Tuesday, September 21, 2021 07:51 AM
Yesnews Logo
Home News

വയനാട് റോപ്‌വേ ഉൾപ്പെടയുള്ള ടൂറിസം പദ്ധതികൾക്ക് വേഗത കൂട്ടാൻ മന്ത്രി തല യോഗം സെപ്റ്റംബറിൽ വിളിച്ചു ചേർക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ; എയർ സ്ട്രിപ്പും നിർമ്മിക്കും

സ്വന്തം ലേഖകന്‍ . Aug 13, 2021
ministerial-meeting-wayanad-ropway-tourism-projects-airstrip-wayanad-chember-of-commerce-milton-francis-jony-pattani-e-p-mohandas-t-siddek-mohammed-riyas-miniter
News

വയനാട്ടിലെ വിവിധ ടൂറിസം പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ മന്ത്രി തല യോഗം വിളിച്ചു ചേർക്കും. സെപ്റ്റംബർ മാസത്തിലാകും യോഗം വിളിക്കുകയെന്ന്   ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.റവന്യു , വനം, കൃഷി വകുപ്പ് മന്ത്രിമാരും  ഉന്നത ഉദ്യോഗസ്ഥരും, എം.എൽ.എ മാരും      പദ്ധതി നടത്തിപ്പിന് ചുക്കാൻ പിടിക്കുന്ന വയനാട് ചേമ്പർ ഭാരവാഹികളും യോഗത്തിൽ സംബന്ധിക്കും. പദ്ധതികൾ വേഗത്തിൽ നടപ്പാക്കാനുള്ള മാർഗ്ഗങ്ങളാണ് യോഗം ആരായുക..വയനാടിന്റെ ചുമതല വഹിക്കുന്ന മന്ത്രി കൂടിയാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. 

കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന വയനാട്  റോപ്പ്‌വേ, ബൊട്ടാണിക്കൽ ഗാർഡൻ, ഹോപ്പ് ഓൺ ഹോപ്പ് ഓഫ് ബസ് , സർവീസുകൾ തുടങ്ങി 850  കോടിയുടെ ടൂറിസം പദ്ധതികളാണ് വരും വർഷങ്ങളിൽ   നടപ്പാക്കാൻ പോകുന്നത്.ആഗോള ടൂറിസ്റ്റുകൾക്കും ആഭ്യന്തര ടൂറിസ്റ്റുകൾക്കും ഉപകാരപ്രദമാകുന്നവിധത്തിൽ വയനാട്ടിൽ എയർസ്ട്രിപ്പ് നിർമ്മാണത്തിനും ശ്രമിക്കുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. കണ്ണൂർ, കോഴിക്കോട്, കൊച്ചി ബെംഗളൂരു വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള  ചെറിയ വിമാന സർവീസുകളും ഹെലികോപ്റ്റർ സർവീസും നടത്താൻ നിർദ്ദിഷ്ട എയർ സ്ട്രിപ്പ് വഴി സാധിക്കുമെന്ന് ടൂറിസം മന്ത്രി അഭിപ്രായപ്പെട്ടു.
തിരുവന്തപുരത്ത്  സെക്രട്ടറിയേറ്റിൽ  വയനാട്  ചേമ്പർ ഓഫ് കൊമേഴ്സ്സ്  പ്രതിനിധി സംഘവുമായി നടത്തിയ കൂടി കാഴ്ച്ചക്കു ശേഷമാണ് ഇക്കാര്യങ്ങൾ മന്ത്രി അറിയിച്ചത്. ചേമ്പർ ഡയറക്ടർമാരായ ജോണി പാറ്റാനി, ഇ.പി.മോഹൻദാസ്, മിൽട്ടൺ ഫ്രാൻസീസ് എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.കൽപ്പറ്റ എം.എൽ.എ ടി. സിദീക്കും യോഗത്തിൽ സംബന്ധിച്ചു.  വയനാട് റോപ്‌വേയും എയർസ്ട്രിപ്ഉം ഉൾപ്പെടയുള്ള പദ്ധതികൾ ഏറ്റെടുത്തു നടത്തുന്നത് വയനാട് ചേമ്പർ ഓഫ് കോമേഴ്‌സ്‌സാണ്. 

വയനാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചാണ് നിർദ്ദിഷ്ട റോപ്പ്‌വേ പദ്ധതി നടപ്പാക്കുന്ന ശ്രമങ്ങൾ പുരോഗമിക്കുന്നത്. അടിവാരത്തു  നിന്നും ലക്കിടി വരെ 3 .2  കിലോമീറ്റർ  ദൂരത്തിൽ  നിർമ്മിക്കുന്ന പദ്ധതി 2023  ഓടെ  പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. താമരശ്ശേരി ചുരത്തിന്റെ മുഴുവൻ സൗന്ദര്യവും ആസ്വദിക്കാൻ കഴിയും വിധം ആധുനിക സജ്ജീകരണങ്ങളാണ് ലോകോത്തര മാതൃകയിൽ നടപ്പാക്കുന്നത്.ദിനംപ്രതി അയ്യായിരത്തോളം സന്ദർശകരെയാണ്  പ്രതീക്ഷിക്കുന്നത്. സന്ദർശകർക്കായി വിദേശ രാജ്യങ്ങളിൽ പ്രചാരമുള്ള ഹോപ് ഓൺ ഹോപ്പ് ഓഫ് മാതൃകയിൽ  ആധുനിക ഡബിൾ ഡെക്കർ ഇലക്ട്രിക്ക്  ബസ്സുകളും നടത്തിപ്പുകാർ ഏർപ്പെടുത്തുന്നുണ്ട്. ഇതിനുള്ള പ്രത്യേക ബസ്സുകൾ സ്പെയിനിൽ നിന്നാണ് വയനാട്ടിൽ എത്തുക.

റോപ്‌വേ പദ്ധതിയുടെ  ഭാഗമായി  തന്നെ ആഡംഭര  ഹോട്ടലും വില്ലകളും ഗോൾഫ് ക്ലബ്ബും സ്ഥാപിക്കും. കേരളത്തിലെ ഏറ്റവും വലിയ ഗോൾഫ് അക്കാദമിയും ഉദ്ദേശിക്കുന്നുണ്ട്. സന്ദർശകർക്ക് ഉപകാരപ്പെടുന്ന  വിധത്തിൽ വയനാട്ടിൽ ഉടനീളം ബ്രേക്ക് എ കോഫീ ഷോപ്പുകളുടെ ശൃഖലയും ആവിഷ്കരിച്ചു നടപ്പാക്കും.

വയനാട്ടിലേക്ക് കൂടുതൽ ആഭ്യന്തര ടൂറിസ്റ്റുകളെയും വിദേശ ടൂറിസ്റ്റുകളെയും ആകർഷിക്കാൻ ഉദ്ദേശിച്ചാണ് എയർ സ്ട്രിപ്പ് നിർമ്മാണത്തിനുള്ള ശ്രമങ്ങൾ നടക്കുന്നത്. ചെറിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും സർവീസ് നടത്താൻ കഴിയുന്ന വിധത്തിലാണ് എയർ സ്ട്രിപ്പ് നിർമ്മിക്കുത്. വയനാട് ചേംബർ ഏറ്റെടുത്തു നടത്തുന്ന പ്രോജക്ട് യാഥാർഥ്യമാകാനുള്ള മാർഗ്ഗംങ്ങൾ ഉന്നത തല യോഗം ചർച്ച ചെയ്യും. ടൂറിസം മേഖലക്കൊപ്പം ദുരന്ത നിവാരണ സേനക്കും ചികിത്സ കാര്യങ്ങൾക്കും എയർസ്ട്രിപ്പ് നിലവിൽ വരുന്നത് സഹായകരമാകും.

വയനാട്ടിലെ  വികസന പദ്ധതികൾക്ക് സഹായം  അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായും  ചേംബർ പ്രതിനിധി സംഘം ചർച്ച നടത്തി. വയനാടിന്റെ വികസന കുതിപ്പിന് ആക്കംകൂട്ടുന്ന പ്രവർത്തനങ്ങൾക്കു പ്രതിപക്ഷ നേതാവ്  സർവ  പിൻതുണ അറിയിച്ചിട്ടുണ്ട്.   റവന്യു വകുപ്പ് മന്ത്രി കെ .രാജൻ.വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ എന്നിവരെയുംവയനാട്  ചേമ്പർ പ്രതിനിധികൾ കണ്ടു. കൽപ്പറ്റ എംഎ.ൽ.എ ടി. സിദ്ദീക്ക് , ബത്തേരി എം.എൽ.എ ഐ.സി ബലകൃഷ്ണൻ, എന്നിവർ പ്രതിനിധി സംഘത്തിനൊപ്പം  വിവിധ യോഗങ്ങളിൽ സംബന്ധിച്ചു. 

Write a comment
News Category