Sunday, May 05, 2024 12:03 AM
Yesnews Logo
Home District

ഫ്‌ലാറ്റുകള്‍ നിലംപൊത്തിയിട്ട് ഒരു മാസം; മരടില്‍നിന്നു മാറ്റിയത്  40 ശതമാനം അവശിഷ്ടങ്ങള്‍

News Desk . Feb 11, 2020
40-of-the-waste-is-removed-from-maradu
District

 തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ലാറ്റുകള്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന്  നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തിട്ട് ഒരു മാസം. നാലു ഫ്‌ലാറ്റുകളില്‍ നിന്നുംളള  40  ശതമാനം കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഇതിനകം നീക്കി.  മാര്‍ച്ച് ഒന്നിനകം ഫ്‌ലാറ്റുകളിലെ കമ്പി അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കും. 45 ദിവസത്തിനകം കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളുടെ വേര്‍തിരിക്കല്‍ പൂര്‍ത്തിയാക്കാനാണ് മരട് നഗരസഭ നിര്‍ദേശം നല്‍കിയത്. ഇത് പൂര്‍ത്തിയായാല്‍ 25 ദിവസത്തിനകം അവശിഷ്ടങ്ങള്‍ നീക്കണമെന്നാണ് നിര്‍ദേശം. നാലു ഫ്‌ലാറ്റുകളുടെയും കൂടി 76,350 ടണ്‍ അവശിഷ്ടമാണുള്ളത്. 30,540 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യം ഇതുവരെ നീക്കി.

       അതിനിടെ മാലിന്യനീക്കം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നടക്കുന്നതെന്ന വിമര്‍ശനവുമായി ദേശീയഹരിത ട്രിബ്യൂണല്‍ രംഗത്തെത്തിയിരുന്നു. നിര്‍ദേശിച്ച സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിക്കാതെ മാലിന്യനീക്കം നടത്തുന്നതിനെ സ്ഥലം സന്ദര്‍ശിച്ച ദേശീയ ഹരിത ട്രിബ്യൂണല്‍ സംസ്ഥാന നിരീക്ഷകസമിതി ചെയര്‍മാന്‍ ജസ്റ്റീസ് എ.വി. രാമകൃഷ്ണപിള്ളയാണ് രൂക്ഷമായി വിമര്‍ശിച്ചത്. ഫ്‌ലാറ്റുകള്‍  പൊളിച്ച്  ഒരു മാസം പിന്നിട്ടതോടെ പ്രദേശത്തെ പൊടിപടലങ്ങള്‍ ഒരുപരിധിവരെ അടങ്ങിതായാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കുന്ന വിശദീകരണം. ഇതോടെ ആല്‍ഫ സെറീന്‍ ഫ്‌ലാറ്റിന് സമീപത്തു നിന്നു താല്‍ക്കാലികമായി മാറി താമസിച്ച കുടുംബങ്ങള്‍ തിരികെ വീട്ടിലേക്ക് എത്തിത്തുടങ്ങി.  ഗോള്‍ഡന്‍ കായലോരത്തിന്റെ സമീപത്തെ അങ്കണവാടി പ്രവര്‍ത്തനം ആരംഭിച്ചു. സ്ഫോടനത്തിനു ശേഷം മൂന്ന് ആഴ്ചയോളം കഴിഞ്ഞാണ് വീണ്ടും ക്ലാസുകള്‍ ആരംഭിച്ചിട്ടുള്ളത്. അതേസമയം ആല്‍ഫ സെറീന്‍ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനിടെ വിള്ളലുകള്‍ വീണ വീടുകളുടെ അറ്റകുറ്റപ്പണികളുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. 
 കന്പി വേര്‍തിരിക്കല്‍ പുരോഗമിക്കുന്നു

 ഫ്‌ലാറ്റുകള്‍ പൊളിച്ചതിനെത്തുടര്‍ന്നുള്ള കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളില്‍ നിന്നു കമ്പികള്‍ വേര്‍തിരിക്കുന്ന ജോലികള്‍ നാലു ഫ്‌ലാറ്റുകളിലും പുരോഗമിക്കുകയാണ്. 40 ശതമാനം കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഇതിനോടകം നീക്കം ചെയ്തതായി മാലിന്യം നീക്കാന്‍ കരാറെടുത്ത പ്രോംപ്റ്റ് എന്റര്‍പ്രൈസസ് അധികൃതര്‍ പറഞ്ഞു. കമ്പികള്‍ വേര്‍തിരിക്കുന്ന ജോലികള്‍ തീരുന്നതനുസരിച്ചാണ് കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്.  ജാക്ക്ഹാമ്മര്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചാണ് കമ്പികള്‍ നീക്കം ചെയ്യുന്നത്. ആല്‍ഫ സെറീന്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ലാറ്റുകളില്‍ വലിയ വാഹനങ്ങള്‍ കടന്നു ചെല്ലാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഇവിടങ്ങളില്‍ നിന്നു  മിനി ടിപ്പര്‍ ലോറികളിലാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്. 

 ജെയിനില്‍ ആറ് ജാക്ക്ഹാമര്‍ എക്‌സ്‌കവേറ്ററുകള്‍ ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങള്‍ പൊട്ടിച്ച് കമ്പി വേര്‍പെടുത്തുന്നത്. ആല്‍ഫയില്‍ ആറും എച്ച്ടുഒവില്‍ അഞ്ചും ഗോള്‍ഡന്‍ കായലോരത്തില്‍ മൂന്നെണ്ണവും നിലവില്‍ ഉപയോഗിക്കുന്നു. ഇതിന് പുറമേ വലിയ കമ്പികള്‍ മുറിക്കുന്നതിനായി ഗ്യാസ് കട്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. കോണ്‍ക്രീറ്റ് കഷണങ്ങള്‍ ജാക്ക്ഹാമ്മര്‍ എസ്‌കവേറ്ററുകള്‍ ഉപയോഗിച്ച് പൊട്ടിച്ചതിനുശേഷമാണ് കമ്പികള്‍ വേര്‍തിരിച്ചെടുക്കുന്നത്.  കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ കൂടുതല്‍ പൊട്ടിക്കാതെ തന്നെ കമ്പി വേര്‍പ്പെടുത്താവുന്ന ബക്കറ്റ് എക്‌സ്‌കവേറ്ററുകള്‍ തുടര്‍ ദിവസങ്ങളില്‍ ഉപയോഗിക്കുമെന്ന് പ്രോംപ്റ്റ് അധികൃതര്‍ വ്യക്തമാക്കി.

Write a comment
News Category