Friday, April 26, 2024 12:41 PM
Yesnews Logo
Home News

പ്രധാനമന്ത്രിയ്ക്ക് അമേരിക്കയിൽ ഉജ്ജ്വല വരവേൽപ്പ് : മൂന്നു ദിവസത്തെ അമേരിക്കൻ സന്ദർശനം തുടങ്ങി

News Desk . Sep 23, 2021
pm-modi-american-visit
News


മൂന്നു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി ഇന്ന് രാവിലെ വാഷിംഗ്ടണിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഊഷ്മള വരവേൽപ്പ് .  വ്യാഴാഴ്ച രാവിലെയോടെ വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തിയ അദ്ദേഹത്തെ ജോ ബൈഡന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും യുഎസിലെ ഇന്ത്യന്‍ പ്രതിനിധി തരണ്‍ജീത് സിംഗ് സന്ധുവും യുഎസ് പ്രതിരോധ സേന മേധാവികളും ചേര്‍ന്ന് സ്വീകരിച്ചു. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി ഇത്തവണ അമേരിക്കയിലെത്തിയത്. പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ ഏഴാമത്തെ യുഎസ് സന്ദർശനമാണിത് .
നാളെ മോദി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. മറ്റന്നാൾ ഐക്യരാഷ്ട സഭാ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് അമേരിക്കയിലേക്ക് പോകുന്നതെന്ന് യാത്രയ്ക്ക് മുമ്പ് മോദി ട്വീറ്റ് ചെയ്തിരുന്നു. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡോ സുഗ എന്നിവരുമായി ഉഭയകക്ഷി ബന്ധങ്ങൾ സംബന്ധിച്ചും, പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലും മോദി ചർച്ച നടത്തും. ജോ ബൈഡന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അധികാരത്തിലേറിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.
അമേരിക്കയിലെ ഇന്ത്യന്‍ വംശജരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ത്രിവര്‍ണ പതാക ഉയര്‍ത്തിക്കൊണ്ട് ജനങ്ങള്‍ നല്‍കിയ ഹൃദ്യമായ സ്വീകരണത്തിന് മോദി നന്ദിയറിയിച്ചു. ലോകമെമ്ബാടുമുള്ള ഇന്ത്യന്‍ പ്രവാസികള്‍ നമ്മുടെ ശക്തിയാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവരുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ക്വാഡ് ഉച്ചകോടിയ്ക്ക് മുമ്ബായിരിക്കും കൂടിക്കാഴ്ച നടത്തുക. അഫ്ഗാനിസ്ഥാനിലെ സാഹചര്യവും, ആഗോള ഭീകരവാദവും പ്രധാന ചര്‍ച്ചയാകും. തുടര്‍ന്ന് വൈറ്റ് ഹൗസില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. സെപ്റ്റംബര്‍ 25ന് ഐക്യരാഷ്ട്ര സഭയുടെ 76-ാം വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിക്കും. കഴിഞ്ഞ വര്‍ഷം വെര്‍ച്ച്വലായാണ് പൊതുയോഗം സംഘടിപ്പിക്കുന്നത്.
 

Write a comment
News Category