Wednesday, May 25, 2022 02:12 AM
Yesnews Logo
Home News

കേരളത്തിലെ ആദ്യ വനിതാ ചേംബർ ഓഫ് കൊമേഴ്സ് രൂപീകരിച്ചു; വനിത സംരംഭകർക്കായി കർമ്മ പദ്ധതികളുമായി വിമൻ ചേംബർ

News Desk . Apr 28, 2022
women-chamber-of-commerce--formation-wayanad-kerala
News


 വനിതാ സംരംഭകരെയും പ്രൊഫഷനലുകളെയും   മാത്രം ഉൾപ്പടുത്തി കേരളത്തിൽ  ആദ്യമായി ചേമ്പർ ഓഫ് കൊമേഴ്സിന് രൂപം കൊടുത്തു. വിമൻ ചേംബർ ഓഫ് കൊമേഴ്സ് എന്ന പേരിലാണ്  സ്വതന്ത്ര   വനിതാ സംരംഭക സംഘടനക്ക് രൂപം കൊടുത്തിട്ടുള്ളത്. ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് കൊൽക്കത്ത  , ഫിക്കി, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് , ഇൻഡോ യൂറോപ്യൻ ചേംബർ ഓഫ് കൊമേഴ്സ് എന്നീ  സംഘടനകളുമായി വിമൻ  ചേംബർ അഫിലിയേറ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു . വയനാട്ടിലെ കല്പറ്റയിലാണ് വിമൻ  ചേംബറിന്റെ ആസ്ഥാനം.
യുവ വനിതാ സംരംഭക അന്ന ബെന്നിയാണ് സംഘടനയുടെ പ്രസിഡന്റ്. ബിന്ദു മിൽട്ടൺ സംഘടനയുടെ സെക്രട്ടറിയാണ് . ഡോക്ടർ നിഷ ബിപിൻ ട്രഷററും പത്മിനി  ചക്രപാണി ജോയിന്റ് സെക്രട്ടറിയുമാണ് . ബിന്ദു ബെന്നി, ശബ്നം, ബീന സുരേഷ് എന്നിവർ എക്സിക്യൂട്ടീവ് മെബർമാരാണ്.  വയനാട്ടിലെ കൽപ്പറ്റയിൽ ചേർന്ന   ജനറൽ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.    
രാജ്യത്തെ വനിതാ സംരംഭകരെ മാത്രം ഉൾപ്പെടുത്തി രുപീകരിക്കുന്ന ചേംബർ   ഓഫ്  കൊമേഴ്സുകളിൽ ഇതോടെ വിമൻ  ചേമ്പറിന് സ്ഥാനം ലഭിയ്ക്കുകയാണ്  .ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യ സംഘടനയാണ് ഡബ്ലിയു സി.സി .വനിതാ സംരംഭകർക്കായി വിരലിൽ എണ്ണാവുന്ന സംഘടനകൾ മാത്രമേ രാജ്യത്തു നിലവിൽ ഉള്ളൂ.  വനിതകളായ സംരംഭകർക്കൊപ്പം പ്രൊഫഷണലുകൾ, സ്ത്രീകൾ  നടത്തുന്ന എഫ്.പി.ഓ കൾ, വനിതാ ചാർട്ടേർഡ് അക്കൊണ്ടന്റുമാർ, വനിതാ അഭിഭാഷകർ, വനിതാ ഡോക്ടർമാർ , വനിതാ പ്ലാന്റർമാർ,  വനിതകളായ  സിനിമ നിർമ്മാതാക്കൾ , ഐ.ടി പ്രൊഫഷണലുകൾ എന്നിവർക്കൊക്കെ  സംഘടനയിൽ അംഗങ്ങൾ ആകാവുന്നതാണ്.വനിതകൾ നേതൃത്വം കൊടുക്കുന്ന സ്ഥാപനങ്ങൾക്ക് അഫിലിയേഷൻ നൽകും.

ചെറുകിട -ഗ്രാമീണ വനിത സംരംഭകർക്കും അസോസിയേറ്റ് മെമ്പർഷിപ്പ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. സാമ്പത്തിക മേഖലയിലെ സ്ത്രീ സംരംഭകരെ ഒരു കുട കീഴിൽ അണി നിരത്തുകയാണ് ലക്ഷ്യം. 
കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടവുമായി വിമൻ  ചേംബറിന്റെ ചാപ്റ്ററുകൾ തുടങ്ങാൻ ഉദ്ദേശിക്കുന്നതായി വിമൻ ചേംബർ പ്രസിഡന്റ് അന്ന ബെന്നി , സെക്രട്ടറി ബിന്ദു മിൽട്ടൺ എന്നിവർ അറിയിച്ചു. വനിതകളായ സംരംഭകർക്ക് അർഹതപ്പെട്ട അംഗീകാരവും സ്ഥാനവും നേടിയെടുക്കാൻ   സംഘടന പ്രയത്നിക്കും. വ്യാവസായിക മേഖലയിൽ സ്ത്രീ സംരംഭകർ നേരിടുന്ന  പ്രശ്നങ്ങൾ  കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ പെടുത്തും. സാമൂഹിക -സാംസ്കാരിക വിഷയങ്ങളിലും  സംഘടനയുടെ സജീവ സാന്നിധ്യമുണ്ടാകുമെന്നും വിമൻ ചേംബർ  ഭാരവാഹികൾ വ്യക്തമാക്കി. .

വ്യാവസായിക -വാണിജ്യ മേഖലകളിലെ സ്ത്രീ സംരംഭകരുടെ നെറ്റ്  വർക്കിങ്  പ്ലാറ്റഫോമായി വിമൻ ചേംബർ പ്രവർത്തിക്കുന്നതാണ്. വനിതാ സംരംഭകർക്ക് ദേശീയ -  അന്തർദേശീയ  തലങ്ങളിലെ പ്രമുഖ സംരംഭകരുമായി സംവദിക്കാനും ആശയങ്ങൾ പങ്കുവെക്കാനും സംഘടന അവസരം ഒരുക്കും. സംരംഭക മേഖലകളിലെ സ്പന്ദനങ്ങൾ അറിയുന്നതിനും  സാങ്കേതിക-മാർക്കറ്റിങ് മേഖലയിലെ മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിനും  സംഘടന വേദിയൊരുക്കും-ഭാരവാഹികൾ പറഞ്ഞു.

    വനിത സംരംഭകർക്ക്  ദേശീയ-അന്തർദേശീയ കോണ്ഫറന്സുകൾ , ബി ടു ബി യോഗങ്ങൾ, ശില്പശാലകൾ, തുടങ്ങിയവയിൽ പങ്കെടുക്കാനും മറ്റും സംഘടന അവസരം നൽകും.വനിതാ സംരംഭകർക്ക് ഊർജ്ജവും ആവേശവും നൽകുന്ന പ്രോഗ്രാമുകൾ വിമൻ ചേംബർ  നടപ്പാക്കാനുദ്ദേശിക്കയാണ്. 
 സ്ത്രീ സംരംഭകർക്ക് വേണ്ടി  വിവിധ പ്രോഗ്രാമുകൾ നടത്തുവാൻ  വിമൻ ചേംബർ  തയ്യാറെടുക്കുകയാണ്. വാണിജ്യ -ചെറു കിട വ്യവസായിക സംരംഭകർക്കായി നെറ്റ് വർക്കിംങ് പ്രോഗ്രാം, ഗ്ലോബൽ റീച് പ്രോഗ്രാം, അതോടൊപ്പം സംരംഭക പരിശീലന പ്രോഗ്രാമുകൾ   എന്നിവ  അതിൽ പ്രധാനപ്പെട്ടവയാണ്.
സ്ത്രീ സംരംഭകർക്ക് മാനേജീരിയൽ സ്കിൽ വർധിപ്പിക്കാൻ അവസരം നൽകാനുള്ള പദ്ധതികളും സംഘടന നടപ്പാക്കാൻ ഉദ്ദേശിക്കുന്നു.. കേരളത്തിലെ പ്രത്യേകിച്ച് വയനാട്ടിലെ ഗ്രാമീണ മേഖലയിലെ വനിതാ സംരംഭകർക്ക് വേണ്ടി റൂറൽ  വില്ലേജ്  സംരംഭക പ്രോഗ്രാമിനും( റൂറൽ വില്ലജ് എന്റർപ്രെനിയർഷിപ്പ് പ്രോഗ്രാം)   സംഘടന നേതൃത്വം നൽകും. 

ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി സ്കിൽ ഡെവലപ്മന്റ്റ് പദ്ധതികൾ ഏറ്റെടുത്തു നടത്തും.ഒപ്പം ചെറുകിട വനിത സംരംഭകരുടെ തൊഴിൽ മികവ് പരിശീലനത്തിനം അവരുടെ ഉല്പന്നങ്ങൾക്ക് വിപണി കണ്ടെത്താനുള്ള ശ്രമങ്ങൾക്കും  സംഘടനയുടെ കൈത്താങ്ങുണ്ടാകും. ഇതിനായി രാജ്യത്തെ പ്രമുഖ വനിത സംരംഭകരുടെയും വ്യവസായ സ്ഥാപനങ്ങളുടെയും   സഹായം  ഉറപ്പാക്കും. -ചേംബർ ഭാരവാഹികൾ വിശദീകരിച്ചു.
വാർത്ത സമ്മേളനത്തിൽ അന്ന ബെന്നി , ബിന്ദു മിൽട്ടൺ , ഡോക്ടർ നിഷ വിപിൻ,  ബീന സുരേഷ്,  എന്നിവർ പങ്കെടുത്തു.

Write a comment
News Category