Thursday, April 25, 2024 06:39 AM
Yesnews Logo
Home News

ഉത്തേജന പാക്കേജ് വീണ്ടും;തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആത്മനിർഭർ റോസ്ഗാർ യോജന പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി

News Desk . Nov 12, 2020
finance-minister-announced--third-stimulus-package
News

രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജന പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഒക്ടോബർ ഒന്നുമുതലാണ് പദ്ധതിക്ക് പ്രാബല്യമുള്ളത്. സമ്പദ്ഘടനയ്ക്ക് കരുത്തേകാന്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. കോവിഡ് ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ സമ്പദ് ഘടന തിരിച്ചുവരവിന്റെ പാതയിലാണെന്നും സാമ്പത്തിക സൂചികകളെല്ലാം ഇതാണ് തെളിയിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ഇപിഎഫ്ഒ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ 15,000 രൂപയിൽ താഴെ മാസവേതനത്തിൽ പുതുതായി നിയമിക്കപ്പെടുന്നവർ, കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെടുകയും ഒക്ടോബർ 1മുതൽ പുതിയ ജോലിക്ക് കയറിയവർ എന്നിവർക്കെല്ലാം പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. രാജ്യത്തെ നികുതിദായകര്‍ക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ ഇതിനകം റീഫണ്ട് നല്‍കിയതായും മന്ത്രി പറഞ്ഞു. 39.7 ലക്ഷം പേര്‍ക്കാണ് തുക വിതരണംചെയ്തത്.

ഉത്സവ അഡ്വാന്‍സ് നല്‍കുന്നതിന്റെ ഭാഗമായി എസ്ബിഐ ഉത്സവ് കാര്‍ഡ് വിതരണംചെയ്തു. മൂലധന ചെലവുകള്‍ക്കായി 3621 കോടി രൂപ പലിശ രഹിതവായ്പ അനുവദിച്ചതായും മന്ത്രി വിശദീകരിച്ചു. ഒരുരാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 28 സംസ്ഥാനങ്ങളിലായി 68.8 കോടി പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഉത്പന്ന നിര്‍മാണ ആനുകൂല്യ പദ്ധതി(പിഎല്‍ഐ)യുടെ ഭാഗമായി രണ്ടു ലക്ഷം കോടി രൂപയുടെ ഇന്‍സെന്റീവാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. പത്തുമേഖലകളെക്കൂടി പദ്ധതിക്കുകീഴില്‍ കൊണ്ടുവരികയും അധികതുക അനുവദിക്കുകയുമാണ് ചെയ്തത്.

Write a comment
News Category