Thursday, May 02, 2024 03:15 AM
Yesnews Logo
Home News

ഗവർണർക്ക് മുഖ്യമന്ത്രിയെ പേടി; സർക്കാരിൻ്റെ തെറ്റുകൾക്ക് കുട പിടിക്കുന്നു; ബി.ജെ.പി നേതാക്കൾ എഴുതിക്കൊടുന്നത് അതേപടി വായിക്കുന്നു

News Desk . Jan 04, 2022
opposition-leader-vd-satheeshan-kerala-criticism-governor-d-lit--bjp
News

തിരുവനന്തപുരം: പൂര്‍വാശ്രമത്തില്‍ ചെയ്ത അതേകാര്യം തന്നെയാണ് ഗവര്‍ണര്‍ ഇപ്പോഴും ചെയ്യുന്നത്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വി.സിയെ നിയമപരമായാണ് നിയമിച്ചതെന്നു പറഞ്ഞു. ഇതിനു വിരുദ്ധമായാണ് തൊട്ടടുത്ത ദിവസം സംസാരിച്ചത്. സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്ക് ഗവര്‍ണര്‍ കൂട്ടുനില്‍ക്കുന്നു എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രശ്‌നം.പ്രതിപക്ഷ നേതാവ്സ വി.ഡി സതീശൻ ആരോപിച്ചു. സർവകലാശാലകളെ  രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഗവര്‍ണര്‍ കുടപിടിച്ചുകൊടുത്തു. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടി ഗവര്‍ണര്‍ പിണറായി വിജയന് വിധേയനായി നില്‍ക്കുകയാണ്. അത് തിരുത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. 

സര്‍ക്കാര്‍ അനാവശ്യമായി സര്‍വകലാശാലകളില്‍ ഇടപെടുന്നതിന്റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സെര്‍ച്ച് കമ്മിറ്റി റദ്ദാക്കിക്കൊണ്ട് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയത്. വി.സിയോട് രാജി വയ്ക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടേണ്ടത്. വി.സി നിയമനം നിയമവിരുദ്ധമാണെന്നു പറഞ്ഞ ഗവര്‍ണറും തെറ്റ് തിരുത്താന്‍ തയാറാകണം. തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ ഇനിയും വിമര്‍ശിക്കും. കാര്യങ്ങള്‍ മാറ്റി മാറ്റി പറയുന്ന സ്ഥിരതയില്ലാത്ത ആളാണ് ഗവര്‍ണര്‍. 

ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കില്ലെന്നു പറയാനുള്ള അവകാശം ഗവര്‍ണര്‍ക്കില്ല. ബി.ജെ.പി നേതാക്കൾ എഴുതിക്കൊടുത്തത് അതേപടി  ഗവര്‍ണർ വായിക്കുകയാണ്.  ഡി- ലിറ്റിനെ കുറിച്ചും ഗവര്‍ണര്‍ ഒന്നും പറയുന്നില്ല. അത് പുറത്തു പറയാന്‍ ഗവര്‍ണര്‍ തയാറാകണം. പറയാൻ ബാധ്യതയുള്ളതൊന്നും ഗവർണർ പറയുന്നില്ല. രാജ്ഭവനിൽ നിന്നും വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുകയല്ല വേണ്ടത്. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയെ പേടിയാണ്. സര്‍ക്കാരിനെ പേടിച്ചാണ് തെറ്റ് തിരുത്താത്തത്. സര്‍വകലാശാലകളിലെ അധ്യപക നിയമനത്തിലുള്‍പ്പെ രാഷ്ട്രീയവത്ക്കരണമാണ് നടക്കുന്നത്. സര്‍ക്കാര്‍ ചെയ്ത തെറ്റ് ഗവര്‍ണര്‍ തിരുത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. തിരുത്താത്തത് കൊണ്ടാണ് വിമര്‍ശിച്ചത്. 

കെ- റെയില്‍ വേണ്ട കേരളം മതി

കെ- റെയില്‍ വേണ്ട കേരളം മതിയെന്നതാണ് പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം. ഈ പദ്ധതി കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കും. ജനങ്ങള്‍ക്കു വേണ്ടിയാണ് പ്രതിപക്ഷം സംസാരിക്കുന്നത്. ബംഗാളിലെ സിങ്കൂരിലും നന്ദിഗ്രാമിലും ഇതുപോലെ പ്രതിപക്ഷം ശബ്ദമുയര്‍ത്തിയിരുന്നു. സിഗ്നലിംഗ് സിസ്റ്റം മെച്ചപ്പെടുത്തിയാല്‍ തന്നെ നിലവിലുള്ള റെയില്‍വെ ലൈനില്‍ ആറു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് എത്താനാകും. ഇത്തരത്തില്‍ ബദല്‍ പദ്ധതികളുള്ളപ്പോള്‍ കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കുന്നത് എന്തിനാണ്?പ്രതിപക്ഷ  നേതാവ് ചോദിച്ചു 

Write a comment
News Category