Saturday, April 27, 2024 04:01 AM
Yesnews Logo
Home News

കാലവർഷക്കെടുതി; ഇടുക്കിയിൽ മണ്ണിടിഞ്ഞു വൻ ദുരന്തം,കേരളമെങ്ങും വെള്ളപ്പൊക്ക ഭീതിയിൽ

Special Correspondent . Aug 07, 2020
heavy-rain-rajmala--landslide--idukki--kerala
News

മൂന്നാം വെള്ളപ്പൊക്ക ഭീഷിണിയിൽ കേരളം. ഇടുക്കി, മലപ്പുറം വയനാട് ജില്ലകളിൽ സ്ഥിതിഗതി  രൂക്ഷമായി. ഇടുക്കിയിലെ മൂന്നാറിനടുത്തു രാജമലയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു.അഞ്ചു പേരുടെ മരണം  സ്ഥിരീകരിച്ചു.നിരവധി പേര് മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. രക്ഷ പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. ചുരുങ്ങിയത് 70 പേരെങ്കിലും മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നു രക്ഷാ പ്രവർത്തകർ പറഞ്ഞു.ഇത് പക്ഷെ സ്ഥിരീകരിച്ചിട്ടില്ല.
 
 രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് വൻ മണ്ണിടിച്ചിലുണ്ടായത്. പെട്ടിമുടി തോട്ടം മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുവെന്നാണ് സംശയിക്കുന്നത്. നാല് ലയങ്ങളിലായി 80 ഓളം പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും അടക്കമുള്ള സംഘം സ്ഥലത്തു എത്തി . അപകടത്തില്‍പ്പെട്ടവരെ കണ്ണൻ ദേവൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 കഴിഞ്ഞ വര്ഷം വയനാട്ടിലെ പുത്തു മലയിലുണ്ടായ ദുരന്തത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് രാജമലയിൽ മണ്ണിടിഞ്ഞു ദുരന്തം ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് കനത്ത മഴയെ തുടർന്ന് അപകടമുണ്ടായത്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. വൈദ്യുതി ഇല്ലാത്തതിനാല്‍ ബിഎസ്എൻഎൽ ടവർ പ്രവർത്തനം നിലച്ചതോടെ കൃത്യമായ വിവരം ഇവിടെ നിന്ന് ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ദേശീയ ദുരന്ത നിവാരണ സേന രക്ഷ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കും.

പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതിനാല്‍ ഇവിടേക്ക് എത്തിച്ചേരാനായിട്ടില്ല. കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകര്‍ന്നത്. പുതിയ പാലം നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ താല്‍ക്കാലിക പാലവും തകര്‍ന്നതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. അതിനാല്‍ തന്നെ വാഹനങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്.താൽക്കാലിക പാലം രാവിലെയോടെ ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. വാത്തവിനിമയ സൗകര്യങ്ങൾ കുറവായതു കൊണ്ട് രക്ഷ പ്രവർത്തനം ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടുപോകുന്നില്ല. 

വയനാട്ടിലും മലപ്പുറത്തും അതീവ ജാഗ്രത ;പലയിടത്തും ഉരുൾ  പൊട്ടൽ 

 

കഴിഞ്ഞ തവണ ഉരുൾ പൊട്ടി വലിയ ദുരന്തം ഉണ്ടായ വയനാട്ടിലും മലപ്പുറത്തും സ്ഥിതിഗതികൾ രൂക്ഷമാവുകയാണ് .നിറുത്താതെ പെയ്യുന്ന മഴയും ശക്തമായ കാറ്റും ജില്ലകളിൽ മറ്റൊരു ദുരന്തം ഉണ്ടാകുമെന്ന ആശങ്ക പരത്തിയിട്ടുണ്ട്. വയനാട്ടിലെ മുണ്ടക്കൈ ഭാഗത്തു രാവിലെയോടെ  ഉരുൾ പൊട്ടി. ഇതോടെ ചാലിയാർ പുഴ അപകട ഭീഷിണിയിലായി. ഇതിനകം വെള്ളപ്പൊക്ക ഭീഷിണിയിലായ നിലമ്പൂർ മേഖല ജാഗ്രതയിലാണ്. നിറുത്താതെ പെയ്യുന്ന മഴയെ തുടർന്ന് നിലമ്പൂരിന്റെ പല മേഖലകളിലും വെള്ളം കയറിയിരുന്നു.നിലമ്പൂർ ഗുഡല്ലൂർ റോഡിൽ വെള്ളം കയറി ഇറങ്ങി കൊണ്ടിരിക്കയാണ്.മുൻ എം.എൽ എ ആര്യാടൻ ഷൗക്കത്തിന്റെ  നേതൃത്വത്തിൽ വൻ രക്ഷാ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.വയനാട്ടിലെ മുത്തങ്ങയിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. കനത്ത  മഴ തുടർന്നാൽ ബാണാസുര അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.

എറണാകുളം, കണ്ണൂർ ഉൾപ്പെടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നുണ്ട്.

Write a comment
News Category