Friday, May 03, 2024 10:09 PM
Yesnews Logo
Home News

രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ ആദിവാസികൾ കുടിയിറക്കു ഭീഷണിയിൽ ; കുടിയൊഴിപ്പിയ്ക്കൽ നീക്കത്തിനെതിരെ പ്രധാനമന്ത്രിയെ സമീപിച്ച് വാളാരം കുന്ന് കോളനി നിവാസികൾ

Special Correspondent . Jul 18, 2021
tribals-rahul-gandhi-wayanad-complaint-prime-minister-forceful-displacement
News


വയനാട് ജില്ലയിൽ മാനന്തവാടി  താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിൽ ആദിവാസി വിഭാഗത്തിൽ പെട്ട 75  കുടുംബങ്ങളെ നിർബന്ധപൂർവം കുടിയൊഴിപ്പിയ്ക്കാൻ നീക്കം . ബാണാസുര മലയോടു ചേർന്ന്  നരോക്കടവ് വാർഡിൽ കൊയറ്റു പാറയിൽ സ്ഥിതി ചെയ്യുന്ന ഈ ആദിവാസി കോളനിയിൽ പണിയരും കാട്ടുനായക്കാരുമാണ് ജീവിയ്ക്കുന്നത് . തലമുറകളായി കൃഷി ചെയ്തും വനവിഭവങ്ങൾ ശേഖരിച്ചുമാണ് ഇവർ ജീവിയ്ക്കുന്നത് . ഇവരിൽ മിയ്ക്ക കുടുംബങ്ങൾക്കും ഒന്ന് മുതൽ മൂന്നും നാലും ഏക്കർ വരെ കൃഷി ഭൂമിയുണ്ട്. കോടിക്കണക്കിനു രൂപ ചെലവഴിച്ചു ഈ പ്രദേശത്തേയ്ക്  റോഡും മറ്റു അടിസ്ഥാന സൗകര്യങ്ങളും സർക്കാർ നേരത്തെ എത്തിച്ചിട്ടുണ്ട് . അടച്ചുറപ്പുള്ള വീടുകളും വൈദ്യുതിയും ഇവർക്കുണ്ട് . ക്വാറി മാഫിയയ്ക്ക് വേണ്ടിയാണു ജില്ലാ ഭരണകൂടം ഇവരെ കുടിയൊഴിപ്പിക്കാനുള്ള നീക്കം നടത്തുന്നതെന്നാണ് ആരോപണം ഉയരുന്നത് . കുടിയൊഴിപ്പിയ്ക്കൽ നീക്കത്തിനെതിരെ ആദിവാസികൾ പ്രധാനമന്ത്രിയ്ക്കും  കേന്ദ്ര ആദിവാസി വകുപ്പ് മന്ത്രിയ്ക്കും  പരാതി നൽകി .
 

അതീവ പരിസ്ഥി ദുർബല മേഖലയായ  ബാണാസുര മലനിരകളിൽ ക്വാറി/ റിസോർട് മാഫിയ പിടിമുറുക്കിയതോടെയാണ് ഇവരുടെ സമാധാന ജീവിതം ഇല്ലാതായത് . 2018  ലും 2019  ലും ഈ പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായിരുന്നു . ക്വാറികളുടെ പ്രവർത്തനം തുടങ്ങിയതോടെയാണ് ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാൻ തുടങ്ങിയതെന്ന്  ആദിവാസികൾ പറയുന്നത് . തലമുറകളിയി ജീവിച്ചു പോരുന്ന ഈ പ്രദേശത്തു ഇത്തരത്തിലുള്ള ഒരു ദുരന്തവും  അവർ മുൻപ് കേട്ടിട്ടില്ല . ആദിവാസികളുടെ ചെറുത്തു നില്പുകളുടെ ഫലമായി ക്വാറി മാഫിയയ്ക്ക് ഇവിടെ നിന്ന് പിൻവാങ്ങേണ്ടി വന്ന സാഹചര്യമായുണ്ടായി . 

രണ്ടു വർഷങ്ങളിൽ ഉണ്ടായ ഉരുൾ പൊട്ടലുകൾ കാരണം പറഞ്ഞുകൊണ്ടാണ് ഇപ്പോൾ ജില്ലാ ഭരണകൂടം ഇവരെ മാറ്റിപ്പാർപ്പിയ്ക്കാനുള്ള നീക്കങ്ങൾ നടത്തുന്നത് . ക്വാറി മാഫിയയ്ക്ക് വേണ്ടി തങ്ങളെ കുടിയിറക്കാനുള്ള നീക്കമാണെന്നാണ് ആദിവാസികൾ പറയുന്നത് . ഫെബ്രുവരിയിൽവിളിച്ചു ചേർത്ത ഊരുകൂട്ടത്തിൽ ആദിവാസികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു . ഓരോ കുടുംബത്തിനും കുറഞ്ഞത് ഒരേക്കർ  കൃഷിഭൂമിയും വീടുവയ്ക്കാനുള്ള പണവും ലഭിച്ചില്ലെങ്കിൽ തങ്ങൾ സ്ഥലം വിട്ടുപോകില്ലെന്ന ഉറച്ച നിലപാടിലാണ് കോളനിയിലെ താമസക്കാരായ പണിയ വിഭാഗക്കാർ  .  അതേസമയം ഇക്കൂട്ടത്തിലുള്ള കാട്ടുനായ്ക്കർ ഒരു കാരണവശാലും തങ്ങൾ ഒഴിഞ്ഞു പോകില്ലെന്നാണ് പപറയുന്നത് . ഇക്കാര്യങ്ങൾ ട്രൈബൽ ഓഫിസർ റിപ്പോർട്ടു ചെയ്തിട്ടുമുണ്ട്. രൂക്ഷമായ പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുന്ന സമയത്തു തങ്ങൾക്കു മാറിത്താമസിയ്ക്കാൻ സുരക്ഷിതമായ ഏതെങ്കിലും സംവിധാനം മാത്രം  ചെയ്തു തന്നാൽ മതിയെന്നാണ് ഊരുക്കൂട്ടത്തിൽ ആദിവാസികൾ വച്ച നിർദേശം .

 എന്നാൽ ട്രൈബൽ ഓഫീസറുടെ  റിപ്പോർട്ടിനെ മറികടന്നു കൊണ്ട് കഴിഞ്ഞ മാസം കോളനി സന്ദർശിച്ച സബ് കളക്ടർ അർജുൻ പാണ്ഢ്യന്റെ  നേതൃത്വത്തിലുള്ള റവന്യു സംഘം ആദിവാസികളോട്  നിർബന്ധമായും സ്ഥലം ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടുവെന്നണ് അവർ പറയുന്നത് . സർക്കാർ ഉദ്യോഗസ്ഥർ സംഘമായെത്തി ഇത്തരത്തിൽ ആവശ്യമുന്നയിച്ചതോടെ ആശങ്കാകുലരായ  ഇവർ വകുപ്പ് മന്ത്രിയുൾപ്പെടെ   ബന്ധപ്പെട്ട എല്ലാ  ഉദ്യോഗസ്ഥർക്കും വീണ്ടും പരാതി നൽകിയിട്ടുണ്ട് . 

ക്വാറി മാഫിയയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തി ബാണാസുര മേഖലയിലെ ക്വാറി പ്രവർത്തനങ്ങൾ അവസാനിപ്പിയ്ക്കാൻ മുന്നിൽ നിന്ന ഈ ആദിവാസികളെ കുടിയൊഴിപ്പിയ്ക്കാനുള്ള നീക്കത്തിനുപിന്നിലെ ക്വാറി മാഫിയ തന്നെയാണെന്നാണ് ഇവർ വിശ്വസിയ്ക്കുന്നത്. തലമുറകളായി തങ്ങൾ ജീവിയ്ക്കുന്ന മണ്ണിൽ  നിന്ന് ആട്ടിപ്പായിയ്കാൻ ഭരണകൂടം തന്നെ ശ്രമിയ്ക്കുന്നതിനെതിരെയാണ് ഇവർ പ്രധാനമന്ത്രിയ്ക്കു പരാതി നൽകിയിരിക്കുന്നത് . 

കേവലം പത്തുലക്ഷം രൂപ മാത്രമാണ് സർക്കാർ ഒരു കുടുംബത്തിന് കൊടുക്കുന്ന പുനരധിവാസ വാഗ്‌ദാനം . ഈ തുക കൊണ്ട്  സ്ഥലം വാങ്ങി വീട് വയ്ക്കുക അസാധ്യമാണെന്ന് കാര്യത്തിൽ സംശയമില്ല . തലമുറകളായി തങ്ങൾ കൃഷി ചെയ്തു ജീവിച്ചു വരുന്ന ഭൂമിയിൽ നിന്ന് കുടിയൊഴിഞ്ഞുപോകാൻ തങ്ങൾ തയ്യാറല്ല എന്നിവർ ആവർത്തിക്കുന്നു . 

പൊതുസമൂഹത്തിന്റെ ദുശീലങ്ങളൊന്നും ബാധിയ്ക്കാത്ത ആദിവാസി കോളനിയാണ് വാളാരം കുന്നിലേത് . ലഹരി ഉപയോഗം ഇവിടെ തീരെയില്ല . കർശനമായ കൊറോണ മാനദണ്ഡങ്ങൾ പാലിയ്ക്കുന്നതുകൊണ്ടു കൊറോണയും കോളനിയിൽ എത്തിയിട്ടില്ല . അതുകൊണ്ടു തന്നെ കുടിയിറക്കിയാൽ ഇവരുടെ നില നിൽപ് തന്നെ അപകടത്തിലാകുമെന്നാണ് പ്രദേശത്തെ സാമൂഹ്യ പ്രവർത്തകരും പറയുന്നത് .

Write a comment
News Category