Saturday, April 27, 2024 01:24 AM
Yesnews Logo
Home News

സംസ്ഥാനം ഗുരുതര കടക്കെണിയിലേക്ക് ;വരുമാനമില്ലാത്ത സർക്കാർ പദ്ധതികൾ പ്രഖ്യാപിച്ച് മുന്നോട്ട്

Arjun Marthandan . Jan 17, 2021
kerala-in-debt-trap-report
News

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. കടം പെരുകി നിത്യ ചെലവിന് പോലും തുക കണ്ടെത്താൻ വിഷമിക്കുന്ന സാഹചര്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. വരുമാനം ഉയർത്തിയില്ലെങ്കിൽ കടം വർധിച്ച്  സംസ്ഥാനം മുടിയുമെന്ന മുന്നറിയിപ്പാണ് പബ്ലിക് എക്സ്പെൻഡിച്ചർ  കമ്മിറ്റി    നൽകുന്നത്.കടക്കെണിയിൽ നിന്ന് രക്ഷപെടാൻ വരുമാനം വർധിപ്പിക്കാൻ അടിയന്തരമായി ഇടപെടണം.ശമ്പളത്തിനും  പെൻഷനും വേണ്ടി ചെലവഴിക്കുന്ന   തുക കുറയ്ക്കണമെന്ന നിർദേശവും കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്.ധനമന്ത്രിക്ക് റിപ്പോർട്ടു സമർപ്പിച്ചു.

ശമ്പള-പെൻഷൻ ചെലവ് കുറയ്ക്കണമെന്ന് നിർദേശം വന്നതിനു പിന്നാലെ അവ വർധിപ്പിക്കണമെന്ന നിർദേശം ധനമന്ത്രി ബജറ്റിൽ മുന്നോട്ട് വെച്ചിരുന്നു. സാമ്പത്തിക ശേഷിയില്ലാത്ത ഒരു സർക്കാരാണ് തെരെഞ്ഞെടുപ്പ് മുൻനിർത്തി രാഷ്ട്രീയ ലാഭത്തിനു വേണ്ടി  ഈ തീരുമാനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. നിത്യ ചെലവുകൾ മാത്രമല്ല, വികസന പദ്ധതികൾ പോലും മുടങ്ങുമെന്ന മുന്നറിയിപ്പ് കമ്മിറ്റി  നല്കിയിരിക്കുകയാണ്.  പൊതുകടം രണ്ടര ലക്ഷം കോടി കവിഞ്ഞെന്നും റിപ്പോർട്ടിലുണ്ട്.  സമിതി ധനമന്ത്രി ടി.എം. തോമസ് ഐസക്കിനു സമർപ്പിച്ച റിപ്പോർട്ട് നിയമസഭയിൽ വച്ചു.

കഴിഞ്ഞ 7 വർഷത്തെ കണക്കനുസരിച്ച് റവന്യു ചെലവിൽ 13.34 %  വർധനയുണ്ടായപ്പോൾ റവന്യു വരുമാന വളർച്ച 10% മാത്രമാണ്. ഓരോ വർഷവും ശമ്പളച്ചെലവ് 10% വീതം വർധിക്കുകയാണ്. പലിശച്ചെലവ് 15 ശതമാനവും പെൻഷൻ ചെലവ് 12 ശതമാനവും കൂടുന്നു.കടമെടുപ്പു പരിധി ജിഡിപിയുടെ 3 ശതമാനത്തിനുള്ളിൽ നിർത്തുന്നുവെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. പൊതുകടം രണ്ടര ലക്ഷം കോടി കവിഞ്ഞു. 14.5% വീതം ഓരോ വർഷവും കടം വർധിക്കുകയാണ്. ജനങ്ങളുടെ നിക്ഷേപവും മറ്റും കൈകാര്യം ചെയ്യുന്ന പബ്ലിക് അക്കൗണ്ടിൽ 77,397 കോടിയുടെ ബാധ്യതയും സർക്കാരിനുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ബാധ്യതയും കടവുമുള്ളപ്പോൾ പബ്ലിക് അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതിനും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനു പ്രത്യേക സംവിധാനം ഒരുക്കണം. റവന്യു ചെലവിന്റെ 60.88% തുകയും പെൻഷനും ശമ്പളവും പലിശയും നൽകാൻ ചെലവഴിക്കുകയാണിപ്പോൾ. അതുകൊണ്ടു തന്നെ വികസന പദ്ധതികൾക്ക് പണം തികയുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.പബ്ലിക് അക്കൗണ്ടിലെ ബാധ്യതകളിൽ കുറവു വരുത്തിയാലേ കടം നിയന്ത്രിക്കാൻ കഴിയൂവെന്നും റിപ്പോർട്ടിൽ പറയുന്നു.

സാമ്പത്തിക  നില പരിതാപകരം; ധനവിനിയോഗത്തിൽ പാളിച്ചകൾ, ഇടതു സർക്കാരിന്റെ വീഴ്ച്ചകൾ പുറത്ത് 

ഒരു  ആസൂത്രണമില്ലാതെ ധനവിനിയോഗം നടത്തുന്ന ധനകാര്യ വകുപ്പിന് ഗൗരവമായ മുന്നറിയിപ്പാണ് എക്സ്പെൻഡിച്ചർ  കമ്മിറ്റി നൽകിയിരിക്കുന്നത്.ഇത് മുന്നിൽ കണ്ടു  കോവിഡിനെ പഴി ചാരി രക്ഷപെടാൻ ധനമന്ത്രി ശ്രമം തുടങ്ങി.എന്നാൽ ഒരു ഭാവന ശേഷിയുമില്ലാതെ നടത്തിയ ആസൂത്രണമാണ്  കേരളത്തെ കടക്കെണിയിലാക്കിയിരിക്കുന്നത്. കുറെ പദ്ധതികൾ പ്രഖ്യാപിക്കയും ഒന്നിനും പണമില്ലാത്ത സാഹചര്യവുമാണ് ഇപ്പോൾ നില നിൽക്കുന്നതെന്ന് വ്യക്തം. ധനമന്ത്രിയെന്ന നിലയിൽ തോമസ് ഐസക്കിന്റെ കഴിവും കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് തെളിയുകയാണ്.  ചെലവ് ഇനിയും കൂടിയാൽ പിടിച്ചു നില്ക്കാൻ കേരളത്തിന് കഴിയില്ലെന്ന മുന്നറിയിപ്പ്  ഐസക്കിനും അവഗണിക്കാൻ കഴിയില്ല .

Write a comment
News Category