വയനാട് ജില്ലയുടെ മാനവിക സൂചിക ഉയര്‍ത്തുന്നതിനായി വിവിധ വകുപ്പുകളുടെ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് കേന്ദ്ര പ്രഭാരി ഓഫീസര്‍ വി.പി.ജോയ് പറഞ്ഞു. കള്കട്രേറ്റ് എ.പി.ജെ ഹാളില്‍ നടന്ന പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സമിതികള്‍ക്ക് സര്‍ക്കാര്‍ നല്കിയ കാര്‍ഷിക ഉപകരണങ്ങള്‍ ഉപയോഗിക്കാതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവ തിരിച്ചെടുത്ത് ആവശ്യമുള്ളവര്‍ക്ക് കൊടുക്കണം.
കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍ കൃഷി വകുപ്പ് കൃത്യമായി നിരീക്ഷിക്കണം. അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ ഇവ എത്തി എന്ന് ഉറപ്പുവരുത്തുണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ വി.പി.ജോയി യോഗത്തില്‍ പറഞ്ഞു. ജില്ലയുടെ മാനവിക സൂചിക ഉയര്‍ത്തുന്നതില്‍ കര്‍ഷകരുടെ വളര്‍ച്ച പ്രധാന ഘടകമാണ്. കര്‍ഷിക മേഖലയിലെ വിവിധ പദ്ധതികളും പശ്ചാത്തല സംവിധാനങ്ങളും യോഗത്തില്‍ വിലയിരുത്തി.ജില്ലയില്‍ പ്രധാനമായും പിന്നാക്കം നില്ക്കുന്ന മേഖലകളെ വേര്‍തിരിച്ച് അവലോകനം ചെയ്തു.
ആരോഗ്യ-പോഷക മേഖലയില്‍ 69 ആണ് ആസ്പിരേഷണല്‍ ജില്ലയുടെ അടിസ്ഥാനത്തില്‍ വയനാടിന്റെ സ്കോര്‍. രാജ്യത്തിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന ജില്ലകളെ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ രൂപികരിച്ചതാണ് ആസ്പിരേഷല് ഡിസ്ട്രിക് പദ്ധതി.പിന്നോക്കം നില്ക്കുന്ന ജില്ലകളെ ഏതെല്ലാം മേഖലകളിലാണ് പുരോഗതി ആവശ്യമെന്ന് കണ്ടു പിടിച്ച് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ കൂട്ടായ മേല്‍നോട്ടത്തില്‍ വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്.രാജ്യത്താകമാനം 117 പിന്നോക്ക ജില്ലകളെയാണ് നീതി ആയോഗ് ആസ്പിരേഷന്‍ ഡിസ്ട്രിക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.കേരളത്തില്‍ നിന്നും വയനാട് ജില്ല മാത്രമാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.