Saturday, April 27, 2024 07:49 AM
Yesnews Logo
Home News

മ്യാന്‍മര്‍ സൈനിക മേധാവികള്‍ക്കെതിരെ യുഎസ്‌ ഉപരോധം; ജനകീയ പ്രക്ഷോഭം ശക്തിയാർജ്ജിക്കുന്നു

Special Correspondent . Feb 11, 2021
myanmar-us-impose-ban
News

സൈനിക അട്ടിമറി നടന്ന മ്യാന്‍മാറിനെതിരെ ഉപരോധം പ്രഖ്യപിച്ച്‌ അമേരിക്ക. ഭരണം അട്ടിമറിച്ച സൈനിക മേധാവികള്‍ക്കെതിരെയാണ്‌ അമേരിക്കയുടെ ഉപരോധം. മ്യാന്‍മര്‍ സിവിലിയന്‍ നേതാവ്‌ ഓങ്‌ സാന്‍ സൂചിയേയും സഹായികളേയും തടവിലാക്കിയ സൈന്യം രാജ്യത്തിന്‌ മേല്‍ സമ്പൂര്‍ണ്ണ ആധിപത്യം ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. സൈനിക അട്ടിമറിക്കെതിരെ തലസ്ഥാനനഗരമായ നയ്‌പിഡാവ്‌, വാണീജ്യ തലസ്ഥാനമായ യംഗോണ്‍ തുടങ്ങിയ നഗരങ്ങളില്‍ കടുത്ത പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയെങ്കിലും സൈന്യം പിന്‍മാറാന്‍ തയാറായിട്ടില്ല. രാജ്യത്ത്‌ ഒരു വര്‍ഷത്തേക്ക്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്‌ സൈന്യം. 

 പട്ടാളത്തെ സമ്മര്‍ദത്തിലാക്കാന്‍ നിസ്സഹരണ സമരവുമായിജനങ്ങൾ  രംഗത്തെത്തിയിട്ടുണ്ട്‌. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്കു ഹാജരാകാതെയാണ്‌ ഒന്നാം ഘട്ട നിസ്സഹരണം. ജനങ്ങളുടെ നിസ്സഹരണ സമരത്തിന്‌ പിന്തുണ നല്‍കിയാണ്‌ സൈനിക ജനറല്‍മാര്‍ക്കെതിരെ യുഎസ്‌ പ്രതിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. യുഎസില്‍ തടഞ്ഞുവെച്ച 100 കോടി ഡോളര്‍ വരുന്ന മ്യാന്‍മര്‍ സര്‍ക്കാര്‍ ഫണ്ട്‌ സൈന്യത്തിന്‌ ഇതോടെ പിന്‍വലിക്കാനാകില്ല. കയറ്റുമതി വിലക്കും ഏര്‍പ്പെടുത്തും. ബര്‍മ സര്‍ക്കാരിന്റെ മറ്റ്‌ ഫണ്ടുകളും മരവിപ്പിക്കും. 

 പശ്ചാത്യ രാജ്യങ്ങള്‍ ഉള്‍പ്പെടെ സൈനിക അട്ടിമറിയെ വിമര്‍ശിച്ച്‌ രംഗത്തെത്തിയെങ്കിലും ഇന്ത്യ, ചൈന,ജപ്പാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങള്‍ മ്യാന്‍മറുമായി ബന്ധം വിച്ഛേദിക്കാന്‍ സാധ്യത കുറവാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അതുവഴി വിദേശ സമ്മര്‍ദം മറികടക്കാമെന്നാണ്‌ സൈന്യം കണക്ക്‌ കൂട്ടുന്നത്‌. അതിനിടെ സൂചിയുടെ സഹായിയും മന്ത്രിയുമായിരുന്ന ക്യാവ്‌ ട്വിന്റ്‌ സ്വയെ സൈന്യം അറസ്‌റ്റ്‌ ചെയ്‌തിരുന്നു. രാജ്യത്ത്‌ സൈന്യം കൂട്ടമായി ഭരണ നേതാക്കളെ അറസ്‌റ്റ്‌ ചെയ്യുന്നത്‌ തുടരുകയാണ്‌.ബുധനാഴ്‌ച്ച രാത്രിയിലാണ്‌ വീട്ടിലെത്തി മന്ത്രി സ്വയെ സൈന്യം അറസ്‌റ്റ്‌ ചെയ്‌തത്‌.

 മ്യാന്‍മര്‍ അട്ടിമറിക്കെതിരെ യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ വെള്ളിയാഴ്‌ച്ച പ്രമേയം അവതരിപ്പിക്കുമെങ്കിലും റഷ്യ ചൈന രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാത്തതിനാല്‍ പരാജയപ്പെടുമെന്നാണ്‌ സൂചന 

Write a comment
News Category