Thursday, May 02, 2024 03:36 AM
Yesnews Logo
Home Health

നാലാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ മെയ്16 മുതല്‍

News Desk . Feb 24, 2020
fourth-global-ayurveda-festival
Health


ആയുര്‍വേദത്തിന്റെ ആഗോള വളര്‍ച്ചയും വികാസവും ലക്ഷ്യമിട്ട് നാലാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ (ജി എ എഫ് 2020). മെയ്16 മുതല്‍ 20 വരെ അങ്കമാലി അഡ് ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.അന്താരാഷ്ട്ര വ്യാപാര മേഖലയില്‍ നിലവിലുള്ള സാധ്യതകളും വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ നിന്ന് മേളയില്‍ പങ്കെടുക്കാനെത്തുന്ന വ്യാവസായിക -വാണിജ്യ - അക്കാദമിക - നയതന്ത്ര മേഖലാ പ്രതിനിധികളെയും കണക്കിലെടുത്താല്‍  മുന്‍ പതിപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും നാലാം പതിപ്പ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ) സംഘടിപ്പിക്കുന്ന പരിപാടി ആയുര്‍വേദത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും വലിയ തോതിലുള്ള സംഭാവനകള്‍ നല്‍കുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് പൊതുവെയും കേരളത്തില്‍ വിശേഷിച്ചും ഇത് ചലനങ്ങള്‍ സൃഷ്ടിക്കും. ഉത്പാദനം, കയറ്റുമതി, തൊഴിലവസരങ്ങള്‍ തുടങ്ങി സമസ്ത മേഖലയിലും നേട്ടങ്ങള്‍ പ്രതിഫലിക്കും.  

കേന്ദ്ര ആയുഷ്, വ്യവസായ-വാണിജ്യ, എം എസ് എം ഇ, ടൂറിസം, വിദേശകാര്യ മന്ത്രാലയങ്ങളുടെയും  സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിരവധി സംഘടനകള്‍ ഭാഗഭാക്കാകുമെന്ന് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ചെയര്‍മാനും കേന്ദ്ര വിദേശ-പാര്‍ലമെന്ററികാര്യ സഹമന്ത്രിയുമായ  വി. മുരളീധരന്‍  അറിയിച്ചു.ആയുര്‍വേദത്തിന്റെ ആഗോള വിപണി, ഗവേഷണം, മെഡിക്കല്‍ ടൂറിസം എന്നിവ മുന്‍നിര്‍ത്തിയുള്ള ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ കോണ്‍ക്ലേവ് ആണ് ആയുര്‍വേദ ഫെസ്റ്റിവലിന്റെ പ്രത്യേകത എന്ന് അദ്ദേഹം പറഞ്ഞു. 

കേന്ദ്ര സര്‍ക്കാറിന്റെ വിവിധ വകുപ്പുകളുടെയും സംസ്ഥാന സര്‍ക്കാറിന്റെയും സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ആഗോള ചികിത്സാ പദ്ധതി എന്ന നിലയില്‍ ആയുര്‍വേദത്തെ മുന്നോട്ടുവെയ്ക്കുന്ന പരിപാടി ലോകമെമ്പാടും ഈ ലക്ഷ്യത്തിലൂന്നി പ്രവര്‍ത്തിക്കുന്നവരുടെ സംഗമ വേദിയായി മാറും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കും. ആവശ്യങ്ങള്‍ മുന്നോട്ടു വെയ്ക്കും. പങ്കാളിത്ത സാധ്യതകള്‍ ചര്‍ച്ച ചെയ്യും. ഇന്റര്‍നാഷണല്‍ സെമിനാര്‍, ഗ്ലോബല്‍ ആയുര്‍വേദ എക്സിബിഷന്‍, ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ കോണ്‍ക്ലേവ് എന്നീ മൂന്ന് പരിപാടികളാണ് മേളയുടെ ഭാഗമായി അരങ്ങേറുന്നത്. നമ്മുടെ ആയുര്‍വേദത്തെ ആസിയാന്‍, ആഫ്രിക്കന്‍, യുറോപ്യന്‍ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ളവയുമായി കണ്ണിചേര്‍ക്കാനുള്ള ഗൗരവപൂര്‍ണമായ പരിശ്രമങ്ങള്‍ മേളയിലുണ്ടാവും. 

മേളയുടെ ഭാഗമായ ആയുര്‍വേദ എക്സിബിഷനില്‍ മെഡിക്കല്‍ ടൂറിസം, ഔഷധസസ്യങ്ങള്‍, ഗവേഷണം എന്നിവയില്‍ ഊന്നിയുള്ള മരുന്നുകളും സാങ്കേതികവിദ്യകളും ഉത്പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും.

Write a comment
News Category