Friday, March 29, 2024 09:09 PM
Yesnews Logo
Home News

കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

Special Correspondent . Aug 12, 2020
kamala-haris-democratic-vice-president-candidate
News

അപ്രതീക്ഷിത നീക്കത്തിലൂടെ ഇന്ത്യൻ വംശജയായ കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കാൻ ഡെമോക്രറ്റിക് പാർട്ടി തീരുമാനിച്ചു .  ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് കമലയുടെ പേര് നിര്‍ദേശിച്ചത്. നിലവില്‍ കലിഫോര്‍ണിയയിലെ സെനറ്ററാണ് കമല ഹാരിസ്. അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മല്‍സരിക്കുന്ന ആദ്യ കറുത്ത വർഗക്കാരിയും  ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയുമാണ് കമല. അതേസമയം, കമലയുടെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.

രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞതിൽ തനിക്ക് അഭിമാനം. ഡെമോക്രാറ്റ് പക്ഷത്തെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡന്‍ കമലാ ഹാരിസിന്‍റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചതാണിത്. ഞങ്ങളൊരുമിച്ച് ട്രംപിനെ പരാജയപ്പെടുത്തുമെന്നും ബൈഡൻ പറഞ്ഞു. ബൈഡനുള്ള മറുപടിയായി കമല ട്വിറ്ററില്‍ കുറിച്ചത് രാജ്യത്തെ ജനങ്ങളെ ഏകോപിപ്പിക്കാന്‍ കഴിവുള്ള നേതാവാണ് ബൈഡന്‍ എന്നാണ്. കോവിഡില്‍ അടിപതറി നില്‍ക്കുന്ന ട്രംപിനും റിപ്പബ്ലിക്കന്‍ പക്ഷത്തിനും വലിയ വെല്ലുവിളിയാകും ബൈഡന്‍- കമല കൂട്ടുകെട്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. 78 കാരനായ ബൈഡന്‍ പ്രസിഡന്റ് ആയാലും 55 കാരിയായ കമല ഹാരിസ് വൈസ് പ്രസിഡന്റ് ആയാലും ചരിത്രമാകും.

2016ൽ കാലിഫോർണിയയിൽ നിന്നുള്ള ആദ്യ കറുത്തവർഗക്കാരിയായ സെനറ്ററായ കമല ഹാരിസ്, ഇനി അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മല്‍സരിക്കുന്ന കറുത്ത വർഗക്കാരിയായ ആദ്യ ഇന്ത്യൻ വംശജയാകും. ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ ബൈഡന്റെ ശക്തയായ വിമർശകയായിരുന്നു കമല ഹാരിസ് പിന്നീട് അദ്ദേഹത്തിന്റെ അനുയായിയായി മാറുകയായിരുന്നു. 55 കാരിയായ കമല ഹാരിസ് 

അമേരിക്കയുടെ ചരിത്രത്തിൽ തന്നെ പ്രസിഡൻഷ്യൽ ടിക്കറ്റിനായി മത്സരിക്കുന്ന നാലാമത്തെ വനിതയാണ്. സംവാദ വേദികളിലെല്ലാം ബൈഡനെക്കാൾ വളരെ ഊർജസ്വലമായ പ്രചാരണ ശൈലിയാണ് കമലയുടേത്. വ്യക്തിപരമായ ഐഡന്റിറ്റിയും കുടുംബ കഥയും കേൾവിക്കാർക്ക് പ്രചോദനമേകുന്നതാണ്. അഭിഭാഷക എന്ന നിലയിൽ തിളക്കമുള്ള കരിയറാണ് കമലയുടേത്.

കമല ഹാരിസിന്റെ മാതാവ് ശ്യാമള ഗോപാലന്‍ ഇന്ത്യക്കാരിയാണ്. തമിഴ്നാട്ടില്‍ ചെന്നൈയിലെ ബ്രാഹ്മണ കുടുംബത്തില്‍നിന്നുള്ള ശ്യാമള 1960കളില്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. പിതാവ് ഡൊണാള്‍ഡ് ഹാരിസ് ജമൈക്കന്‍ വംശജനാണ്. 2011 മുതൽ 2017 വരെ കാലിഫോർണിയയുടെ അറ്റോണി ജനറൽ സ്ഥാനം വഹിച്ചു. 2016 മുതൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കാലിഫോർണിയയെ പ്രതിനിധീകരിക്കുന്ന ജൂനിയർ സെനറ്ററാണ്.
 

Write a comment
News Category