Thursday, April 25, 2024 01:24 PM
Yesnews Logo
Home News

ജോലിയ്ക്കു പോയതിനു അഫ്ഗാനിസ്ഥാനിൽ സ്ത്രീയുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു

Special Correspondent . Nov 10, 2020
afghanistan-woman-attacked--for-going-jobs
News


പോലീസ് ഡിപ്പാർട്മെന്റിൽ ഓഫീസറായി ജോലിയ്ക്കു ചേർന്നതിന്റെ പേരിൽ അഫ്‌ഗാനിസ്ഥാനിൽ ഗാസ്‌നി പ്രവിശ്യയിൽ സ്ത്രീയെ ആക്രമിച്ചു കണ്ണുകൾ ചൂഴ്ന്നെടുത്തു .  ഗസ്‌നി പോലിസിൽ ഓഫീസറായ ഖത്തീര എന്ന വനിതയ്ക്കാണ് ദാരുണ അനുഭവമുണ്ടായത്. അവർ ജോലിയിൽ പ്രവേശിച്ചിട്ടു മൂന്നു മാസമേ ആയിട്ടുള്ളു . ജോലി കഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങിയ  ഖത്തീരയെ ബൈക്കിൽ വന്ന സംഘം വെടിവച്ചു വീഴ്ത്തിയ ശേഷം കത്തി കൊണ്ട് കണ്ണുകൾ കുത്തി പൊട്ടിയ്ക്കുകയായിരുന്നു . ഖത്തീര ജോലിയ്ക്കു പോകുന്നതിനെ ശക്തമായി എതിർത്തിരുന്ന പിതാവിന്റെ പിന്തുണയോടെ താലിബാൻ ഭീകരർ  ആണ് തന്നെ അക്രമിച്ചതെന്നാണ് ഖത്തീര പറയുന്നത് . പ്രാദേശിക അധികൃതരും അത് ശരിവയ്ക്കുന്നു. ഖത്തീര ഗസ്നി പോലീസിൽ ക്രൈം  ബ്രാഞ്ചിൽ  ഓഫീസറായതും താലിബാനെ പ്രകോപിപ്പിച്ചിട്ടുണ്ടാകുമെന്നു പോലീസ് കരുതുന്നു  .

അഞ്ചു മക്കളുടെ മാതാവ് കൂടിയായ ഖത്തീര ഇപ്പോൾ ഒളിവിൽ കഴിയുകയാണ് . വീടിനു പുറത്തു മകൾ ജോലിയ്ക്കു പോകുന്നതിനോട് കടുത്ത എതിർപ്പുണ്ടായിരുന്നു  പിതാവ് തന്നെയാണ് താലിബാൻ ഭീകരർക്ക് തന്റെ ഐഡന്റിറ്റി കാർഡ് ഉൾപ്പെടെ നൽകിയതെന്നും ആക്രമണത്തിന് പിന്തുണ നൽകിയതെന്നും അവർ അവർത്തിക്കുന്നു . ഖത്തീരയുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട് .

സ്ത്രീകൾ ജോലിയ്ക്കായി പുറത്തിറങ്ങുന്നത് ഹറാമായിട്ടാണ് അഫ്ഘാനിസ്ഥാനിലെ യാഥാസ്ഥിതിക സമൂഹം കാണുന്നത്. താലിബാൻ ഭരണ കാലത്ത് ഉന്നവിദ്യാഭ്യാസവും ഉദ്യോഗവും ഉണ്ടായിരുന്ന സ്ത്രീകൾ വരെ വീട്ടിനകത്തേയ്ക് പിന്മാറേണ്ടി വന്നിരുന്നു. അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ   സേന പിന്മാറ്റം ഉറപ്പായ സാഹചര്യത്തിൽ അഫ്‌ഗാനിസ്ഥാനിൽ അക്രമങ്ങൾ വർധിച്ചിട്ടുണ്ട് . ഈയടുത്ത കാലത്തു തന്നെ നിരവധി ബോംബ് സ്‌ഫോടനങ്ങൾ ഉണ്ടായിട്ടുണ്ട് . കഴിഞ്ഞ ആഴ്ച കാബൂൾ സർവകലാശാലയിലുണ്ടായ  ചാവേർ ആക്രമണത്തിൽ നിരവധി വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു .

ദോഹയിൽ പുരോഗമിയ്ക്കുന്ന താലിബാൻ-അഫ്ഘാൻ സമാധാന ചർച്ചകളെയും അമേരിക്കൻ  സേന പിന്മാറ്റത്തെയും അഫ്ഘാനിസ്ഥാനിലെ സ്ത്രീ സമൂഹം ഭീതിയോടെയാണ് നോക്കികാണുന്നത് . സമാധാന ചർച്ചകളുടെ ഭാഗമായി താലിബാന് അധികാരം ലഭിയ്ക്കുന്ന സ്ഥിതി ഉണ്ടായാൽ വീണ്ടും തങ്ങളുടെ ജീവിതം ഇരുട്ടറകളിൽ അടയ്ക്കപ്പെടുമെന്നു അവർ കരുതുന്നു .

ഖത്തീരയുടെ  നേർക്കുണ്ടായ അക്രമം വീടിനു പുറത്തു ജോലിയ്ക്കു പോകുന്ന സ്ത്രീകൾക്ക് നേരെ അക്രമ സംഭവങ്ങൾ കൂടിവരുന്നതിന്റെ സൂചനയാണെന്ന് മനുഷ്യാവകാശ   പ്രവർത്തകർ പറയുന്നത് .

Write a comment
News Category