മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കാണാതായ ഏഴുപേരില്‍ ഒരാള്‍ പിടിയില്‍. രാഹുലിനെയാണ് തൃശൂരില്‍ നിന്ന് കണ്ടെത്തിയത്. ആറ് റിമാന്‍ഡ് പ്രതികളാണ് ഇനി പിടിയിലാകാനുള്ളത്. മജിസ്ട്രേറ്റിന്റെ ഉത്തരവു പ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നയാളാണ് രാഹുല്‍. ഏഴ് പേരും പലവഴിക്കാണ് പോയതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാഹുലിന് പുറമേ വിവിധ കേസുകളിലെ റിമാന്‍ഡ് പ്രതികളായ തന്‍സീര്‍, വിജയന്, നിഖില്‍, വിഷ്ണു കണ്ണന്, വിപിന്‍, ജിനീഷ് എന്നിവരാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാത്രിയാണ് ആറ് റിമാന്‍ഡ് പ്രതികളടക്കം ഏഴു പേര് ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കുന്നതിനായി സെല്ലില്‍ നിന്ന് പുറത്തിറക്കിയതായിരുന്നു ഏഴ് പേരെയും. ആദ്യം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്സുമാരെ മുറിയില്‍ പൂട്ടിയിട്ടു. ഈ സമയം പൊലീസുകാരനായ രജ്ഞിത്ത് ഇവരെ തടയാനെത്തി. ഉടന്‍ രജ്ഞിത്തിനെ മര്‍ദ്ദിച്ച് അവശനാക്കുകയും അദ്ദേഹത്തിന്റെ മൂന്ന് പവന്റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും കവരുകയും ചെയ്തു. പൊലീസുകാരന്റെ കയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്ന് സംഘം രക്ഷപ്പെടുകയായിരുന്നു.
റിമാന്‍ഡ് തടവുകാരായ പ്രതികളെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെതുടര്‍ന്നാണ് ആശുപത്രിയില്‍ പാര്‍പ്പിച്ചിരുന്നത്. ഭക്ഷണ സമയത്തു മാത്രമാണ് ഇവരെ സെല്ലില്‍നിന്നു പുറത്തിറക്കിയിരുന്നത്.