Thursday, April 25, 2024 11:01 PM
Yesnews Logo
Home Religion

മുഖ്യമന്ത്രിയെ പ്രശംസിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ

News Desk . Feb 11, 2021
ap-kanthapuram-musliyar-appreciate-cm-pinarayi-viujayan
Religion

ആരാധനാലയങ്ങൾ നിർമിക്കാൻ അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. സംസ്ഥാന സർക്കാരിന്റേത് ധീരമായ നടപടിയാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഇത്തരം ധീരമായ നടപടികളുമായി മുന്നോട്ടു പോകുന്ന സർക്കാരിനോട് എല്ലാവർക്കും സ്നേഹം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വർഷങ്ങളായി ജില്ല ഭരണകൂടത്തിന് കീഴിലായിരുന്നു ആരാധനാലയ നിർമാണാനുമതി. നിയമപരമായ നൂലാമാലകൾ കാരണം നിരവധി സ്ഥലങ്ങളിൽ നിർമാണം പ്രതിസന്ധിയിൽ ആയിരുന്നു. സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന ഈ വിഷയത്തിൽ ഉചിതമായ നടപടി വേണമെന്ന് സർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.

മതസംഘടനാ നേതാക്കളുമായി കഴിഞ്ഞ ദിവസം ഓൺലൈൻ വഴി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലും ഇക്കാര്യം പ്രധാനമായി ഉന്നയിച്ചിരുന്നു. ഈ വിഷയത്തിന്റെ ഗൗരവം മനസിലാക്കി പരിഹാരമുണ്ടാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നടപടി പ്രശംസനീയമാണെന്നും കാന്തപുരം പറഞ്ഞു.

സങ്കീർണമായിരുന്ന നിയമങ്ങൾ കാരണം ആളുകൾക്ക് മതപരമായ അനുഷ്ഠാനങ്ങൾക്ക് വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ട സ്ഥിതിവിശേഷമായിരുന്നു. എന്നാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ വരുന്നതോടെ വേഗത്തിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാൻ കഴിയും.

ആരാധനാലയങ്ങൾ ഏതൊരു വിശ്വാസിയുടെയും ജീവിതവുമായി വളരെ ആഴത്തിൽ ബന്ധമുള്ളതാണ്. സമൂഹം വികസിക്കുകയും ജനവാസം കൂടുതൽ പ്രദേശങ്ങളിലേക്ക് വരികയും ചെയ്യുന്നതോടെ ആരാധനാലയങ്ങളും ആനുപാതികമായി അനിവാര്യമാണെന്നും കാന്തപുരം പറഞ്ഞു.

മതപരമായ ആവശ്യത്തിനും ആരാധനയ്ക്കും വേണ്ടിയുള്ള കെട്ടിടം നിര്‍മിക്കുന്നതിനോ പുനര്‍നിര്‍മിക്കുന്നതിനോ അനുമതി നല്‍കുന്നതിനുള്ള അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പൂര്‍ണമായും നിക്ഷിപ്തമാക്കാന്‍ തീരുമാനിച്ചെന്ന് ആയിരുന്നു മുഖ്യമന്ത്രി അറിയിച്ചത്.

 

Write a comment
News Category