മലബാറിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ വയനാട് പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിന്റെ തിരുനാൾ മഹോത്സവം ഫെബ്രുവരി രണ്ട് മുതൽ പതിനെട്ട് വരെ. പ്രധാന തിരുനാൾ പത്തിനും, പതിനൊന്നിനും .ഫെബ്രുവരി രണ്ടിന് ഫാ.ജെഫ്രിനോ അനുസ്മരണദിനാഘോഷത്തോടെയാണ് തിരുനാൾ ആഘോഷങ്ങൾ തുടങ്ങുന്നത്. വൈകുന്നേരം സമീപത്തുള്ള ഗ്രോട്ടോക്ക് സമീപത്തായി കൊടിയേറ്റവും റവ.ഫാ.ആൻസെലം പള്ളിത്താഴത്തിന്റെ നേതൃത്വത്തിൽ ജപമാലയും ,ദിവ്യബലിയും നൊവേനയും ഉണ്ടാകും.
പത്താം തീയതി രാവിലെ റവ.ഫാ.സെബാസ്റ്റ്യൻ കറുകപറമ്പിലിന്റെ നേതൃത്വത്തിൽ നട തുറക്കൽ, ദിവ്യബലി പള്ളിക്ക് മുൻപിലുള്ള കൊടിമരത്തിൽ കൊടിയേറ്റം എന്നിവയും കണ്ണുർ അതിരൂപതാ മെത്രാൻ മോസ്റ്റ് റവ.ഡോ.അലക്സ് വടക്കുംതലയുടെ നേതൃത്തത്തിൻ സമൂഹബലിയും, മഴവിൽ മനോരമ ടിം നയിക്കുന്ന മെഗാഷോയും ഉണ്ടാകും. ഫെബ്രുവരി പതിനൊന്നിന് മാതാവിന്റെ രൂപം വഹിച്ചുകൊണ്ടുള്ള രഥ പ്രദക്ഷിണവും മോസ്റ്റ് .റവ.ഫാദർ ഡോ.വർഗ്ഗീസ് ചക്കാലക്കൽ നയിക്കുന്ന സമൂഹബലിയും പാലാ കമ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന ജീവിതം മുതൽ ജീവിതം വരെ നാടകവും ഉണ്ടാകും.
ഫെബ്രുവരി പതിനെട്ട് ചൊവ്വാഴ്ചയാണ് തിരുനാളിന് സമാപ്തിയാകുന്നത്. വൈകുന്നേരം കണ്ണൂർ രൂപതാ വികാരി ജനറൽ വെരി.റവ.മോൺ. ക്ലാരൻസ് പാലിയത്ത് നേതൃത്വം നൽകുന്ന ജപമാല, ദിവ്യബലി, നൊവേന എന്നിവയും കൊടിയിറക്കൽ പ്രദക്ഷിണം നടയടക്കൽ എന്നിവയും നടക്കും.
പള്ളി സ്ഥാപിച്ചതിന് ശേഷമുള്ള 112ണ്ടാമത് തിരുനാളാണ് ഈ വർഷം ആഘോഷിക്കുന്നത്. മറ്റ് ക്യസ്ത്യൻ ആരാധാനാലയങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഹൈന്ദവ രീതികളോട് ചേർന്ന് നിൽക്കുന്ന ആചാരങ്ങളാണ് പള്ളിക്കുന്ന് പള്ളിയിൽ ഒരു നൂറ്റാണ്ടായി നില നിൽക്കുന്നത്. കുട്ടികൾക്കുള്ള ചോറു കൊടുക്കലും, ആന പുറത്ത് മാതാവിനെയും വഹിച്ചിട്ടുള്ള പ്രദക്ഷിണവും, നടതുറക്കലും, കൊടിയേറ്റവും പള്ളിക്കുള്ളിൽ കൊളുത്തുന്ന നിലവിളക്കും നേർച്ച ഭക്ഷണവും ഹൈന്ദവ രീതികളോട് ചേർന്ന് നിൽക്കുന്നതാണ്.ഇത് കൊണ്ട് തന്നെ കേരളത്തിന് പുറമേ സമീപ സ്റ്റേറ്റുകളിൽ നിന്നും ധാരാളം ഹിന്ദുക്കൾ പള്ളിയിലേക്ക് എത്താറുണ്ട്.
ചരിത്രം
1908 ൽ ഫ്രഞ്ച് മിഷണറിയായ റവ. ഫാദർ ആൽമെണ്ട് ഷാങ്ങ് മാരി ജെഫ്റിനോ എന്ന പുരോഹിതനാണ് പള്ളിക്കുന്ന് പള്ളി സ്ഥാപിക്കുന്നത്. പള്ളിയിലേക്കുള്ള കന്യാമറിയത്തിന്റെ ശിൽപ്പം ഫ്രാൻസിലെ പ്രസിദ്ധമായ ലൂർദിൽ നിന്നും കപ്പൽ വഴി എത്തിക്കുകയായിരുന്നു. ഇതു കൊണ്ട് തന്നെയാണ് പള്ളിക്കുന്നിലുള്ള കന്യാമറിയത്തെ ലൂർദ് മാതാവെന്ന് അറിയപ്പെടാൻ തുടങ്ങിയത്. അക്കാലത്ത് പള്ളിക്കുന്ന് പള്ളി പരിസരങ്ങൾ ആദിവാസി വിഭാഗത്തിൽ പെട്ട കുറിച്യ സമുദായങ്ങളായിരുന്നും ഏറിയ പങ്കും താമസിച്ചിരുന്നത്. മിഷണറി പ്രവർത്തനങ്ങളുടെ ഫലമായി വലിയൊരു വിഭാഗം കുറിച്യരും പരിവർത്തനപ്പെട്ടു കൃസ്ത്യൽ മതത്തിലേക്ക് വരികയായിരുന്നു. കൃസ്ത്യൻ മതത്തിലെത്തിയെങ്കിലും തങ്ങൾ പാരമ്പര്യമായി കൊണ്ടു നടന്ന ആചാരങ്ങൾ കൈവിടാൻ തയ്യാറാകാത്തതാകാം ഹൈന്ദവ രീതിയിലുള്ള ആചാരങ്ങളും പള്ളിയുടെ ഭാഗമായി തീർന്നത്.
ജില്ലയിലെ ഏറ്റവും വലിയ മത സൗഹാർദ ആഘോഷം കൂടിയാണ് പള്ളിക്കുന്ന് പെരുന്നാൾ. ജാതി മത ഭേദമില്ലാതെ എല്ലാവരും എത്തിചേരുന്ന സ്ഥലം കൂടിയാണ് പള്ളിക്കുന്ന് പള്ളി.