Friday, March 29, 2024 07:34 PM
Yesnews Logo
Home News

കുട്ടനാട് വികസന ഏകോപന കൗൺസിൽ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു: കൃഷിമന്ത്രി പി പ്രസാദ്

സ്വന്തം ലേഖകന്‍ . Oct 13, 2022
kuttanad-development-council-announcement-p-prasad--minister
News

കേരളത്തിലെ ഏറെ കാർഷിക സവിശേഷതയുള്ളതും പ്രത്യേക പാരിസ്ഥിതിക മേഖലയുമായ കുട്ടനാടിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനുവേണ്ടിയും വിവിധ വകുപ്പുകളുടെ ഏകോപനത്തിനുമായി കുട്ടനാട് വികസന ഏകോപന കൗൺസിൽ ഉടൻ രൂപീകരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ഒന്നാം കുട്ടനാട് പാക്കേജ് പദ്ധതി പ്രവർത്തനങ്ങൾ അവസാനിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ  രണ്ടാം നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി കൗൺസിൽ രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ചെയർമാനായും കൃഷി വകുപ്പ് മന്ത്രി വൈസ് ചെയർമാനായും ആസൂത്രണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനറായും റവന്യു, സഹകരണ, ജല വിഭവ, വൈദ്യുതി, തദ്ദേശ സ്വയംഭരണ, ഫിഷറീസ്, ഭക്ഷ്യ പൊതു വിതരണ, ടൂറിസം, മൃഗ സംരക്ഷണ വകുപ്പ് മന്ത്രിമാരും, വിവിധ വകുപ്പ് മേധാവികളും, ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷൻ മാരും, നബാർഡ്, എസ്. എൽ. ബി. സി. പ്രതിനിധികളും കാർഷിക സർവകലാശാല പ്രതിനിധിയും ചേർന്നാണ് കൗൺസിൽ രൂപീകൃതമാകുന്നത്.

കുട്ടനാട്ടിലെ നെൽപ്പാടങ്ങളുടെ സമഗ്രവികസനം, റൂം ഫോർ റിവർ പദ്ധതി യാഥാർഥ്യമാക്കൽ, കൃഷി- കൃഷി അനുബന്ധ ഘടകങ്ങൾ സമഗ്രമായി സംയോജിപ്പിക്കുന്ന സമ്മിശ്ര കൃഷിയിലൂടെ കർഷക  വരുമാനം ഇരട്ടിയാക്കുക, കുട്ടനാട്ടിലെ സമഗ്ര ജല  മാനേജ്മെന്റ്, കാലാവസ്ഥ അനുരൂപ  കൃഷി മാതൃകകൾ നടപ്പിലാക്കുക, കുട്ടനാട്ടിലെ സമഗ്ര ജല മാനേജ്മെന്റ്, കുട്ടനാട്ടിലെ കാർഷിക പ്രവർത്തനങ്ങളുടെ യന്ത്രവത്കരണം, കാർഷിക ഉത്പന്ന- സംസ്കരണ -വിപണന വിതരണം രംഗങ്ങളിൽ പുതിയ സംരംഭകത്വങ്ങൾ തുടങ്ങുക, പരമ്പരാഗത തൊഴിൽ മേഖലകൾക്കു സംരക്ഷണം ഏർപ്പെടുത്തുക, കുട്ടനാട്ടിലെ നെൽകർഷകർക്കായി പ്രവർത്തിക്കുന്ന വിവിധ പാടശേഖര സമിതികൾ - നെൽകൃഷി വികസന ഏജൻസികൾ എന്നിവയുടെ പ്രവർത്തനം ഏകീകരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക,പാരിസ്ഥിതിക സുരക്ഷയും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പിലാക്കുക, വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങൾ പരസ്പര പൂരകങ്ങൾ ആകുന്ന വിധം ആസൂത്രണം ചെയ്തു നടപ്പിലാക്കുക എന്നിവയായിരിക്കും കുട്ടനാട് വികസന ഏകോപന കൗൺസിലിന്റെ പ്രധാന ലക്ഷ്യങ്ങൾ.

കുട്ടനാടുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രത്യേക പദ്ധതികൾ ഉൾപ്പെടെയുള്ള എല്ലാ വികസന പ്രവർത്തനങ്ങളും നിശ്ചിത സമയത്തിനുള്ളിൽ നടപ്പിലാക്കുന്നതിനും പൂർത്തീകരിക്കുന്നതിനും വേണ്ട ഭരണപരമായ തീരുമാനങ്ങൾ ഈ സമിതിയുടെ നേതൃത്വത്തിലായിരിക്കും എടുക്കുക. കാർഷിക മേഖലയുടെ സമഗ്ര വികസനത്തിന് ഉപയുക്തമാകുന്ന പദ്ധതികൾ രൂപീകരിക്ക ലും മോണിറ്ററിങ് ആൻഡ് അഡ്വൈസറി കൗൺസിൽ തയ്യാറാക്കുന്ന പദ്ധതികൾക്ക് പ്രവർത്തനാനുമതി നൽകലും കൗൺസിലി ന്റെ ചുമതലയായിരിക്കും.

കൗൺസിലിന്റെ കീഴിൽ ഒരു മോണിറ്ററിങ് ആൻഡ്  അഡ്വൈസറി കൗൺസിലും മൂന്ന് ടെക്നിക്കൽ കമ്മിറ്റികളും ഉണ്ടായിരിക്കും. കൃഷി വകുപ്പ് മന്ത്രിയായിരിക്കും മോണിറ്ററിങ് ആൻഡ് അഡ്വൈസറി കൗൺസിലിന്റെ ചെയർമാൻ. ഈ കമ്മിറ്റി മൂന്നുമാസത്തിലൊരിക്കൽ യോഗം ചേർന്ന് പദ്ധതി വിലയിരുത്തി സമിതിക്ക് ഉപദേശങ്ങൾ നൽകും. ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരായിരിക്കും അതാത് ടെക്നിക്കൽ കമ്മിറ്റികളുടെ ചെയർമാന്മാർ. കൗൺസിൽ അംഗീകരിച്ചതും വിവിധ വകുപ്പുകൾ നടപ്പിലാക്കേണ്ടതുമായ പദ്ധതികൾ പ്രാദേശിക പ്രത്യേകതകൾ അനുസരിച്ച് മുൻഗണന നൽകി നടപ്പിലാക്കുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നത് ടെക്നിക്കൽ കമ്മിറ്റിയായിരിക്കും. പദ്ധതി പ്രവർത്തനം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പിലാക്കുന്നതിന് ടെക്നിക്കൽ കമ്മിറ്റി നേതൃത്വം നൽകും. 53 പഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലും ആയി വ്യാപിച്ചുകിടക്കുന്ന വെള്ളത്താൽ ചുറ്റപ്പെട്ട കരകളുള്ള പ്രത്യേക കാർഷിക പാരിസ്ഥിതിക യൂണിറ്റായ കുട്ടനാടിനെ കാലാവസ്ഥാവ്യതിയാനങ്ങളിൽ നിന്നും സംരക്ഷിച്ചുകൊണ്ട് സുസ്ഥിരമായ ഒരു വികസനം നടപ്പിലാക്കുക എന്നതായിരിക്കും വികസന കൗൺസിലിന്റെ ദൗത്യം.

Write a comment
News Category