Thursday, May 02, 2024 03:27 AM
Yesnews Logo
Home News

സ്വര്ണക്കടത്തു കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്ന ആരോപണം തള്ളി ആലപ്പുഴയിലെ കിരൺ മാർഷൽ ;പള്ളിത്തോട്‌ വ്യവസായി തന്നെയെന്ന് ബെന്നി ബെഹനാൻ

സ്വന്തം ലേഖകന്‍ . Jul 21, 2020
kiran-marshal-swapana-suresh-denied-allegation
News

സ്വർണ്ണ കടത്തു കേസിലെ പ്രതികളായ  സ്വപ്‍ന സുരേഷിനെയും സന്ദീപ് നായരെയും  ബംഗളൂരുവിലേക്ക് രക്ഷപ്പെടാൻ സഹായിച്ചത് താനെന്ന മട്ടിലുള്ള വാർത്ത നിഷേധിച്ചു കിരൺ മാർഷൽ. ആലപ്പുഴയിലെ വ്യവസായിയുടെ പേര് ചേർത്ത് ഇന്നലെ  ബി.ജെ.പി നേതാവ് വി.വി.രാജേഷും ഇന്ന് കോൺഗ്രസ് നേതാവ് ബെന്നി ബഹനാനും രംഗത്തു വന്നിരുന്നു. സി.പി.എം നേതാക്കളുമായി ഉറ്റ ബന്ധമുള്ള വ്യവസായിയാണ് കിരൺ മാർഷൽ. മുഖ്യമന്ത്രിയുമായി വ്യക്തിപരമായും അടുപ്പമുണ്ട്.
കിരൺ മാര്ഷലിന്റെ വീട്ടിൽ  വെച്ചാണ് സ്വപ്‍ന സുരേഷ് ഓഡിയോ റെക്കോർഡ് ചെയ്തതെന്നും ഒളിച്ചു താമസിച്ചതെന്നുമുള്ള വാർത്ത വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു.

ഇതേ തുടർന്നാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തു വന്നത്. അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ  തുടർന്നാൽ നിയമനടപടികൾ കൈക്കൊള്ളുമെന്ന് കിരൺ മാർഷൽ വ്യക്തമാക്കി. തന്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും  കിരൺ ആവശ്യപ്പെട്ടു. 

കിരൺ മാര്ഷലിന്റെ വിശദീകരണം 

സ്വർണ്ണ കള്ളക്കടത്തു  കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കേരളം വിടാൻ സഹായിച്ചെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. .സ്വർണക്കടത്ത് കേസിലെ പ്രതികളുമായി പരിചയമില്ല. അവരെ സഹായിച്ചിട്ടുമില്ല. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനാണ് തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്നും കിരൺ പറഞ്ഞു.

പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ പിണറായി വിജയൻ ഉപയോഗിച്ചിരുന്ന കാർ വിൽപനയ്ക്ക് വച്ചപ്പോഴാണ് വാങ്ങിയത്. അദ്ദേഹത്തിന്റെ കാറിനോടുള്ള ഇഷ്ടം കൊണ്ടാണ് അങ്ങനെ ചെയ്തത്. താൻ പുതിയ കാര്‍ വാങ്ങിയപ്പോള്‍ ആ കാര്‍ വിറ്റെന്നും കിരൺ പറഞ്ഞു.
മുഖ്യമന്ത്രിയുമായി 18 വര്‍ഷമായി പരിചയമുണ്ട്. ഭരണ തലത്തിലുള്ള പലരുമായും ആത്മബന്ധമുണ്ട്. ഇടതുപക്ഷ കുടുംബമായതിനാൽ തെരഞ്ഞെടുപ്പ് കാലത്ത് നേതാക്കൾ വീട്ടില്‍ വരാറുണ്ട്. അതുകൊണ്ടാവും ഇത്തരത്തില്‍ ആരോപണം ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികളൊന്നും തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. രാഷ്ട്രീയ നേതാക്കള്‍ പേരെടുത്ത് പറഞ്ഞതിനാലാണ് പ്രതികരണവുമായി രംഗത്തെത്തിയതെന്നും ആലോചിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്നും കിരണ്‍ അറിയിച്ചു.

പള്ളിത്തോട്‌ സ്വദേശിക്കെതിരെ ആരോപണം ഉന്നയിച്ചു  ബെന്നി ബെഹനാൻ 

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ കേരളം വിടാന്‍ സഹായിച്ചത് സിപിഎമ്മിലെ ഉന്നതരുമായി ബന്ധമുള്ള പള്ളിത്തോട് സ്വദേശിയെന്ന് യുഡിഎഫ് കണ്‍വീനര്‍ ബന്നി ബഹ്നാൻ. ബാഗുകള്‍ കൈമാറിയത് ഒരു കിരണിന്‍റെ വീട്ടില്‍ വച്ചാണ്. സ്വർണക്കടത്തിൽ കിരണിൻ്റെ പങ്കാളിത്തത്തെ കുറിച്ച് അന്വേഷണം വേണം. കിരണും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ട്. കിരണിന്റെ വീട്ടില്‍ ആരൊക്കെ ആതിഥ്യം വഹിച്ചെന്ന് എൻഐഎ അന്വേഷിക്കണമെന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു.

Write a comment
News Category