പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. രാജ്യമാകെ വലിയ പ്രതിഷേധങ്ങള്‍ക്കു വഴിയൊരുക്കിയ പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്തുള്ള അറുപതോളം ഹര്‍ജികള്‍ പരിഗണിച്ച ശേഷമായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനു നോട്ടിസ് അയക്കാന്‍ കോടതി തീരുമാനിച്ചു. ജനുവരി രണ്ടാം വാരം മറുപടി നല്‍കണം.
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, ജസ്റ്റിസുമാരായ ബി.ആര്.ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണു കേസുകള്‍ പരിഗണിച്ചത്. നിയമം റദ്ദാക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ പാര്‍ട്ടികള്‍ ചൊവ്വാഴ്ച രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സന്ദര്‍ശിച്ചിരുന്നു.
മിക്ക പ്രതിപക്ഷ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഹര്‍ജി നല്‍കിയിരുന്നു. മുസ്ലിം ലീഗ്, ഓള് അസം വിദ്യാര്‍ഥി യൂണിയന്, അസം ഗണപരിഷത്ത്, ഓള് അസം അഭിഭാഷക അസോസിയേഷന് തുടങ്ങിയവയുടെയും തൃണമൂല്‍ എംപി മൊഹുവ മൊയ്ത്രയുടെയും ഹര്‍ജികളാണു പട്ടികയിലുള്ളത്. കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ അധ്യക്ഷനായ കേരള മുസ്ലിം ജമാഅത്തും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.