Friday, April 26, 2024 01:04 PM
Yesnews Logo
Home News

മുതിർന്ന മാധ്യമപ്രവർത്തകൻ കെഎം റോയ് അന്തരിച്ചു; വിട വാങ്ങിയത് മാധ്യമ ലോകത്തെ അതുല്യ പ്രതിഭ

സ്വന്തം ലേഖകന്‍ . Sep 18, 2021
km-roy-died-journalist
News

മുതിർന്ന മാധ്യമപ്രവർത്തകൻ കെ എം റോയ്(82) അന്തരിച്ചു. മലയാള മാധ്യമ ലോകത്ത് അതുല്യനായ കെ.എം.റോയ് പുതിയ തലമുറയിലെ മാധ്യമ പ്രവർത്തകരുടെ വഴി കാട്ടിയായിരുന്നു. പത്രപ്രവർത്തനത്തിന് പുറമെ പ്രഭാഷകനായും അധ്യാപകനായും നോവലിസ്റ്റായും അറിയപ്പെട്ടിരുന്നയാളാണ് കെ എം റോയ്. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഏഴു വർഷമായി ചികിത്സയിലായിരുന്നു അദ്ദേഹം. പക്ഷാഘാതത്തെ തുടർന്ന് ഒരു വശം തളർന്നു പോയെങ്കിലും മാധ്യമമേഖലയിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. കെ.എം. റോയിയുടെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ നാളെ രാവിലെ നടക്കും. രാവിലെ ഒമ്പതിന് സംസ്ഥാന സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ പുഷ്പചക്രം അർപ്പിക്കും.

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ കെ എം റോയ് പിൽക്കാലത്ത് മാധ്യമപ്രവർത്തകനായി മാറുകയായിരുന്നു. മഹാരാജാസ് കോളേജിൽ അദ്ദേഹത്തിന്‍റെ പാർട്ടിയായ കെ.എസ്.പിയുടെ വിദ്യാർഥിനേതാവായിരുന്നു കെ എം റോയ്. കെ.എസ്.യു നേതാക്കളായി വയലാർ രവി, എ കെ ആന്‍റണി എന്നിവരും തിളങ്ങി നിന്ന സമയത്തു തന്നെയാണ് കെ എം റോയ് സോഷ്യലിസ്റ്റ് നേതാവായി പേരെടുത്തത്. മികച്ച പ്രസംഗ ശൈലിയായിരുന്നു അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. മംഗളം ദിനപത്രത്തിന്‍റെ ജനറൽ എഡിറ്ററായിരിക്കെയാണ് പതിറ്റാണ്ടുകൾ നീണ്ട പത്രപ്രവർത്തനത്തിൽനിന്ന് അദ്ദേഹം വിരമിച്ചത്.

മാധ്യമപ്രവർത്തനത്തിനൊപ്പം പത്രപ്രവർത്തന യൂണിയൻ ഭാരവാഹിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തന യൂണിയന്‍റെ സംസ്ഥാന പ്രസിഡന്‍റായിരുന്ന അദ്ദേഹം ഇന്ത്യൻ പെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റിന്‍റെ സെക്രട്ടറി ജനറലുമായിരുന്നു. രാഷ്ട്രീയ ഗുരുവായിരുന്ന മത്തായി മാഞ്ഞൂരാന്‍റെ ജീവചരിത്രവും രണ്ടു നോവലുകളും രണ്ടു യാത്രാ വിവരണങ്ങളും കെ എം റോയ് രചിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ഉന്നത മാധ്യമപുരസ്ക്കാരമായ സ്വദേശാഭിമാനി-കേസരി തുടങ്ങി ഒട്ടേറെ അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

Write a comment
News Category