Friday, April 26, 2024 10:56 AM
Yesnews Logo
Home News

ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണ്ണ കടത്ത് ; സിനിമാ നിർമ്മാതാവ് സിറാജിന്റെ വീട്ടിൽ റെയ്ഡ് ; സിറാജിനു വേണ്ടി തെരച്ചിൽ

Alamelu C . Apr 26, 2022
gold-smuggling-meat-mechine-siraj-producer-malayalam-movie
News

മലയാള സിനിമയിലെ ചില പ്രമുഖർക്ക് സ്വർണ്ണ കടത്തു സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപണം സ്ഥിരീകരിക്കുന്ന വാർത്തകൾ  പുറത്തു വരുന്നു. ചാർമിനാർ, വാങ്ക് സിനിമകളുടെ നിർമ്മാതാവ് സിറാജുദീന്റെ വസതിയിൽ കസ്റ്റംസ് റെയിഡ് നടത്തി. ഇറച്ചി വെട്ടു യന്ത്രത്തിൽ സ്വർണ്ണം  കടത്തു നടത്തിയെന്ന് സൂചനയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.  തൃക്കാക്കര മുൻസിപ്പാലിറ്റി വൈസ് ചെയർമാന്റെ മകനും കടത്തിൽ പങ്കുണ്ടെന്ന് സൂചനയുടെ അടിസ്ഥാനത്തിൽ അവിടെയും റെയിഡ് നടന്നു.

തൃക്കാക്കര മുൻസിപ്പാലിറ്റി വൈസ് ചെയർമാന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. നെടുമ്പാശേരിയിൽ കഴിഞ്ഞ ദിവസം രണ്ടര കോടിയുടെ സ്വർണ്ണം പിടികൂടിയ കേസിൽ ഇയാളുടെ മകൻ  ഷാബിലിന് പങ്കാളിത്തമുണ്ടെന്ന വിവരത്തെത്തുടർന്നായിരുന്നു പരിശോധന. ലാപ്ടോപ് റെയ്‌ഡിൽ പിടിച്ചെടുത്തു.

ദുബായില്‍ നിന്നും  ഇറക്കുമതി ചെയ്ത ഇറച്ചിവെട്ടു യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയ കേസിലായിരുന്നു റെയ്ഡ്. നെടുമ്പാശേരി വിമാനത്താവളത്തില്‍  കസ്റ്റംസ് പ്രിവന്‍റീവ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രണ്ടു കിലോ 232 ഗ്രാം സ്വര്‍ണ്ണം പിടികൂടുന്നത്. എറണാകുളത്തെ തുരുത്തുമ്മേല്‍ എന്‍റര്‍ പ്രൈസസിന്‍റെ പേരിലാണ് ഇറച്ചി വെട്ടു യന്ത്രം ഇറക്കുമതി ചെയ്തത്. ഈ സ്ഥാപനത്തിന്റെ സഹ ഉടമകളിൽ ഒരാളാണ് തൃക്കാക്കര മുൻസിപ്പാലിറ്റി വൈസ് ചെയർമാന്റെ മകനായ ഷാബിൽ.

തുരുത്തുമ്മേല്‍ എന്‍റര്‍പ്രൈസസിലെ നാലു ജിവനക്കാരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സൂപ്രണ്ട് വി. വിവേകിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. എന്നാൽ തന്റെ മകന് സംഭവവുമായി ബന്ധമില്ലെന്ന് തൃക്കാക്കര മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ എ എ ഇബ്രാഹിം പറഞ്ഞു.ഈ മാസം 17ന് ദുബായിയില്‍ നിന്നും  കൊച്ചി വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് യന്ത്രമെത്തിയത്. പരിശോധനകള്‍ക്കെല്ലാം ശേഷം തീരുവ അടപ്പിച്ച് യന്ത്രം പുറത്തേക്കുവിട്ടു. ഇതിനിടെ രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് പ്രിവന്‍റീവ് ഉദ്യോഗസ്ഥര്‍ വാഹനം തിരികെ എത്തിച്ച് വീണ്ടും പരിശോധന നടത്തുകയായിരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍‌ണം കണ്ടെത്തിയത്. ഗള്‍ഫില്‍ നിന്ന് കൊച്ചി തൃക്കാക്കരയിലെ വിലാസത്തില്‍ ഇറക്കുമതി ചെയ്ത യന്ത്രത്തിനുള്ളില്‍നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചെടുത്തത്.തൃക്കാക്കര തുരുത്തേല്‍ എന്റര്‍പ്രൈസസിന്റെ ഉടമ സിറാജുദ്ദീന്റെ പേരിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ യന്ത്രം എത്തിയത്. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ യന്ത്രം പരിശോധിച്ചതോടെ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. ഗ്യാസ് കട്ടറടക്കം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ യന്ത്രം പൊളിച്ച് സ്വര്‍ണം പുറത്തെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് യന്ത്രം കൈപ്പറ്റാനെത്തിയ സിറാജുദ്ദീന്റെ ഡ്രൈവറെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിറാജുദ്ദീനായി തിരച്ചില്‍ ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേ സമയം, തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനം ഒരു വ്യാജ കമ്പനിയാണോയെന്നും അധികൃതര്‍ക്ക് സംശയമുണ്ട്. നാട്ടില്‍ 40,000 രൂപയ്ക്ക് ലഭിക്കുന്ന യന്ത്രം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തത് സ്വര്‍ണം കടത്താനായി മാത്രമാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇവര്‍ നേരത്തെയും ഇത്തരത്തില്‍ സ്വര്‍ണം കടത്തിയോ എന്ന കാര്യവും കസ്റ്റംസ് അന്വേഷിച്ചുവരികയാണ്.


 

Write a comment
News Category