Friday, April 26, 2024 11:49 AM
Yesnews Logo
Home News

സ്പീക്കറെ പരിഹസിച്ച് രമേശ് ചെന്നിത്തല ;അഞ്ച് കോടിയുടെ കരാർ നൽകിയാൽ അവാര്‍ഡൊക്കെ കിട്ടും

Arjun Marthandan . Jan 21, 2021
opposition-leader-criticize-speaker
News

സ്‌പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ രൂക്ഷ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയുടെ അന്തസിനെ ഇടിച്ചു താഴ്ത്തിയ ആദ്യ സ്പീക്കറാണ് ശ്രീരാമകൃഷ്ണനെന്ന് ചെന്നിത്തല പറഞ്ഞു. സ്പീക്കര്‍ പദവി ഉന്നത ഭരണഘടനാ പദവിയാണ്. പക്വമതികളായ നേതാക്കളെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുക. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ പിന്നെ രാഷ്ട്രീയ വിധേയത്വമില്ലാതെ നിഷ്പക്ഷമായി വേണം സ്പീക്കര്‍ പ്രവര്‍ത്തിക്കാന്‍. കഴിഞ്ഞ നിയമസഭയില്‍ സ്പീക്കറുടെ വേദിയിലേക്ക് ഇടിച്ചു കയറി ആ കസേര തള്ളി താഴേക്കിട്ട സംഘത്തിലെ ഒരാളായിരുന്നു പി.ശ്രീരാമകൃഷ്ണനെന്നും ചെന്നിത്തല ആരോപിച്ചു.

കുറ്റ കൃത്യം ചെയ്ത തന്നെ ഈ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെടണമായിരുന്നു. സ്പീക്കര്‍ കസേര എടുത്തെറിഞ്ഞയാള്‍ തന്നെ ആ കസേരയില്‍ ഇരുന്ന് അംഗങ്ങള്‍ അച്ചടക്കം പാലിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്ത് വൈരുദ്ധ്യമാണ്. കഴിഞ്ഞ നിയമസഭയുടെ കാലത്ത് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഒരു തവണ അദ്ദേഹത്തിന് സസ്‌പെന്‍ഷന്‍ ലഭിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള ഒരാൾ എങ്ങനെയാണ് നല്ല സ്പീക്കറാകുകയെന്നും ചെന്നിത്തല ചോദിച്ചു.

കേരള ചരിത്രത്തില്‍ ഏതെങ്കിലും ഒരു സ്പീക്കറുടെ പേര് കള്ളക്കടത്ത് കേസില്‍ വന്നിട്ടുണ്ടോ. ദേശവിരുദ്ധ കുറ്റത്തിന് അകത്തായ ആളുകളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം സംശയനിഴലിലാണ്. യോഗ്യതയില്ലാത്ത  ഒരാള്‍ സ്പീക്കറായി വന്നു യോഗ്യതയില്ലാത്ത കാര്യം ചെയ്തതിനാലാണ് ഈ പ്രമേയം വന്നത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നസുരേഷ് കോടതിയില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ 164-ാം വകുപ്പ് പ്രകാരം രഹസ്യമൊഴി നല്‍കി. ആ മൊഴി കേട്ട് അന്തംവിട്ടു പോയെന്നാണ് ജഡ്ജി പറഞ്ഞത്. ജഡ്ജി അന്തം വിട്ടെങ്കില്‍ ജനം ബോധംകെട്ടു വീഴില്ലേ. ഭരണഘടന സ്ഥാപനത്തിലെ ഉന്നതനുമായി ബന്ധപ്പെട്ട് മൊഴി ലഭിച്ചെന്നാണ് ജഡ്ജി പറഞ്ഞത്. അഡീ.പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് വിളിച്ചപ്പോള്‍ നിയമസഭാ ചട്ടം ഉപയോഗിച്ചും നിയമസഭാ സമിതിയെഉപയോഗിച്ചും വിരട്ടാനാണ് സ്പീക്കര്‍ ശ്രമിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.

വില കൂടിയ കാറില്‍ വന്നിറങ്ങിയപ്പോള്‍ സ്വപ്ന സുരേഷ് യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയാണെന്ന് കരുതിയെന്നാണ് സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സി ദിവാകരന്റെ മണ്ഡലത്തിലെ കടയുടെ ഉദ്ഘാടനത്തിന് അദ്ദേഹം പോയില്ല. സ്ഥലം എംഎല്‍എയേക്കാള്‍ വലിയ ബന്ധം സ്പീക്കര്‍ക്ക് ആ പ്രതികളുമായി ഉണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കര്‍ക്കുള്ള സൗഹൃദം സഭയെ അപമാനിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ലാളിത്യത്തിന്റെ ആള്‍രൂപമായ ശങ്കരനാരായണൻ തമ്പിയുടെ  പേരിലുള്ള ഹാള്‍ 16 കോടിക്ക് മോടി പിടിപ്പിച്ചതിലൂടെ അദ്ദേഹത്തെ അപമാനിച്ചിരിക്കുകയാണ്. ഈ നിയമസഭാ മന്ദിരത്തിന്റെ മൊത്തം ചിലവ് 76 കോടിയാണ്. എന്നാല്‍ നമ്മുടെ സ്പീക്കര്‍ 64 കോടിയുടെ നിര്‍മ്മാണപ്രവര്‍ത്തനം ഇവിടെ നടത്തിയിട്ടുണ്ട്. ഇകെ നായനാര്‍ മുഖ്യമന്ത്രിയായ കാലത്ത് ഒരു കമ്മിറ്റിയുണ്ടായിരുന്നു. അന്ന് അതില്‍ പ്രതിപക്ഷനേതാവുമുണ്ടായിരുന്നു. എന്നാല്‍ ഈ സഭയുടെ കാലത്ത് പ്രതിപക്ഷം പരാതി കൊടുത്തമ്പോള്‍ ആണ് ഒരു കമ്മിറ്റിയുണ്ടായത്.

Write a comment
News Category