Wednesday, May 08, 2024 05:00 AM
Yesnews Logo
Home News

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ കോച്ച് സെർബിയയിൽ നിന്ന്

സ്വന്തം ലേഖകന്‍ . Jun 05, 2021
kerala-blasters-new-coach-serbia
News

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി സെർബിയക്കാരനായ ഇവാൻ വുക്കുമാനോവിച്ച് എത്തുന്നു. കളിക്കാരനായും പരിശീലകനായും പരിചയ സമ്പത്തുള്ള പരിശീലകൻ്റെ വരവ് ക്ലബ്ബിന് നേട്ടമാകും എന്നാണ് വിലയിരത്തപ്പെടുന്നത്. കഴിഞ്ഞ സീസൺ അവസാനിക്കുന്നതിന് മുമ്പ് തന്നെ ടീമിൻ്റെ മോശം പ്രകടനത്തെ തുടർന്ന് ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിരുന്ന കിബു വിക്കൂന തൻ്റെ സ്ഥാനമൊഴിഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഇക്കുറിയും പുതിയ പരിശീലകനെ വച്ച് സീസണ് ഒരുങ്ങുവാൻ ബ്ലാസ്റ്റേഴ്സ് നിർബന്ധിതരായത്.

കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിന്നാലെ ആരംഭിച്ച, പുതിയ പരിശീലകനായുള്ള ബ്ലാസ്റ്റേഴ്സിന്റെ അന്വേഷണം വുക്കുമാനോവിച്ചിൽ അവസാനിക്കുകയായിരുന്നു. സെർബിയൻ പരിശീലകനുമായി ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പു വച്ചെന്ന വാർത്ത ഓൺലൈൻ സ്പോർട്സ് മാധ്യമമായ ഗോൾ ഡോട്ട് കോമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റിൻ്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ഫുട്ബോൾ താരമായി തൻ്റെ കരിയർ ആരംഭിച്ച വുക്കോമാനോവിച്ച് തൻ്റെ തുടക്ക കാലത്ത് സെർബിയൻ ലീഗിൽ കളിച്ച ശേഷം ബുന്ദസ്ലിഗയിലും ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിലും കളിച്ചിട്ടുണ്ട്. പിന്നീട് പരിശീലക കരിയർ തിരഞ്ഞെടുത്ത വുക്കോമാനോവിച്ച് 2013ൽ ബെൽജിയൻ ക്ലബ്ബായ സ്റ്റാൻഡേഡ് ലീഗിന്റെ സഹപരിശീലകനായാണ് തൻ്റെ പ്രൊഫഷനൽ പരിശീലക കരിയർ ആരംഭിക്കുന്നത്. പിന്നീട് മുഖ്യ പരിശീലകനായി സ്ലൊവാക് സൂപ്പർ ലീഗ്‌ ക്ലബ്ബായ സ്ലോവൻ ബ്രാറ്റിസ്ലാവ ക്ലബ്ബിൻ്റെ പരിശീലിക സ്ഥാനത്ത് എത്തി.

ഏറ്റവും അവസാനം സൈപ്രസിലെ ഒന്നാം ഡിവിഷൻ ലീഗ് ക്ലബ്ബായ അപ്പോളൺ ലിമാസോളിനെയാണ് പരിശീലിപ്പിച്ചത്. ഇതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സിലൂടെ ഇന്ത്യയിലും തന്ത്രങ്ങൾ പഠിപ്പിക്കാൻ അദ്ദേഹം എത്തുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിലെ മിഡ്ഫീൽഡിൽ കളിച്ച അർജന്റൈൻ താരം ഫക്കുണ്ടോ പെരേര ഇന്ത്യയിലേക്ക് വരുന്നതിന് മുൻപ് ഇതേ ക്ലബ്ബിൽ വുക്കുമാനോവിച്ചിന് കീഴിൽ കളിച്ചിരുന്നു.

Write a comment
News Category