Friday, April 26, 2024 04:41 PM
Yesnews Logo
Home Sports

ഐ.പി.എൽ :ചെന്നൈക്ക് വൻ ജയം

News Desk . Oct 05, 2020
ipl-chennai-defeated-punjab
Sports

ദുബായിൽ തുടരുന്ന  ഐപിഎൽ 13ാം സീസണിലെ 18ാം മത്സരത്തിൽ പഞ്ചാബിനെതിരെ ചെന്നൈക്ക് പത്ത് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മുന്നോട്ടുവെച്ച 179 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ വിക്കറ്റുകൾ ഒന്നും നഷ്ടപ്പെടാതെ 17.4 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഓപ്പണർമാരായ ഷെയ്ൻവാട്സന്റെയും ഫാഫ് ഡുപ്ലസിസിന്റെയും അർധ സെഞ്ചുറി മികവിൽ ചെന്നൈ 181 റൺസെടുത്തു. ഡുപ്ലസിസ് 53 പന്തിൽ 87 റൺസ് നേടി. 11 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെയാണ് ഈ സ്കോർ സ്വന്തമാക്കിയത്. വാട്സൻ 53 പന്തിൽ 11 ബൗണ്ടറികളും 3 സിക്സറുമടക്കം 83 റണ്‍സ് നേടി.

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ 179 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈയ്ക്ക് ആത്മവിശ്വാസം നിറഞ്ഞ തുടക്കം തന്നെ ഓപ്പണർമാരായ ഫാഫ് ഡുപ്ലസിസും ഷെയ്ൻ വാട്സനും നൽകി. ആദ്യമത്സരങ്ങളിൽ നിറം മങ്ങിയ വാട്സൻ ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു.

31 പന്തിൽ അർധ സെഞ്ചുറി നേടി. ഐപിഎല്ലിലെ 20ാം അർധ സെഞ്ചുറി പൂർത്തിയാക്കി. ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഡുപ്ലസിസ് ഇന്നും പതിവ് പ്രകടനം തുടർന്നു. ഡുപ്ലസിസ് 33 പന്തിൽ അർധ സെഞ്ചുറി നേടി. 15ാം ഐപിഎൽ അർധ സെഞ്ചുറിയായിരുന്നു ഡുപ്ലസിസിന്റേത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് ഭേദപ്പെട്ട തുടക്കം തന്നെ ലഭിച്ചു. ഓപ്പണർമാരായ നായകൻ കെ എൽ രാഹുലും മായങ്ക് അഗർവാളും ചേർന്ന് മികച്ച അടിത്തറ നൽകി. പഞ്ചാബ് സ്കോർ 66 നിൽക്കുമ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 19 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത മായങ്കിനെ പീയുഷ് ചൗള പുറത്താക്കി.

പിന്നാലെ എത്തിയ മന്‍ദീപ് സിങ്ങിന് കന്നി മത്സരത്തിൽ മികച്ച തുടക്കം തന്നെ ലഭിച്ചു. 16 പന്തില്‍ രണ്ടു സിക്‌സ് സഹിതം 27 റണ്‍സെടുത്ത താരത്തെ ജഡേജ പുറത്താക്കി. തുടർന്നെത്തിയ നിക്കോളാസ് പൂരൻ രാഹുലിനൊപ്പം ചേർന്ന് 50 റൺസ് കൂട്ടുകെട്ട് നൽകി. 17 പന്തിൽ 33 റൺസെടുത്ത പൂരനെ ജഡേജ പുറത്താക്കി.

പിന്നാലെ നായകൻ രാഹുലിൻറെ വിക്കറ്റും നഷ്ടമായി. 52 പന്തിൽ 63 റൺസെടുത്ത രാഹുലിനെ ശാർദൂൽ താക്കൂർ പുറത്താക്കി. ഈ മത്സരത്തോടെ കെഎൽ രാഹുൽ പഞ്ചാബിന് വേണ്ടി 1500 റൺസ് പൂർത്തിയാക്കി. താക്കൂറിന്റെ പന്തിൽ രാഹുലിനെ കൈയ്യിലൊതുക്കിയ ധോണി ഐപിഎല്ലിൽ 100 ക്യാച്ചുകൾ പൂർത്തിയാക്കുന്ന വിക്കറ്റ് കീപ്പറായി
ഗ്ലെന്‍ മാക്‌സ്‌വെല്‍ (11), സര്‍ഫറാസ് ഖാന്‍ (14) എന്നിവര്‍ പുറത്താകാതെ നിന്നു. ചെന്നൈക്കായി ഷാര്‍ദുല്‍ താക്കൂര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ, പീയുഷ് ചൗള എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
 

Write a comment
News Category