Friday, April 26, 2024 06:35 AM
Yesnews Logo
Home News

കളമശ്ശേരി ബസ് കത്തിക്കൽ കേസ് : പ്രതികൾ കുറ്റം സമ്മതിച്ചു ;ശിക്ഷ തിങ്കളാഴ്ച

Legal Correspondent . Jul 29, 2022
kalamasserry-bus-pdp-nia-madani
News

കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മൂന്നു പ്രതികൾ കുറ്റക്കാരെന്ന് എൻഐഎ കോടതി. തടിയന്റവിട നസീർ, സാബിർ ബുഹാരി, താജുദ്ദീൻ എന്നിവരാണ് കുറ്റക്കാർ. ശിക്ഷ തിങ്കളാഴ്ച വിധിക്കും. പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയുടെ ജയിൽ മോചനം ആവശ്യപ്പെട്ടു തമിഴ്നാട് ബസ് തട്ടിയെടുത്തു കത്തിച്ച കേസിലെ പ്രതികളെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചിട്ടുണ്ട്.

 നേരത്തെ കേസിലെ പ്രതി കെ.എ.അനൂപിന് ആറു വർഷം കഠിനതടവും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.    സൂഫിയ മഅദനി, മജീദ് പറമ്പായി, അബ്ദുൽ ഹാലിം, മുഹമ്മദ് നവാസ്, ഇസ്മയിൽ, നാസർ, ഉമ്മർ ഫാറൂഖ് തുടങ്ങി 13 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. തടിയന്റവിട നസീർ കോഴിക്കോട് ഇരട്ട സ്ഫോടനം, എടയ്ക്കാട് തീവ്രവാദ റിക്രൂട്മെന്റ് കേസ് എന്നിവയിലെ മുഖ്യപ്രതി ആണ്.  
 
2005 സെപ്റ്റംബർ 9നാണ് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നി‌ന്നു സേലത്തേക്കുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് പ്രതികൾ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയത്.  കളമശ്ശേരി എച്ച്എംടി എസ്റ്റേറ്റിനു സമീപം യാത്രക്കാരെയും ജീവനക്കാരെയും ഇറക്കിയ ശേഷം പെട്രോൾ ഒഴിച്ചു തീകൊളുത്തുക ആയിരുന്നു. പൊലീസ് റജിസ്റ്റർ ചെയ്ത കേസ് പിന്നീട് 2009 ൽ ആണ് എൻഐഎയ്ക്ക് കൈമാറിയത്. 2010 ലാണ് കുറ്റപത്രം നൽകിയത്. കേസിൽ പ്രതികൾക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

Write a comment
News Category