Thursday, April 25, 2024 04:34 PM
Yesnews Logo
Home Books

പെൺകാമനകളുടെ ചെന്താമര വിരിയുമ്പോൾ

Biju Parameswaran . Mar 10, 2020
penkamanakalude-chhwnthamara-viriyumbol
Books


ഇപ്പോള്‍ ഇരുപത് വര്‍ഷങ്ങള്‍ തികയുന്ന ഈ സഹസ്രാബ്ദത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട തമിഴ് ഗാനം മിന്നലെ എന്ന ചിത്രത്തിലെ വസീഗരയാണ്.

പ്രിയതമാ

നിന്‍ മടിയില്‍

മയങ്ങാന്‍ എനിക്കിഷ്ടം

ആ നിമിഷമെന്‍ കണ്ണുകള്‍

എന്നെന്നേക്കുമായി അടയുകില്‍

മുന്‍ ജന്മങ്ങളിലെ ആഗ്രഹങ്ങള്‍

സഫലമാകുകയുമായി

എന്ന് തുടങ്ങുന്ന ലളിതവും ഇന്ദ്രിയഗോചരവുമായ വരികള്‍ ഒരു പെണ്‍ സൃഷ്ടിയാകുവാനേ കഴിയൂ. ആ കവയിത്രി മറ്റാരുമല്ല, 2001 ലെയാ വമ്പന്‍ ഹിറ്റിന്റെ കാലം മുതല്‍ക്ക് തന്നെ കോളിവുഡില്‍ അറിയപ്പെടുന്ന പേരായ കവിജ്ഞര്‍ താമരൈയാണ്.

താമരൈ 18 ഏപ്രില്‍ 1975 ല്‍ കോയമ്പത്തൂരില്‍ അധ്യാപകരായ മാതാപിതാക്കള്‍ക്ക് പിറന്നു. നഗരത്തിലെ ഗവണ്മെന്റ് കോളേജ് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് അഭ്യസിച്ചു. അതേത്തുടര്‍ന്ന് ഏഴു വര്‍ഷം പ്രഷര്‍ വെസ്സലുകളുണ്ടാക്കുന്ന കമ്പനിയിലെ ഫാബ്രിക്കേഷന്‍ വിഭാഗത്തില്‍ ക്വാളിറ്റി കണ്ട്രോള്‍ എഞ്ചിനീയറായി ജോലിയെടുത്തു. ഇതിനിടെ അവര്‍ ട്രിച്ചിയിലെ വെല്‍ഡിങ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ വനിതാ വിദ്യാര്‍ത്ഥിയുമായി. ഒഴിവു നേരങ്ങളില്‍ മുറി അടച്ചിട്ടിരുന്ന് കവിതകള്‍ എഴുതുകയും തിരുത്തിയെഴുതുകയും ചെയ്ത താമരൈ അവയെ സാഹിത്യ മത്സരങ്ങള്‍ക്ക് നല്‍കി. അവയ്ക്ക് സമ്മാനങ്ങളും ആ സമ്മാനങ്ങള്‍ സ്വീകരിക്കാനായി പലപ്പോഴും ചെന്നൈയില്‍ പോകാന്‍ അവസരവും ലഭിച്ചു. അവസരം പാഴാക്കാതെ താമരൈ സിനിമാക്കാരുടെ വാതിലുകളില്‍ മുട്ടി. അവരുടെ പ്രതിഭയെ വാക്കാല്‍ അഭിനന്ദിച്ചെങ്കിലും പടത്തില്‍ ഒരു ചാന്‍സ് നല്‍കാന്‍ ആരും തയ്യാറായില്ല. അപ്പോഴാണ് ചെന്നൈയില്‍ താമസമാക്കേണ്ട ആവശ്യം താമരൈക്ക് മനസ്സിലായത്. പക്ഷെ അത്തരമൊരു കൂടുമാറ്റം നടത്തുവാന്‍ പിന്നെയും സമയമെടുത്തു, '97 ആകുന്നത് വരെ. അതിനിടെ ദിനമലര്‍, കുമുദം തുടങ്ങി മാസികകളുടെയുള്‍പ്പെടെ സമ്മാനങ്ങള്‍ വാരിക്കൂട്ടിക്കൊണ്ടിരുന്നു.

അതേ വര്‍ഷം സീമന്‍ എന്ന സംവിധായകന്‍ ഇനിയവളെ എന്ന ചിത്രത്തിലൂടെ ആദ്യ ബ്രേക്ക് നല്‍കി. തെന്‍ട്രല്‍ എന്താന്‍ ആയിരുന്നു ആദ്യമെഴുതിയ ഗാനം. പിന്നീട് ഉന്നിടത്തില്‍ എന്നെ കൊടുത്താന്‍ എന്ന ചിത്രത്തില്‍ മല്ലിഗ പൂവേ എന്ന ഗാനവും തെനാലിയിലെ ഇഞ്ചിറങ്കോ ഇഞ്ചിറങ്കോ എന്ന ഗാനവും രചിച്ചു. പക്ഷെ താമരൈക്ക് വഴിത്തിരിവായത് പുതുമുഖ സംവിധായകന്‍ ഗൗതം മേനോനും (മറ്റൊരു മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരി) സംഗീത സംവിധായകന്‍ ഹാരിസ് ജയരാജുമായുള്ള കൂട്ടുകെട്ടാണ്. പടം മിന്നലെ. വര്‍ഷം 2001. പുരുഷ സാങ്കേതികവിദഗ്ദ്ധര്‍ നിറഞ്ഞ ഇന്‍ഡസ്ട്രിയിലെ ഈ പെണ്‍ പാട്ടെഴുത്തുകാരിയെ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. മേല്‍പ്പറഞ്ഞ മൂവര്‍ സഖ്യം വീണ്ടും ഒന്നിച്ച ചിത്രങ്ങളാണ് കക്ക കക്ക, വേട്ടയാട് വിളയാട്, പച്ചൈക്കിളി മുത്തുച്ചരം, വാരണം ആയിരം, യെന്നൈ അറിന്താല്‍ എന്നിവ. 2008 ലെ സുബ്രഹ്മണ്യപുരം എന്ന, 80 കളിലെ മധുര ചിത്രീകരിക്കുന്ന ചിത്രം വമ്പന്‍ ഹിറ്റ് ആയതിനു പിന്നില്‍ ജെയിംസ് വസന്തന്റെ ഈണത്തില്‍ താമരൈയുടെ കണ്‍കള്‍ ഇരണ്ടാല്‍ എന്ന വരികളുള്ള ഗാനത്തിന്റെ പങ്ക് ചെറുതല്ല.

ഇരു കണ്‍കളാല്‍ നീയെന്നെ

നിന്നിലേയ്ക്കടുപ്പിച്ചിട്ട്

ഒരു കുസൃതി പുഞ്ചിരിയില്‍

തള്ളി വിട്ടോടി മറഞ്ഞു

വസന്തന് വേണ്ടിയെഴുതിയ മറ്റൊരു ഗാനമാണ് നാണയം എന്ന പടത്തിലെ നാന്‍ പോഗിറേന്‍ എന്നത്. ഓസ്‌കാര്‍ വിജയത്തിന് ശേഷം ഏ. ആര്‍. റഹ്മാന്‍ ആദ്യമായി ചെയ്ത ചിത്രമായ വിണ്ണൈത്താണ്ടി വരുവായാ. വരികളേക്കാള്‍ സംഗീതം മുന്തി നില്‍ക്കുന്ന ഗാനങ്ങള്‍ പുതിയ ഒരു അനുഭവമായി.

തന്റെ കലയില്‍ ആഭാസപദപ്രയോഗങ്ങള്‍ക്ക് ഇടമുണ്ടാവില്ല എന്ന കാര്യത്തില്‍ ഇന്‍ഡസ്ട്രിയില്‍ കാലു കുത്തിയ നാള്‍ മുതല്‍ തന്നെ താമരൈക്ക് ഉറപ്പുണ്ടായിരുന്നു. ഇംഗ്ലീഷിന്റെയോ മറ്റു ഭാഷകളുടെയോ കലര്‍പ്പ് കൂടാതെ ശുദ്ധ തമിഴിലുള്ള എഴുത്തായിരുന്നു അത്. പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ ഭരദ്വജ് രംഗന് നല്‍കിയ ഒരു അഭിമുഖത്തില്‍ താമരൈ ഇതിന്റെ കാരണം വ്യക്തമാക്കുന്നു. സ്വന്തം ഭാഷയെപ്പറ്റി ചില തമിഴര്‍ക്കുള്ള അപകര്‍ഷതാബോധത്തെ അവര്‍ എതിര്‍ക്കുന്നു. അതിനാല്‍ ഇംഗ്ലീഷിന്റെ മേല്‍ക്കോയ്മയില്‍ നിന്ന് ഭാഷയെ മോചിപ്പിക്കണം എന്ന് തോന്നി. താമരൈക്ക് മുന്‍പ് ഇന്ത്യന്‍ വെള്ളിത്തിരയില്‍ അധികം പെണ്‍ ഗാനരചയിതാക്കള്‍ ഇല്ലായിരുന്നു എന്ന് വേണം പറയാന്‍. 1968 ല്‍ കുടിയിരുന്ത കോയില്‍ എന്ന പടത്തില്‍ കുങ്കുമ പൊട്ടിന്‍ മംഗളം എന്ന പാട്ടെഴുതിയ രോഷനാറാ ബീഗം, 70 കളില്‍ ഒരു മലയാള ചിത്രത്തിന് പാട്ടെഴുതിയ കവയിത്രി സുഗതകുമാരി, ഹിന്ദിയില്‍ 50 കളില്‍ രണ്ട് പടങ്ങള്‍ക്ക് ഗാനരചന നിര്‍വ്വഹിച്ച സരോജ് മോഹിനി നയ്യാര്‍ എന്നിവരെ ഓര്‍മ്മ വരുന്നു. ഒരു പക്ഷെ ഏറ്റവും അധികം ഗാനങ്ങള്‍ എഴുതിയ വനിത ഹിന്ദിയിലെ മായാ ഗോവിന്ദാണ്. പക്ഷെ താമരൈ തെന്നിന്ത്യയില്‍ ഒരു അദൃശ്യ ഭിത്തി തകര്‍ക്കുക തന്നെ ചെയ്തു. സ്ത്രീകള്‍ക്ക് ഗാനരചനയില്‍ വിജയിക്കാമെന്നും അത് തുടര്‍ച്ചയായി ചെയ്യാമെന്നും തെളിയിച്ചു.

വസീഗര പോലൊരു ഗാനം നമ്മുടെ ഭാഷകളിലെ ഏറെ ഗാനങ്ങള്‍ക്കൊന്നും സാധിക്കാത്തവിധം പെണ്‍ കാമനകളെ ആവിഷ്‌ക്കരിക്കുന്നു. പുരുഷന്മാര്‍ രചിച്ച പെണ്‍ കാഴ്ച്ചപ്പാടിലൂടെയുള്ള ഗാനങ്ങള്‍ എല്ലാം മോശം എന്നല്ല അര്‍ത്ഥമാക്കുന്നത്. സര്‍വ്വവ്യാപിയായ ആണ്‍നോട്ടത്തിന്റെ നിയന്ത്രണത്തില്‍ അമര്‍ന്നിരുന്ന ഒരു സമൂഹത്തില്‍, ഇന്‍ഡസ്ട്രിയില്‍, അത് സ്വാഗതാര്‍ഹമായ മാറ്റവുമായിരുന്നു. അതിമാനുഷ നായകന്റെ പൗരുഷത്തിനു മുന്നില്‍ പൂവ് പോലെ വാടുന്ന നാണംകുണുങ്ങികളെക്കുറി ച്ചല്ല താമരൈ പാടിയത്. അവരുടെ നായികാനായകന്മാര്‍ ആകര്‍ഷകത ഒട്ടും കുറയാത്ത ഗാനങ്ങളിലൂടെ യാഥാര്‍ഥ്യത്തിനോട് അടുത്ത് നില്‍ക്കുന്ന ഭാഷ സംസാരിച്ചു.

നിന്നെ കണ്ട നാള്‍ മുതല്‍

സത്യമോ മരീചികയോ

എന്ന് ഞാന്‍ ശങ്കിച്ചു

ഒരു തിരപോല്‍ നീ വന്നു

കടലായി മാറിയെന്നെ അടുപ്പിച്ചു

എന്ന് പോലീസ് ചിത്രമായ വേട്ടയാട് വിളയാടില്‍ അവര്‍ എഴുതി.

പുതിയ സഹസ്രാബ്ദത്തില്‍ സമൂഹത്തിലും അതിലൂടെ സിനിമയിലും പെണ്ണിനുള്ള പങ്ക് പുനര്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നു. പങ്കാളിയുടെ അധിക്ഷേപം മൗനിയായി സഹിക്കുന്ന ഭാര്യമാരുടെ കാലം പൊയ്പ്പോയി. താമരൈയുടെ വരികള്‍ ഈ മാറിയ സാഹചര്യത്തെ പ്രതിഫലിപ്പിച്ചു. സ്റ്റീരിയോടൈപ്പുകളെ തകര്‍ക്കാന്‍ ധൈര്യം കാട്ടിയ ചെറുപ്പക്കാരായ പുതു തലമുറയിലെ സംവിധായകരുടെ പിന്‍ബലം അവര്‍ക്ക് കരുത്തേകി. കണ്ണദാസന്‍, വാലി, വൈരമുത്തു തുടങ്ങിയവരുടെ കരുത്തുറ്റ പാരമ്പര്യം നിലനില്‍ക്കെ തന്നെ, താമരൈ പോലുള്ള പുതിയ ആള്‍ക്കാര്‍ക്ക് ശ്രദ്ധ പിടിച്ചു പറ്റാനായത് എഴുതിയ വാക്കുകളിലെ പുതുമയിലൂടെയത്രെ. ചെറുപ്പക്കാരും മുതിര്‍ന്നവരുമായ പ്രേക്ഷകരില്‍ ഈ പുതുപുത്തന്‍ ശബ്ദത്തിന് സ്വീകാര്യതയുണ്ടായി. നിരവധി അവാര്‍ഡുകള്‍ താമരൈയെത്തേടിയെത്തി. തമിഴ്നാട് സംസ്ഥാന അവാര്‍ഡ്, ഫിലിംഫെയര്‍ അവാര്‍ഡ്, വിജയ് അവാര്‍ഡ്, ആനന്ദവികടന്‍ അവാര്‍ഡ്, ITFA അവാര്‍ഡ്, മീര ഇസൈഅരുവി തമിഴ് മ്യൂസിക് അവാര്‍ഡ് എന്നിവ എടുത്തു പറയത്തക്കവയാണ്.

എഴുത്തുകാരനും ബുദ്ധിജീവിയുമായ തോഴര്‍ ത്യാഗുവുമായുള്ള താമരൈയുടെ അടുപ്പം വിവാഹത്തില്‍ കലാശിച്ചു. 15 വയസ്സ് മുതിര്‍ന്ന ത്യാഗു നക്‌സല്‍ പ്രവര്‍ത്തനത്തിന് 16 വര്‍ഷം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. തമിഴ് ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. രണ്ടു പേരുടെയും രണ്ടാംകെട്ട്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ത്യാഗു വീട് വിട്ടു പോയി. ഉപേക്ഷിക്കപ്പെട്ട താമരൈയും മകനും അദ്ദേഹത്തിന്റെ പാര്‍ട്ടി ആപ്പീസിന് മുന്നില്‍ പോയി ധര്‍ണയിരുന്നു, പ്രശ്‌നം വാര്‍ത്തയുമായി. അസ്വാരസ്യങ്ങളുടെ പേരില്‍ ആ ബന്ധം പിരിഞ്ഞുവെങ്കിലും പിന്നീട് താമരൈ ഇതിനെ സമൂഹത്തിലെ നായകരുടെ സ്വഭാവത്തിലെ കപടതയുടെ ഉദാഹരണമായി എടുത്തു കാട്ടുകയുണ്ടായി. തമിഴ് ഈഴത്തിനു വേണ്ടി നിലകൊള്ളുന്ന ശ്രീലങ്കന്‍ വിഷയത്തിലുള്ള ഐക്യമാണ് ഇരുവരെയും ബന്ധിപ്പിച്ച പ്രധാന ഘടകം. താമരൈയുടെ ഫേസ്ബുക്ക് പേജില്‍ നമ്മെ എതിരേല്‍ക്കുന്നത് രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ക്കഴിയുന്ന പേരറിവാളന്‍ മോചിപ്പിക്കാനുള്ള ആഹ്വാനമാണ്.

ഇന്‍ഡസ്ട്രിയില്‍ വന്ന ശേഷമുള്ള രണ്ടു ദശാബ്ദങ്ങളില്‍ താമരൈ തെളിയിച്ച കാര്യങ്ങളില്‍ ചിലത്:

ഒരു പെണ്ണിന് മികച്ച ഗാനരചയിതാവാകാന്‍ കഴിയും


എഴുത്തില്‍ അശ്ലീലം കുത്തി നിറയ്ക്കാതെ തന്നെ വിജയിക്കാന്‍ കഴിയും


തമിഴില്‍ അടിപൊളി പാട്ടുകള്‍ എഴുതാന്‍ ഇംഗ്ലീഷിന്റെ സഹായം വേണ്ട


ഇത്തരമൊരു സാംസ്‌കാരികാനുഭവത്തിന് വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു എന്ന് അവര്‍ പറയുന്നു. ഇത് മനസ്സിലാക്കാന്‍ കൂട്ടാക്കാത്ത സിനിമാക്കാര്‍ മോശമായ വരികള്‍ പടച്ചു വിട്ടു കൊണ്ടിരുന്നു. എന്നിട്ട് ഇതാണ് ജനത്തിന് ആവശ്യം എന്ന് സ്വയം തെറ്റിദ്ധരിപ്പിച്ചു. ഈ മിഥ്യാധാരണ താമരൈ തച്ചുടച്ചു. ഒരു യഥാര്‍ത്ഥ എഴുത്തുകാരിക്ക് സാമൂഹികപ്രതിബദ്ധതയുണ്ടാവണം എന്ന് വിശ്വസിക്കുന്ന അവര്‍ ഒരു കൂലിയെഴുത്തുകാരിയല്ല മറിച്ച് ജനകീയ കവയിത്രിയാണ്, തമിഴ് ദേശീയതയില്‍ മുറുകെപ്പിടിക്കുകയും ചെയ്യുന്നു.


പുരുഷാധിപത്യമുളള മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് മേഖലയിലെ പഠനവും ജോലിയും താമരൈയെ കോടമ്പാക്കം മാടമ്പിമാര്‍ക്കിടയില്‍ പിടിച്ചു നില്ക്കാന്‍ പര്യാപ്തയാക്കിയിട്ടുണ്ടാവാം. എന്നാല്‍ പാട്ടെഴുത്തിന്റെ വഴിയില്‍ ഈ നാല്‍പ്പത്തഞ്ചുകാരി ഒരിക്കലും ഏകതാനമായ ഒരു നിര്‍മ്മാണപ്രക്രിയയിലല്ല. ശുദ്ധമായ തമിഴിലുള്ള അവരുടെ കറകളഞ്ഞ വരികള്‍ നൈസര്‍ഗ്ഗികതയുടെ ഒരു ആഘോഷമത്രെ.

Write a comment
News Category