിന്നില്‍ തീവ്രകക്ഷികള്‍ 

 

ജമാഅത്തെ ഇസ്ലാമിയും എഐഎംഎം ഉള്‍പ്പെടെയുള്ള തീവ്ര മുസ്ലിം സംഘടനകളാണ് ഉത്തരേന്ത്യയില്‍ കലാപ സമാനമായ സാഹചര്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. മുസ്ലിം സമുദായങ്ങളെ ഇന്ത്യയില്‍ നിന്നും ആട്ടിയോടിക്കുന്നുവെന്ന വ്യാപക പ്രചരണം ഈ സംഘടനകള്‍ നടത്തുകയാണെന്നാണ് മന്ത്രാലയം കണ്ടെത്തിയിട്ടുള്ളത്. ജാമിയ മിലിയ യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന ഓഖ്‌ല ജമാഅത്തിന്റെ കേന്ദ്ര ആസ്ഥാനമാണ്.

 

 യൂണിവേഴ്‌സിറ്റിയില്‍ നടന്ന അക്രമണങ്ങള്‍ക്ക് സൂത്രധാരത്വം വഹിച്ചത് ആംആദ്മി പാര്‍ട്ടിയുടെ പ്രദേശിക നേതാക്കളും, സ്ഥലം എംഎല്‍എയുമാണെന്നും ഡെല്‍ഹി പൊലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു. ഇന്ത്യ ഒട്ടാകെ ചര്‍ച്ച ചെയ്ത ബട്ട്‌ല ഹൗസ് ഏറ്റുമുട്ടല്‍ നടന്നത് ജാമിയക്കടുത്ത് ഓഖ്‌ലയില്‍ തന്നെയാണ്. വര്‍ഗീയ വികാരം ഇളക്കി വിടാന്‍ ഏറെ എളുപ്പമുള്ള ഡെല്‍ഹിയിലെ പ്രദേശങ്ങളിലാണ് അക്രമ സംഭവങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.


 

Write a comment
News Category