Friday, April 26, 2024 12:21 PM
Yesnews Logo
Home News

കാലവർഷം കടുത്തു ; പത്തനംതിട്ടയിലും കോട്ടയത്തും കനത്ത മഴ ,മൂന്നാം പ്രളയത്തോട് മല്ലിട്ട് കേരളം

Special Correspondent . Aug 09, 2020
kerala-thrid-flood-ranni-town-
News

കനത്ത  മഴയെത്തുടർന്ന് കേരളത്തിൽ പല ജില്ലകളും പ്രളയ ഭീഷിണിയിലായി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളിൽ വെള്ളം കയറി.ഗതാഗതവും സാധരണ ജീവിതവും താറുമാറായി. 
ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയർന്നു കൊണ്ടിരിക്കയാണ്.ജനങ്ങൾ ഭീതിയിലായിട്ടുണ്ട്.പത്തനംതിട്ടയിൽ സ്ഥിതിഗതി രൂക്ഷമായിട്ടുണ്ട്. റാന്നി നഗരത്തിൽ ഏതു സമയവും  വെള്ളം കയറിയേക്കാം.

 പത്തനംതിട്ട ശബരിഗിരി മേഖലയിൽ കനത്ത  മഴ തുടരുകയാണ്.പമ്പ  ഡാമിന്റെ ജലാശയത്തിലേക്ക് ശക്തമായ നീരൊഴുക്ക് ഉള്ളതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കി വിടുന്നതിന് മുമ്പായുള്ള രണ്ടാമത്തെ അലര്‍ട്ടായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്പാ നദീ തീരത്തു താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.

985 മീറ്റർ എത്തുമ്പോൾ ഷട്ടറുകൾ തുറക്കാനാണ് സെൻട്രൽ വാട്ടർ കമ്മീഷൻ നിർദേശിച്ചിട്ടുള്ളത്. എന്നാൽ 983 .5 മീറ്റർ എത്തുമ്പോൾ തുറക്കാൻ ദുരന്ത നിവാരണ അതോറിട്ടി തീരുമാനിക്കുകയായിരുന്നു. സെക്കൻഡിൽ 82 ക്യൂബിക് മീറ്റർ വെള്ളം പുറത്തേക്കു ഒഴുക്കും.അണക്കെട്ടിന്റെ 6 ഷട്ടറുകൾ 60 സെന്റിമീറ്റർ ഉയർത്തും.അഞ്ചു മണിക്കൂറിനുള്ളിൽ വെള്ളം റാന്നിയിൽ എത്തും. വൈകിട്ട് ഏഴുമണിയോടെ റാന്നി നഗരം വെള്ളത്തിനടിയിൽ ആയേക്കും.പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.

ആലപ്പുഴ ജില്ലയിലെ പമ്പാനദിയുടെ തീരപ്രദേശങ്ങൾ ആയ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, ചെറുതന, മാന്നാർ തിരുവൻവണ്ടൂർ , പാണ്ടനാട്, ചെന്നിത്തല, തൃപ്പെരുന്തുറ, വീയപുരം , കുമാരപുരം, കുട്ടനാട് നിവാസികളും പൊതുജനങ്ങളും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പുലർത്തണമെന്നും ആലപ്പുഴ ജില്ലാ കലക്ടർ നിർദേശം നൽകി.

പമ്പ നദിയുടെ കൈവഴികളിലെ തീരദേശവാസികളുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിൽ അടിയന്തരമായി തീരപ്രദേശങ്ങളിൽ ഉള്ള ജനങ്ങളെ ഒഴിപ്പിക്കാനും തഹസിൽദാർമാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ ആരംഭിക്കാനും ജില്ലാ കലക്ടർ നിർദേശം നൽകി.

കനത്ത മഴയെ തുടർന്ന് ആലപ്പുുഴ-ചങ്ങനാശ്ശേരി റോഡിൻറെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ കെ.എസ് . ആര്‍.ടി. സി ആലപ്പുഴ ഡിപ്പോയിൽ നിന്ന് എ സി റോഡ് വഴിയുള്ള സർവീസുകള്‍ ഭാഗികമായി നിർത്തി. നിലവിൽ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷൻ വരെ ബസ് സർവീസ് നടത്തുന്നുണ്ട്. ചെറിയ ദൂരത്തിലേക്ക് ഇപ്പോഴും സർവീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്ന് ആലപ്പുഴ ഡി.ററി.ഓ അറിയിച്ചു.

കാലാവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ വിവിധ താലൂക്കുകളിലായി ഇത് വരെ തുറന്നത് 24ക്യാമ്പുകൾ. കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ പമ്പാ - അച്ചൻകോവിൽ ആറു കളുടെ തീരത്തുള്ള ചെങ്ങന്നൂർ താലൂക്കിലാണ് ഏറ്റവും അധികം ക്യാമ്പുകൾ ഉള്ളത്. . ചെങ്ങന്നൂർ താലൂക്കിൽ 17 ക്യാമ്പുകളിലായി 149 കുടുംബത്തിലെ 573 ആളുകളെ പാർപ്പിച്ചിട്ടുണ്ട്. മാവേലിക്കര താലൂക്കിൽ 2 ക്യാമ്പുകളിലായി 13 കുടുംബങ്ങളിലെ 22 ആളുകളാണുള്ളത്. ചേർത്തല താലൂക്കിലെ ഒരു ക്യാമ്പിൽ 13 കുടുംബങ്ങളിലെ 36 ആളുകളാണുള്ളത്. കാർത്തികപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പിൽ 44 കുടുംബങ്ങളിലെ 142 ആളുകളെയാണ് പാർപ്പിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്കിൽ കാവാലത്തെ രണ്ടു ക്യാമ്പുകളിലായി 2 കുടുംബത്തിലെ 11 ആളുകളാണുള്ളത്. പുളിങ്കുന്നിൽ സെൻറ് ജോസഫ് ഹൈസ്കൂളിൽ ക്യാമ്പ് ആരംഭിച്ചു ഒരു കുടുംബത്തിലെ ഒരു വനിതയും രണ്ടു കുട്ടികളുമടക്കം മൂന്നു പേരാണ് ഇവിടെയുള്ളത്.

കോട്ടയം, പത്തനംതിട്ട കോഴിക്കോട് കണ്ണൂർ ജില്ലകളിൽ കാന്ത മഴ തുടരുകയാണ്.വയനാട്ടിൽ മഴ കുറവുണ്ട്. കോഴിക്കോടും മഴ കനത്തു.മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ അനുവാദമില്ല.

Write a comment
News Category