Saturday, April 20, 2024 07:20 PM
Yesnews Logo
Home Books

സുരേന്ദ്ര മോഹൻ പാഠക്: അപസർപ്പക കഥകളുടെ മുടി ചൂടാമന്നൻ

Arjun Marthandan . Jan 23, 2020
surendra-mohan-pathak-book
Books


എഴുതുന്ന പുസ്തകങ്ങളുടെ എണ്ണം കൊണ്ട് നമ്മെ അതിശയിപ്പിക്കുന്ന എഴുത്തുകാരുണ്ട്. റൊമാൻസ് നോവലുകളുടെ രാജ്ഞിയും എക്കാലത്തെയും ഏറ്റവും വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താക്കളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നയാളുമായ ബാർബറ കാർട്ട്ലൻഡ് എഴുതിക്കൂട്ടിയത് 723 പുസ്തകങ്ങളാണ്.  റൊമാൻസ്  പോലെത്തന്നെ വായനാപ്രേമികൾക്ക് ഏറെ പ്രിയങ്കരമായ സാഹിത്യരൂപങ്ങളാണ് അപസർപ്പകകഥകളും ക്രൈമും.  ഈ മേഖലകളിൽ മുടിചൂടാമന്നനായി വാഴുന്നു ഏറ്റവുമധികം പുസ്തകങ്ങൾ എഴുതിയ ഇന്ത്യക്കാരനായ സുരേന്ദ്ര മോഹൻ പാഠക്. ഹിന്ദിയിലാണ് എഴുത്ത്. തർജ്ജമ്മകൾ മറ്റു ഭാഷകളിൽ ഒട്ടധികം ലഭ്യമല്ലാത്തതിനാൽ ഇന്ത്യയൊട്ടുക്കും ഇദ്ദേഹം അറിയപ്പെടുന്നു എന്ന് പറയാൻ വയ്യ. പക്ഷെ 300 ഓളം നോവലുകൾ രചിക്കുക എന്ന നേട്ടം തള്ളിക്കളയാവുന്നതല്ല തന്നെ.
പഞ്ചാബിലെ തൻതരൻ ജില്ലയിലെ ഖേംകരനിൽ 1940 ൽ ജനിച്ച പാഠക് ഒരു മുഴുനീള എഴുത്തുകാരനായിരുന്നില്ല. ഡൽഹിയിൽ ഇന്ത്യൻ ടെലിഫോൺസ് ഇൻഡസ്ട്രീസിൽ ആപ്പീസറായിരുന്നു അദ്ദേഹം. 1959 ൽ തന്റെ ആദ്യ കഥയായ 57 സാൽ പുരാനാ ആദ്മി ഹിന്ദി മാസികയായ മനോഹർ കഹാനിയാമിൽ പ്രസിദ്ധീകരിച്ചു. പിന്നെയും നാല് വർഷം കഴിഞ്ഞാണ് ആദ്യ നോവലായ പുരാനേ ഗുനഹ് നയേ ഗുനഹാർ പുറത്തു വന്നത്. സുനിൽ, വിമൽ, സുധീർ തുടങ്ങിയ കുറ്റാന്വേഷകരെ നായകരാക്കിക്കൊണ്ടുള്ള പാഠക്കിന്റെ നോവൽ പരമ്പരകൾ ജനപ്രിയമായി. ദി 65 ലാക്ക് ഹെയ്സ്റ്, ഡേലൈറ്റ് റോബറി എന്നിവ ഇംഗ്ലീഷിൽ ലഭ്യമായ കൃതികളിൽ എടുത്ത് പറയാവുന്നവയാണ്. ത്രില്ലറുകൾ എന്ന് വിളിക്കാവുന്ന  നിരവധി നോവലുകൾ രചിച്ച പാഠക്കിന് ജെയിംസ് ഹാഡ്ലി ചെയിസും ഇയാൻ ഫ്ളെമിങ്ങുമൊക്കെ ആരാധനാമൂർത്തികളാണെന്ന് കാണാൻ വായനക്കാർക്ക് പ്രയാസമില്ല. എന്നാൽ തന്റെ പുസ്തകങ്ങളെ പൾപ്പ് ഫിക്ഷൻ എന്ന് മുദ്ര കുത്തുന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ല, അവയ്ക്ക് സ്ഥായിയായ അസ്ഥിത്വമുണ്ട് എന്നു തന്നെ വിശ്വസിക്കാൻ പാഠക് ആഗ്രഹിക്കുന്നു. 

 


ധാരാളം ഗവേഷണം നടത്തി നോട്ട്ബുക്കുകൾ നിറയെ കുറിപ്പുകളുണ്ടാക്കി അദ്ധ്വാനിച്ചുള്ള എഴുത്താണ് പാഠക്കിന്റേത്. നോവലുകൾക്ക് പുറമെ ചെറുകഥാ സമാഹാരങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, നർമ്മം, സാമൂഹിക വിമർശനമെല്ലാം എഴുതിയ പുസ്തകങ്ങളുടെ പട്ടികയിലുണ്ട്. മുംബൈയിലെയും മറ്റും അധോലോകങ്ങൾക്ക് കമ്പനി എന്ന വിശേഷണം ആദ്യം നൽകിയത് പാഠക്കാണ്. കുപ്രസിദ്ധ തന്തൂർ കൊലക്കേസ് നടന്നപ്പോൾ അത് ഒരു പാഠക് നോവലിലെ കഥയുടെ യഥാർത്ഥ ജീവിത അനുകരണമായി. നോവലിന്റെ പേര് മവാലി. സമീർ ക ഖൈദി എന്ന പുസ്തകത്തിലെ വിവരണത്തെ അനുകരിച്ച് ഡൽഹിയിൽ നടന്ന ബാങ്ക് കൊള്ളയിൽ ചാവേർ എന്ന ഭീഷണി മുഴക്കി ഒരുവൻ 40 ലക്ഷം രൂപ കൊള്ളയടിച്ചു കൊണ്ടു പോകുകയുമുണ്ടായി. 
പഴയ കാല പോക്കറ്റ് ബുക്കുകൾ നാമാവശേഷമായതിൽ ദുഖിതനാണ് സുരേന്ദ്ര മോഹൻ പാഠക്. സാമ്പ്രദായിക ഫൗണ്ടൻ പെന കൊണ്ടെഴുതുന്ന അദ്ദേഹം, കമ്പ്യൂട്ടർ വരുമാന നികുതി ഫയൽ ചെയ്യാൻ മാത്രം ഉപയോഗിക്കേണ്ടതാണെന്ന് വിശ്വസിക്കുന്നു. വർഷത്തിൽ നാല് മാസമാണ് എഴുത്ത്.  13 ഉം 14 ഉം മണിക്കൂറുകൾ നീളുന്നു എഴുത്ത് ഷിഫ്റ്റുകൾ. അദ്ദേഹത്തിന്റെ ആത്മകഥയാണ് ന ബൈരി ന കോയി ബെഗാന. വർഷങ്ങൾ ഇത്രയായിട്ടും പാഠക്കിന് വായനക്കാർ കുറഞ്ഞിട്ടില്ല. പഴയ പുസ്തകങ്ങളുടെ പുതിയ പതിപ്പുകൾ ഇറങ്ങിക്കൊണ്ടിരിക്കുന്നു. ഒരു പതിപ്പിൽ 50000 കോപ്പികൾ അച്ചടിക്കാൻ പ്രസാധകർ തയ്യാറാകുന്നു. ഹിന്ദി സിനിമകളുടെ തിരക്കഥാ ക്രെഡിസ്റ്റിൽ അദ്ദേഹത്തിന്റെ പേര് കാണാൻ കഴിയില്ല. തന്റെ മടയായ ഡൽഹി വിട്ട് മുംബൈയ്ക്ക് പോകാൻ പാഠക് തയ്യാറാക്കാത്തതാണ് കാരണം. പക്ഷെ അദ്ദേഹത്തിന്റെ പല കഥാ സാഹചര്യങ്ങളും ഡയലോഗുകളും ഹിന്ദി ചലച്ചിത്രങ്ങളിൽ മോഷ്ടിച്ച് ഉപയോഗിച്ചിട്ടുണ്ട് എന്നത് ദുഃഖകരമായ സത്യം മാത്രം.  അടുത്ത മാസം 80 വയസ്സ് തികയുന്ന ഹിന്ദി സാഹിത്യത്തിലെ ഈ തൂലികാമാന്ത്രികൻ എഴുത്തിൽ പൂർണ്ണ വിരാമമിടാൻ ഇനിയും തയ്യാറായിട്ടില്ല. എഴുത്തിനോടുള്ള തന്റെ ആത്മാർത്ഥതയെ, സമർപ്പണത്തെ, തൊട്ട് ആണയിടുന്നു സുരേന്ദ്ര മോഹൻ പാഠക്.
 

Write a comment
News Category