Friday, April 26, 2024 12:23 PM
Yesnews Logo
Home News

പത്തു ലക്ഷം പേർക്ക് തൊഴിൽ നൽകാൻ കേന്ദ്ര സർക്കാർ

സ്വന്തം ലേഖകന്‍ . Jun 14, 2022
10-lakh-job-central-govt-to-fill-vacancies-al-departments
News


രാജ്യത്തെ തൊഴിലന്വേഷകർക്ക് സന്തോഷവാർത്തയുമായി കേന്ദ്രസർക്കാർ. അടുത്ത ഒന്നരവർഷത്തിൽ സർക്കാർ സർവ്വീസിൽ പത്ത് ലക്ഷം പേരെ നിയമിക്കാൻ തീരുമാനം. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് സുപ്രധാനമായ തീരുമാനം. പല വകുപ്പുകളിലായിട്ടാണ് നിയമനം നടത്തുക. ഏതൊക്കെ വകുപ്പുകളിലാണ് ഒഴിവുകളുള്ളത്, ഏതൊക്കെ വകുപ്പുകളിലാണ് നിയമനം നടക്കാൻ പോകുന്നത് എന്നത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ കേന്ദ്രസർക്കാർ ഉടൻ പുറത്ത് വിടും.
എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലേയും മാനവവിഭവശേഷി സ്ഥിതി നേരിട്ട് അവലോകനം ചെയ്ത ശേഷമാണ് നിയമനത്തിന് പ്രധാനമന്ത്രി നിർദേശം നൽകിയത്. 10 ലക്ഷം നിയമനങ്ങൾ മിഷൻ മോഡിൽ നടപ്പാക്കാനാണ് നിർദേശം. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ട്വിറ്ററിലൂടെ നിയമന വിവരം പുറത്തുവിട്ടത്. ഏപ്രിലിൽ സർക്കാർ ഉന്നത ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി, വകുപ്പുകളിലെ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടി ക്രമങ്ങൾക്ക് മുൻഗണന നൽകണമെന്ന് നിർദേശിച്ചിരുന്നു.

അതേസമയം കൗമാരക്കാർക്ക് ഹ്രസ്വകാല സൈനികസേവനത്തിന് അവസരമൊരുക്കുന്ന പുതിയ പദ്ധതിയും ഇന്ന് മൂന്ന് സേനാ മേധാവികളും ചേർന്ന് പ്രഖ്യാപിക്കും. ഇതിലൂടെ രാജ്യസ്‌നേഹികളായ യുവാക്കൾക്ക് മാതൃരാജ്യത്തെ സേവിക്കാനുള്ള അവസരമൊരുക്കുകയാണ് കേന്ദ്രസർക്കാർ.

അഗ്നിപഥ് എന്ന പേരിലുള്ള ഈ പദ്ധതിയിലൂടെ കൗമാരക്കാർക്ക് നാല് വർഷം സൈനികസേവനം നടത്താൻ സാധിക്കും. ഇങ്ങനെ സൈനികസേവനത്തിനെത്തുന്ന യുവാക്കൾ അഗ്നിവീരന്മാർ എന്ന പേരിലാണ് അറിയപ്പെടുക. പ്രതിരോധ സേനയുടെ ചെലവും പ്രായപരിധിയും കുറയ്‌ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ പദ്ധതി. ഓരോ വർഷവും 50,000 ലധികം പേരെ ഇത്തരത്തിൽ നിയമിക്കും. ആറ് മാസത്തെ പരിശീലനം നൽകും. മുപ്പതിനായിരം രൂപയെങ്കിലും പ്രതിമാസ ശമ്പളമായി നൽകുമെന്നാണ് സൂചന.

ടൂർ ഓഫ് ഡ്യൂട്ടി എന്നറിയപ്പെടുന്ന ഈ പദ്ധതി അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ആശയമായിരുന്നു.അദ്ദേഹത്തോടുള്ള ആദര സൂചകമായിട്ടാണ് ഇത് നടപ്പിലാക്കുന്നത്.വർഷത്തെ സേവനത്തിന് ശേഷം അഗ്‌നിവീരന്മാരിൽ പ്രതിഭകളായ യുവാക്കളെ നിലനിർത്തി ബാക്കിയുള്ളവരെ മറ്റ് ജോലികൾ കണ്ടെത്തുന്നതിന് സായുധ സേന സഹായിക്കുകയും ചെയ്യും.

അഗ്‌നിവീരന്മാരായ യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സന്നദ്ധരായി കോർപ്പറേറ്റ് കമ്പനികളുൾപ്പടെ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. തങ്ങളുടെ രാജ്യത്തെ സേവിച്ച പരിശീലനം നേടിയ അച്ചടക്കമുള്ള യുവാക്കൾക്ക് ജോലി നൽകാൻ ഇനിയും വൻകിട തൊഴിൽ ദാതാക്കൾ സമീപിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

ടൂർ ഓഫ് ഡ്യൂട്ടി ആശയത്തിന് കീഴിൽ ഇങ്ങനെ സൈനികരെ റിക്രൂട്ട് ചെയ്യുകയാണെങ്കിൽ ശമ്പളം, അലവൻസ്, പെൻഷൻ എന്നിവയിൽ നിന്നായി ആയിരക്കണക്കിന് കോടി രൂപ ലാഭിക്കാൻ സാധിക്കും. സൈന്യത്തിൽ ഒഴിവുകൾ ലഭ്യമാണെങ്കിൽ യുവാക്കളിൽ ഏറ്റവും മികച്ചവർക്ക് സേവനം തുടരുവാനുള്ള അവസരവും ലഭിക്കും.

സൈനിക രംഗത്ത് നേരിട്ട് യുദ്ധമുഖമല്ലാത്ത എല്ലാ മേഖലകളിലും യുവാക്കളെ നിയോഗിക്കും. നാലുവർഷം കൊണ്ട് ലഭിക്കുന്ന പരിശീലനം സാങ്കേതിക മികവും ധൈര്യവും അച്ചടക്കവുമുള്ള യുവനിരയെ രാജ്യത്തിന് സമ്മാനിക്കുമെന്നും സേനാ മേധാവികൾ ഉറപ്പുനൽകി.

Write a comment
News Category