Friday, April 26, 2024 07:05 AM
Yesnews Logo
Home Entertainment

പ്രസിദ്ധ ഗാനരചയിതാവ് ചുനക്കര രാമൻകുട്ടി അന്തരിച്ചു

News Desk . Aug 13, 2020
chunakkara-ramankutty-died
Entertainment

കവിയും നാടക, സിനിമാ ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു. 84 വയസായിരുന്നു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി പത്തേമുക്കാലോടെയായിരുന്നു അന്ത്യം. തിരുമല രേണുകാ നിവാസിലായിരുന്നു താമസം. വ്യവസായ വകുപ്പിൽ ജീവനക്കാരനായിരുന്നു. ചുനക്കര കാര്യാട്ടിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന്.

ഭാര്യ : പരേതയായ തങ്കമ്മ. മക്കൾ : രേണുക, രാധിക, രാഗിണി, മരുമക്കൾ : സി.അശോക് കുമാർ ( ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ ), പി.ടി.സജി ( മുംബൈ റെയിൽവേ ), കെ.എസ്. ശ്രീകുമാർ (സിഐഎഫ്ടി).

ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് ചുനക്കര രാമൻകുട്ടി പ്രശസ്തനായത്. വിവിധ നാടക സമിതികൾക്കായി നൂറുകണക്കിന് ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ചു. 1978ൽ ആശ്രമം എന്ന ചിത്രത്തിലെ 'അപ്സരകന്യക' എന്ന ഗാനം എഴുതിയാണ് ചുനക്കര സിനിമയിലേക്കു പ്രവേശിച്ചത്. പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങൾ ചുനക്കര മലയാളികൾക്ക് സമ്മാനിച്ചു.

75 സിനിമകളില്‍ ഇരൂന്നൂറിലേറെ പാട്ടുകള്‍ക്ക് വരികളെഴുതിയാണ് ചുനക്കര രാമന്‍കുട്ടി മലയാളി ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നത്. നാടക ഗാനങ്ങളില്‍ നിന്ന് തുടങ്ങിയ ചുനക്കര നിരവധി സൂപ്പര്‍ ഹിറ്റ് പാട്ടുകളില്‍ പങ്കാളിയായി. മലയാളി മനസില്‍ എന്നും പൂത്തുലഞ്ഞ് നില്‍ക്കുന്ന വരികള്‍. ദേവീ നിൻ രൂപം, സിന്ദൂരത്തിലകവുമായ്, ദേവദാരു പൂത്തു, ഹൃദയവനിയിലെ ഗായികയോ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ്. 1984ൽ വിവിധ സിനിമകൾക്കായി മുപ്പതിലേറെ പാട്ടുകളാണ് എഴുതിയത്.

Write a comment
News Category