Friday, April 26, 2024 07:57 AM
Yesnews Logo
Home News

വയനാട്ടിലെ ക്വാറി ദുരന്തം ക്ഷണിച്ചു വരുത്തിയത്; പാരിസ്ഥിക ദുർബല പ്രദേശത്തു ക്വാറി നടത്തുന്നത് നിയമങ്ങൾ കാറ്റിൽ പറത്തി

Arjun Marthandan . Dec 12, 2020
granite-quarry-mishap-one-killed-in-wayanad-vaduvanchal--illegal-quarry
News

വയനാട്ടിലെ മേപ്പാടിയ്കടുത്ത്  വടുവഞ്ചാലിൽ  കഴിഞ്ഞ ദിവസം ഉണ്ടായ ക്വാറി അപകടം ക്ഷണിച്ചു വരുത്തിയതെന്നു പാരിസ്ഥിക പ്രവർത്തകർ. ജില്ലയിലെ അതീവ ദുർബല പ്രദേശത്തു ക്വാറി നടത്താൻ പിന്നാമ്പുറങ്ങളിലൂടെ നടത്തിയ നീക്കങ്ങളാണ് കഴിഞ്ഞ ദിവസം വിലപ്പെട്ട ഒരു ജീവൻ നഷ്ടമായതിൽ അവസാനിച്ചത്. ദുർബലപ്രദേശത്തു ക്വാറിക്ക്  അനുമതി കൊടുത്ത  ജിയോളജി വകുപ്പും പാരിസ്ഥിക വിഷയങ്ങൾ മറച്ചു പിടിച്ച പൊല്യൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥരും തോട്ടഭൂമിയിൽ ക്വാറിക്ക്  അനുമതി കൊടുത്ത റവന്യൂ  വകുപ്പ് ഉദ്യോഗസ്ഥരും വയനാട്ടിലെ തോട്ട ഭൂമികളിൽ അനധികൃത ക്വാറികൾ നടത്തുന്ന മാഫിയയ്ക്കൾക്കും ദുരന്തത്തിൽ  നേരിട്ട് പങ്കുണ്ട്. ഇവർക്കെതിരെ നരഹത്യക്ക് കേസടുക്കണമെന്നു ആവശ്യം ഉയർന്നു കഴിഞ്ഞു. വയനാട്ടിലെ  തോട്ട ഭൂമികളിൽ അനധികൃത ക്വാറികൾ നടത്തുന്നവർ തന്നെയാണ് വടുവഞ്ചാലിലും സജീവമായിട്ടുള്ളത്. 

കീഴ്ക്കാം  തൂക്കായ മലഞ്ചെരുവിൽ  മണ്ണെടുക്കുന്നതു അത്യാപകടമാണെന്നറിഞ്ഞിട്ടും ലാഭക്കൊതികൊണ്ടാണ്    ക്വാറി മാഫിയ ഇവിടെ പ്രവർത്തനം തുടങ്ങിയത്.കഴിഞ്ഞ വര്ഷം കേരളത്തെ ദുരന്തമുണ്ടായ പുത്ത് മലയ്ക്ക്  സമീപം വടുവഞ്ചാലിനടുത്താണ് ക്വാറി   ദുരന്തമുണ്ടായത്.ഇവിടങ്ങളിലെ കീഴ്ക്കാം തൂക്കായ ചെരുവുകളിലെ മണ്ണ് ദുർബലവും എളുപ്പത്തിൽ ഇളകുന്നതുമാണ്. മണ്ണിടിച്ചിലിനുസാധ്യത  കൂടുതലുള്ള തോട്ട ഭൂമിയിലാണ് ക്വാറി  പ്രവർത്തിക്കുന്നത്.   അതും കെ.എൽ.ആർ ചട്ടങ്ങൾ ലംഘിച്ചാണ് ക്വാറിയുടെ പ്രവർത്തനം നടക്കുന്നത്. 
 
രണ്ടു തവണ മൂപ്പനാട് പഞ്ചായത്തു സ്റ്റോപ്പ് മെമ്മോ കൊടുത്ത ക്വാറി ഹൈക്കോടതിയിൽ പോയി നിയമ  പഴുതിലൂടെ അനുമതി വാങ്ങിയാണ് ഇപ്പോൾ പ്രവർത്തനം തുടങ്ങിയത്.ആവശ്യമായ രേഖകൾ പഞ്ചായത്തും മറ്റും സമീപിക്കാത്ത സാഹചര്യത്തിലാണ് ക്വാറിക്ക് പ്രവർത്തനാനുമതി ലഭിക്കുന്നത് തന്നെ. 

മേപ്പടിയിലെ അതീവ പാരിസ്ഥിക പ്രദേശമായ റിപ്പൺ കടചിക്കുന്നിൽ പ്രവർത്തിച്ചിരുന്ന ക്വാറിയിലാണ്  പാറ  വീണു ടിപ്പർ ഡ്രൈവർ മരിച്ചത്. 
ചെങ്കുത്തായ പാറക്കെട്ടുകൾ ഇളക്കുന്നതിനിടയിൽ കൂറ്റൻ പാറ ടിപ്പറിന് മുകളിലേക്ക് വീഴുകയായിരുന്നു. പാറയ്ക്കടിയിൽ  ഞെരുങ്ങി അമർന്നു  ഡ്രൈവർ മാനന്തവാടി സ്വദേശി തൈത്തറ സിൽവസ്റ്റർ മരിച്ചു ..മണിക്കൂറുകൾ നീണ്ട    പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറുടെ  മൃതദേഹം കണ്ടെടുത്തത്.വായനട്ടുകാരെ ഭയപ്പെടുത്തുന്ന തരത്തിലുള്ള മണ്ണിടിച്ചിലാണ് ക്വാറിയിൽ  നടന്നിരിക്കുന്നത്. 

 

ദുരന്തമുണ്ടായത് അനധികൃതമായ ക്വാറിയിൽ ?

അനധികൃതമായി നടത്തുന്ന ക്വാറിയിലാണ് ദുരന്തം നടന്നതെന്നാണ്  പരിസ്ഥിതി  പ്രവർത്തകർ വെളിപ്പെടുത്തുന്നത്. കേരള ഭൂ പരിഷ്കരണ നിയമ പ്രകാരം  ഒഴിവു കിട്ടിയ തോട്ടഭൂമിയിൽ  ക്വാറികൾ നടത്തുന്നത് നിയമവിരുദ്ധമാണ് .സുപ്രീം  കോടതിയും തോട്ട ഭൂമിയിൽ ക്വാറി നടത്തുന്നത് നിരോധിച്ചിട്ടുണ്ട്.എന്നാൽ വളഞ്ഞ വഴികളിലൂടെ  ക്വാറി  മാഫിയ ക്വാറി പ്രവർത്തനങ്ങൾക്കു പ്രവർത്തനാനുമതി വാങ്ങുകയാണ് പതിവ്.   ഇങ്ങനെ തേടുന്ന അനുമതി പത്രങ്ങൾ പഞ്ചായത്തിന് ലൈസൻസിനായി   സമർപ്പിക്കും.പഞ്ചായത്തു അധികൃതർ ഈ അപേക്ഷയിൽ  തീരുമാനമെടുക്കാതെ വൈകിപ്പിക്കും.ഇത്  മുൻകൂട്ടി തീരുമാനിച്ച ധാരണ  പ്രകാരമായിരിക്കും. മുപ്പതു ദിവസത്തിനുള്ളിൽ പഞ്ചായത്തു അനുമതി കൊടുത്തില്ലെങ്കിൽ ക്വാറി ഉടമകൾക്കു ഹൈക്കോടതിയെ സമീപിക്കാം.

അവിടെ നിന്ന് ഡീംഡ് ലൈസൻസ് വാങ്ങി പ്രവർത്തനം തുടങ്ങുന്ന കള്ളക്കളികളാണ് വയനാട്ടിൽ കാലങ്ങളായി ക്വാറി മാഫിയ നടത്തുന്നത്.ഡീംഡ് ലൈസൻസ് അന്തിമാനുമതി അല്ലെങ്കിലും  പഞ്ചായത്തു അധുകൃതർ ക്വാറി ഉടമകൾക്ക്  അനുകൂലമായി സമീപനം എടുക്കാറാണ്  പതിവ്.ഡീംഡ് ലൈസൻസിനെതിരെ  ഹൈക്കോടതിയിൽ ഒരു പഞ്ചായത്തും എതിർ വാദങ്ങൾ സമർപ്പിക്കാറില്ല.എതിർ വാദങ്ങളുടെ അഭാവത്തിൽ ഡീംഡ്   ലൈസൻസ്  പെർമെനന്റ് ലൈസൻസായി അനുമതി മാറ്റവും ലഭിക്കും. ഈ തട്ടിപ്പാണ് വയനാട്ടിലും ഇപ്പോൾ വടുവഞ്ചാലിൽ ദുരന്തമുണ്ടാക്കിയ ക്വാറിയിലും നടന്നിരിക്കുന്നതെന്നു പാരിസ്ഥിക പ്രവർത്തകർ  വ്യക്തമാക്കുന്നു .

തോട്ടഭൂമിയിലാണ് ക്വാറി നടത്തുന്നതെന്ന് ഹൈക്കോടതിയെ അറിയിച്ചാൽ  ഡീംഡ് ലൈസൻസ് റദ്ദാക്കാൻ സാധിക്കും.ഇക്കാര്യം പൊതുജനങ്ങളിൽ നിന്ന് മറച്ചു വെച്ച് ഹൈക്കോടതി ഉത്തരവ് ഉള്ളത് കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് വരുത്തുകയാണ് പതിവ്.പഞ്ചായത്തു ഭരണ സമിതിക്കും ഉദ്യോഗസ്ഥർക്കും വൻ കോഴ ലഭിയ്ക്കുന്ന പരിപാടിയാണിത്. 

ഈ കള്ളക്കളിയുടെ  ഇരയാണ് സിൽവസ്റ്റർ എന്ന ടിപ്പർ ഡ്രൈവർ. വിലപ്പെട്ട ഒരു ജീവൻ നഷ്ടപ്പെടുത്തിയത് ക്വാറി മാഫിയയുടെ കളികളാണ്.അനധികൃത ഖനനമാണ്. അനധികൃതമായി നടക്കുന്ന  ക്വാറിയെ  കുറിച്ച് വിശദമായ അന്വേഷണം  നടത്തണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. തോട്ടഭൂമിയിൽ ക്വാറി നടത്താൻ അനുമതി കൊടുത്തവരെ കൂടി  ചേർത്ത് കേസ്സെടുക്കണമെന്നാവശ്യപ്പെട്ടു നിയമ നടപടികൾക്ക് പരിസ്ഥിതി പ്രവർത്തകർ ഒരുങ്ങുകയാണ്. 

Write a comment
News Category