Wednesday, May 08, 2024 08:36 PM
Yesnews Logo
Home News

അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ വേരുറപ്പിക്കാൻ അൽ ക്വയ്‌ദ ;ഇന്ത്യയെ ലക്ഷ്യമിട്ട് അൽ സവാഹിരി

ബിന്ദു മിൽട്ടൻ . Sep 21, 2020
alqaeda-in-kerala-active-indian--plan-al-sawahiri-nia
News

ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തി ക്ഷയിച്ചതോടെ ലോക ജിഹാദി സംഘടനകളുടെ നേതൃത്വം ഏറ്റെടുക്കാനുള്ള ശ്രമങ്ങളിലാണ് അൽ- ക്വയ്‌ദ നേതാക്കൾ. നിരോധിത സംഘടനയുടെ തലവൻ അൽ സവാഹിരി ഇതിനായി പ്രത്യേക നീക്കങ്ങൾ നടത്തി വരികയാണ്.വിവിധ രാജ്യങ്ങളിൽ ചിതറി കിടക്കുന്ന ജിഹാദി സംഘടനകളെ ഏകോപിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാണ്. അഫ്ഗാനിസ്ഥാനിൽ   താലിബാൻ നേതൃത്വവുമായി ഉറ്റ ബന്ധമുള്ള അൽ ക്വയ്‌ദ സോമാലിയ, സിറിയ, പശ്ചിമ ആഫ്രിക്ക സഹേൽ മേഖല, യമൻ,തുടങ്ങിയ പ്രദേശങ്ങളിൽ ഒക്കെ സ്വാധീനം നേടി കഴിഞ്ഞു.ഇന്ത്യൻ ഉപ  ഭൂഖണ്ഡത്തെ കീഴ്പെടുത്തണമെന്ന ആഗ്രഹം അൽ ക്വയ്‌ദ നേതാവ് വെളിപ്പെടുത്തി കഴിഞ്ഞു.ഇതിന്റെ  ഭാഗമായാണ് അൽ ക്വയ്‌ദയുടെ ഇന്ത്യൻ ബ്രാഞ്ച് അൽ സവാഹിരി 2014 ഇൽ പ്രഖ്യാപിച്ചത്. 

അൽ ക്വയ്‌ദ ഇൻ ഇന്ത്യൻ സബ് കോണ്ടിനെൻറ് അഥവാ എ ക്യു .ഐ.എം 
(AQIM
)

2014 സെപ്റ്റംബറിലാണ് ഇന്ത്യയെ കീഴടക്കനായി ഭീകര സംഘടനയായ അൽ ക്വയ്‌ദ അവരുടെ പ്രത്യേക ബ്രാഞ്ചിന് രൂപം കൊടുത്തത്.ഇന്ത്യൻ കേന്ദ്രീകൃതമാണെങ്കിലും സംഘടനയുടെ കേന്ദ്രം പാകിസ്ഥാനിലാണ്. ഏതാണ്ട് 12 ഓളം ഭീകര സംഘടനകളെ ഏകോപിപ്പിച്ചാണ് എ.ക്യു.ഐ.എമ്മിന് അൽ സവാഹിരി രൂപം നൽകിയത്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ളദേശ്, മ്യാന്മാർ അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകളെ കോർത്തിണക്കി ആയിരുന്നു   ഇന്ത്യൻ ബ്രാഞ്ചിന് അൽ  ക്വയ്‌ദ രൂപം നൽകിയത്.


ഇന്ത്യൻ മുജാഹുദീൻ , ലഷ്കർ ഇ- തൊയ്ബ,    ഹർക്കത്തുൽ മുജാഹിദീൻ     അഫ്ഗാൻ താലിബാൻ,തെഹ്രിക്- ഇ- താലിബാൻ ഹർക്കത്തുൽ ജിഹാദ് അൽ ഇസ്ലാമി (HUJI )തുടങ്ങി സൗത്ത് ഏഷ്യയിലെ ഏതെണ്ടെല്ലാ ഭീകര സംഘടനകളും അൽ ക്വയ്‌ദയുടെ ഇന്ത്യൻ ബ്രാഞ്ചിൽ ചേർന്ന് കഴിഞ്ഞു.പാക്കിസ്ഥാൻ കാരനായ ഉസ്മാൻ മഹ്മൂദിന് ബ്രാഞ്ചിന്റെ ചുമതല സവാഹിരി നൽകിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കാലത്തു തന്നെ ഇന്ത്യൻ ബ്രാഞ്ചിന് അൽ ക്വയ്‌ദ രൂപം കൊടുത്തിരുന്നുവെങ്കിലും അത് വളർത്തിയെടുക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയത് കഴിഞ്ഞ വര്ഷത്തോടെയാണ്. 

അയ്മൻ -അൽ- സവാഹിരിയും ഇന്ത്യയും 

ഇന്ത്യയെ കീഴടക്കിയാൽ സ്വർഗ്ഗത്തിൽ ശ്രേഷ്ടമായ സ്ഥാനം ലഭിക്കുമെന്ന് പ്രചരിപ്പിച്ചാണ് സവാഹിരി ഇന്ത്യൻ നീക്കങ്ങൾക്കു തുടക്കമിട്ടിരിക്കുന്നത്. ബംഗ്ളദേശ്, പാകിസ്‌ഥാൻ മ്യാന്മാർ തുടങ്ങിയ അതിർത്തി രാജ്യങ്ങളിൽ നിന്നുള്ളവരെ കൂടെ കൂട്ടിയാണ് അൽ ക്വയ്‌ദയുടെ പുതിയ നീക്കം. കാശ്മീരും കർണാടകയും കേരളവും കേന്ദ്രീകരിച്ചാണ് സംഘടന ഇപ്പോൾ സജീവമായിരിക്കുന്നതെന്നാണ് ഇന്റെലിജൻസ് ഉദ്യൊഗസ്ഥർ സ്ഥിരീകരിച്ചിട്ടുള്ളത്. ജാർഖണ്ഡിലും ബംഗാളിലും സജീവമായ കേഡർമാർ നിരോധിക്കപ്പെട്ട ഈ ഭീകര സംഘടനക്കുണ്ട്. ജാർഖണ്ഡിൽ ആയുധ പരിശീലനം നടത്തിയ ഭീകരന്മാരെ സേന തടവിലാക്കിയിട്ടുമുണ്ട്. കേരളത്തിലും കർണ്ണാടകയിലും സജീവമായ ബേസ് മൂവ്മെന്റിനു  അൽ ക്വയ്‌ദയുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

കേരളം-ബംഗാൾ -ആസ്സാം-കശ്മീർ സർക്യൂട്ട് 

അൽ ക്വയ്‌ദയുടെ ഇന്ത്യൻ ബ്രാഞ്ചിലേക്കു ഭീകരന്മാരെ റിക്രൂട്ട് ചെയ്യാനുള്ള നീക്കങ്ങൾ സജീവമായി നടക്കുകയാണെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ട്  നാളേറെയായി. കാശ്മീരിൽ ഭീകര പ്രവർത്തനം സജീവമാക്കാനും രാജ്യത്തിന് എതിരെ യുദ്ധം ചെയ്യാനും ഭീകരവാദികളെ റിക്രൂട്ട് ചെയ്യാൻ നടക്കുന്ന നീക്കങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ എൻ.ഐ.എ പൊളിച്ചത്. വൻ തോതിൽ ആയുധ സംഭരണവും ധന സമാഹരണവും ഭീകരർ ലക്ഷ്യമിട്ടിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ പോലെ കേരളത്തിലും അൽ ക്വയ്‌ദ ക്കു അനുഭാവികൾ ഏറെയുണ്ട്. ഒസാമ ബിൻ ലാദന് വീര പരിവേഷം കിട്ടിയ സംസ്ഥാനം സുരക്ഷിത താവളമായാണ് അൽ ക്വയ്‌ദ കാണുന്നതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണം. ബംഗാൾ, ബംഗ്ളദേശ്, അസം മേഖലകളിൽ നിന്ന് ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികൾ ജോലി ചെയ്യുന്നത് കൊണ്ട് ഇവർക്കിടയിൽ സുരക്ഷിതമായി ഒളിച്ചു കഴിയാൻ സാധിക്കുന്ന സാഹചര്യവുമുണ്ട്. ഇത് പരമാവധി മുതലെടുക്കാനും കൂടുതൽ പേരെ സംഘടനയിലേക്ക് ചേർക്കാനും സജീവമായ നീക്കങ്ങൾ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. കേരളത്തിൽ ബഫർ സോണുകളുണ്ടാക്കി സുരക്ഷിത കേന്ദ്രങ്ങൾ  സൃഷ്ടിക്കാനുള്ള നീക്കങ്ങൾ അൽ ക്വയ്‌ദയുടെ മുതിർന്ന നേതാക്കളുടെ നിർദേശ പ്രകാരമാണ്. 

തദ്ദേശീയർക്കു പോലും പ്രവേശനം  ലഭിക്കാത്ത വിധത്തിൽ കേരളത്തിൽ സുരക്ഷിത താവളങ്ങളാണ് അൽ ക്വയ്‌ദ ലക്ഷ്യമിടുന്നത്. മികച്ച റെയിൽവേ റോഡ് , വ്യോമ നെറ്റ്‌വർക്കുകൾ ഉള്ളത് കൊണ്ട് യാത്രകൾക്കും തടസ്സമില്ല. കാശ്മീരിലേക്കും അസം വഴി ബംഗ്ലാദേശിലേക്കും കടക്കാൻ അൽ ക്വയ്‌ദ ഭീകരർക്ക് എളുപ്പത്തിൽ സാധിയ്ക്കുകയൂം  ചെയ്യും.
 
പൗരത്വ ബില്ലിനെതിരെ നടന്ന സമരങ്ങൾക്കു ആഴ്ച്ചകൾക്കു മുൻപ് കേരളത്തിൽ നിന്ന് ആസാമിലേക്കു പോയ തീവണ്ടികളിൽ ബംഗ്ളദേശി സാന്നിധ്യം  ആസാം പോലീസ്സ് കണ്ടെത്തിയിരുന്നു. നൂറു കണക്കിന് പേര് ആസ്സാമിൽ നടന്ന സമരങ്ങൾക്കു തൊട്ടു മുൻപ് കേരളത്തിൽ നിന്നുള്ള തീവണ്ടികളിൽ ഗുവാഹത്തിയിൽ എത്തിയിരുന്നു. അസ്വാഭാവികമായ ഈ തിരക്ക് പിന്നീട് ഗുവാഹത്തിയിൽ നടന്ന സമരങ്ങളിൽ പ്രതിഫലിച്ചിരുന്നു. നിരവധി ബംഗ്ളദേശികൾ കേരളത്തിൽ നിന്ന് എത്തിയെന്നാണ് അന്ന് അസം പോലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. 

ഇതു പോലെ അന്തർ സംസ്ഥാന നീക്കം നടത്താൻ ഭീകര പ്രവർത്തകർക്കു സാധിക്കുന്ന തരത്തിൽ കേരളം-അസം-ബംഗാൾ-കശ്മീർ സർക്യൂട്ടാണ് രൂപപ്പെടുത്തികൊണ്ടിരുന്നത്. ഒസാമ ബിൽ ലാദന് ശേഷം തകർന്നെന്ന് കരുതിയ അൽ ക്വയ്‌ദയാണ് ഇപ്പോൾ സജീവമാകാൻ നീക്കം നടത്തുന്നത്. ലാദന് ശേഷം ഭീകര സംഘടനയുടെ തലപ്പത്തു എത്തിയ അൽ സവാഹിരി സമർത്ഥമായി വർഷങ്ങളായി സംഘടന കെട്ടിപൊക്കുകയിരുന്നു. അഫ്ഗാൻ താലിബാനുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന അൽ സവാഹിരി തദ്ദേശീയ തലത്തിൽ ഭീകര സംഘടനകളെ ശക്തിപ്പെടുത്താൻ ശ്രദ്ധിച്ചു. 


ഇസ്ലാമിക് സ്റ്റേറ്റിന്റെ തകർച്ചക്ക് ശേഷം ആ സംഘടനയിൽ  പ്രവർത്തിച്ചവരെയും അനുഭാവം  പ്രകടിപ്പിച്ചവരെയും അൽ ക്വയ്‌ദയുമായി അടുപ്പിക്കാനാണ് സവാഹിരിയുടെ ശ്രമം.ഇതിന്റെ ഭാഗമായാണ് കേരളത്തിലും അവരുടെ പ്രവർത്തനം സജീവമാക്കിയിട്ടുള്ളത്. 

Write a comment
News Category