Thursday, May 02, 2024 03:23 AM
Yesnews Logo
Home News

വിശ്വാസത്തെയും ദൈവത്തെയും തള്ളി വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ല; തുറന്ന് പറച്ചിലുമായി സി.പി.എം നേതാവ് എം.വി. ഗോവിന്ദൻ

News Desk . Feb 07, 2021
cpm-leader-govindanmaster-remarks-ideology-marxism
News

മതത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചും സി.പി.എം നേതാക്കളിൽ നില നിൽക്കുന്ന ആശയ കുഴപ്പം തുറന്നു പറഞ്ഞു മുതിർന്ന നേതാവ് എം.വി.ഗോവിന്ദൻ മാസ്റ്റർ.

 മതത്തിനും ദൈവ വിശ്വാസത്തിനും ഏറെ പ്രാധാന്യമുള്ള ഇന്ത്യ പോലെയൊരു സമൂഹത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ലെന്ന്  സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം. വി ഗോവിന്ദൻ പറഞ്ഞു. നമ്മൾ ഇപ്പോഴും ജൻമിത്വത്തിന്റെ പിടിയിൽനിന്നുപോലും മോചിതരായിട്ടില്ലെന്നും അതിനാൽ മാർക്സിയൻ ദർശനത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദം പ്രയോ​ഗിക്കാനാവില്ലെന്നുമാണ്​ ​എം.വി ഗോവിന്ദൻ പറഞ്ഞത്. കണ്ണൂരിൽ കെ എസ് ടി എ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിക്കാത്ത സമൂഹമാണ് ഇവിടുത്തേത്. ഇന്ത്യൻ സമൂഹത്തിൽ മഹാഭൂരിപക്ഷത്തിന്റെയും മനസ്സ് ജീർണമാണ്. നമ്മളിൽ പലരുടെയും ധാരണ വൈരുധ്യാത്മക ഭൗതികവാദം ഇതിന് പകരം വെയ്ക്കാമെന്നാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിന് സാധിക്കില്ലെന്നും എം. വി ഗോവിന്ദൻ പറഞ്ഞു.

ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം എന്ന വാദം ഉയരുന്നത് ബൂർഷ്വാ ജനാധിപത്യത്തിനുപോലും വിലയില്ലാത്തതുകൊണ്ടാണെന്ന് എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഹിന്ദുവോ ക്രിസ്ത്യാനിയോ പാഴ്സിയോ ആരുമാകട്ടെ അതിൽ വലിയൊരു വിഭാഗം വിശ്വാസികളാണ്. വിശ്വാസത്തെയും അതിന്റെ അടിസ്ഥാനമായ ദൈവത്തെയും തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദമെന്ന ദാർശനിക പ്രപഞ്ചത്തെ മുന്നിൽ നിർത്തി ഇന്നത്തെ ഫ്യൂഡൽ പശ്ചാത്തലത്തിൽ മുന്നോട്ടുപോകാനാകുമെന്ന് കരുതുന്നത് തെറ്റാണ്. അത് സാധിക്കില്ല. അതിനാൽ വിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും പ്രവർത്തിക്കാൻ കഴിയുന്ന ജനാധിപത്യ ഉള്ളടക്കത്തിൽ നിന്നേ പ്രവർത്തിക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Write a comment
News Category