Wednesday, July 02, 2025 05:18 AM
Yesnews Logo
Home Sports

യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഇറ്റലിയും ബെൽജിയവും ജയിച്ചു

News Desk . Nov 16, 2020
belgium--italy-won-uefa-soccer
Sports

യുവേഫ നേഷൻസ് ലീഗ് എ വിഭാഗത്തിൽ ഇംഗ്ലണ്ടിന് തോൽവി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബെൽജിയമാണ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. ബെൽജിയത്തിനുവേണ്ടി യൂറി ടെൽമാൻസ്, ഡ്രൈസ് മാർട്ടെൻസ് എന്നിവരാണ് ഗോളുകൾ നേടിയത്. ഈ തോൽവിയോടെ എ വിഭാഗത്തിലെ ഗ്രൂപ്പ് രണ്ടിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തായി. ബെൽജിയം ഒന്നാമതാണ്. ഇംഗ്ലണ്ടിന്‍റെ ഫൈനൽ പ്രതീക്ഷകൾ ഇതോടെ ഏറെക്കുറെ അസ്തമിച്ചു.

അതേസമയം മറ്റൊരു മത്സരത്തിൽ ഇറ്റലി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പോളണ്ടിനെ തോൽപ്പിച്ചു. പെനാൽറ്റിയിലൂടെ ജോർജിനോയും ഡോമനികോ ബെറാർഡിയുമാണ് ഇറ്റലിയുടെ ഗോളുകൾ നേടിയത്. ഈ ജയത്തോടെ എ വിഭാഗത്തിൽ ഗ്രൂപ്പ് ഒന്നിൽ ഇറ്റലി ഒന്നാമതാണ്. അഞ്ചു കളികളിൽ 9 പോയിന്‍റാണ് ഇറ്റലിക്കുള്ളത്. അവസാന മത്സരത്തിൽ ജയിച്ചാൽ ഇറ്റലിക്ക് പ്ലേഓഫിലെത്താം. ലോകകപ്പ് യോഗ്യത നേടാതെ പുറത്തായി രണ്ടുവർഷത്തിനുള്ളിൽ ലോക ഫുട്ബോളിലേക്കുള്ള ഇറ്റലിയുടെ ഗംഭീര തിരിച്ചുവരവായാണ് യുവേഫ നേഷൻസ് ലീഗിനെ ആരാധകർ കാണുന്നത്.

ഗ്രൂപ്പ് ഒന്നിലെ മറ്റൊരു മത്സരത്തിൽ ഹോളണ്ട് ബോസ്നിയയെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിടുന്നു ഹോളണ്ടിന്‍റെ ജയം. ഹോളണ്ടിനുവേണ്ടി ജോർജിനോ വിനാൽഡം രണ്ടു ഗോളുകളും മെംഫിസ് ഡിപേ ഒരു ഗോളും നേടി. സ്മെയ്ൽ പ്രെവിജാക്കിന്‍റെ വകയായിരുന്നു ബോസ്നിയയുടെ മറുപടി ഗോൾ. ഈ ജയത്തോടെ ഹോളണ്ട് ഗ്രൂപ്പ് ഒന്നിൽ ഇറ്റലിക്ക് പിന്നിൽ രണ്ടാമതാണ്.

യുവേഫ നേഷൻസ് ലീഗിൽ എ വിഭാഗത്തിൽ നാല് ഗ്രൂപ്പുകളാണുള്ളത്. ഇതിൽ ഒന്നാം ഗ്രൂപ്പിൽ ഇറ്റലിയും രണ്ടാം ഗ്രൂപ്പിൽ ബെൽജിയവും മൂന്നാം ഗ്രൂപ്പിൽ ഫ്രാൻസും നാലാം ഗ്രൂപ്പിൽ ജർമ്മനിയും മുന്നിട്ടുനിൽക്കുന്നത്. ഗ്രൂപ്പ് നാലിൽ ജർമ്മനിക്കു പിന്നിൽ സ്പെയിൻ രണ്ടാമതാണ്. ഇവർ തമ്മിലുള്ള പോരാട്ടമാണ് ഇനി ഗ്രൂപ്പ് ജേതാക്കളെ നിർണയിക്കുക.
 

Write a comment
News Category