Friday, April 26, 2024 04:14 PM
Yesnews Logo
Home News

ബികാനീർ-ഗുവാഹത്തി എക്സ്പ്രസ് പാളംതെറ്റി; മൂന്നു മരണം

News Desk . Jan 13, 2022
bikaneer-guwahathi-train-derail-3-killed
News

ബികാനീർ-ഗുവാഹത്തി എക്സ്പ്രസ് പാളംതെറ്റി  ഉണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു . അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പശ്ചിമ ബംഗാളിലെ  ജൽപായ്ഗുരിക്കു  അടുത്തായിരുന്നു അപകടം. ആറു ബോഗികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്ന് ബോഗികൾ പാളത്തിൽനിന്ന് പുറത്തേക്ക് തെറിച്ചു വീണിട്ടുണ്ട്. അപകടത്തെ തുടർന്ന് ബോഗികൾ കൂട്ടിയിടിച്ച് ഒരു ബോഗി പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. 
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തെക്കുറിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിട്ടുണ്ട്. റെയിൽവേ ട്രാക്കിലെ വിള്ളലാണ് അപകട കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

വടക്കൻ ബംഗാളിലെ ജൽപായ്ഗുരിയിലെ മൊയ്നാഗുരി മേഖലയ്ക്ക് സമീപമായിരുന്നു അപകടം. ബിക്കാനീറിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോവുകയായിരുന്ന 15633 നമ്പരിലുള്ള ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അലിപുർദുവാറിൽ നിന്നുള്ള റെയിൽവേ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തെത്തിയിട്ടുണ്ട്.

14 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അപകടത്തിൽ ആളപായമുണ്ടെന്നും ലോക്കൽ പോലീസ് ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, കോവിഡ് സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തിയ മുഖ്യമന്ത്രി മമത ബാനർജി ട്രെയിൻ അപകട വാർത്ത അറിഞ്ഞതോടെ കുറച്ചുനേരം യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾക്കായി ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകുകയും ചെയ്തു.

റെയിൽവേ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്, ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
 

Write a comment
News Category