Thursday, April 25, 2024 09:46 AM
Yesnews Logo
Home District

അപകടപ്പാലമായി മൂന്നാംകടവ്

News Desk . Mar 17, 2020
accident
District


കുത്തനെയുള്ള ഇറക്കത്തില്‍ അടുത്തടുത്തായുള്ള രണ്ട് വളവുകളുടെ സാന്നിധ്യം മൂന്നാംകടവിനെ സ്ഥിരം അപകടമേഖലയാക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മൂന്ന് വലിയ അപകടങ്ങളാണ് ഇവിടെ നടന്നത്. ഇരുചക്രവാഹനങ്ങളും മറ്റു ചെറുവാഹനങ്ങളും അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്. 

 2013 ലാണ് മൂന്നാംകടവ് വളവില്‍ പാലം നിര്‍മിച്ചത്. എന്നാല്‍ ഇത് റോഡിനേക്കാള്‍ വളരെയധികം താഴ്ചയിലായതാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കിയതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. 

പെരിയ ഭാഗത്തുനിന്നുള്ള റോഡ് പുളിക്കാല്‍ കഴിഞ്ഞു വലിയ ഇറക്കത്തിലൂടെയാണ് പാലത്തിലേക്ക് പ്രവേശിക്കുന്നത്. ഈ ഇറക്കത്തിലാണ് അടുത്തടുത്തായി രണ്ട് വളവുകളുള്ളത്. വേഗത്തില്‍ ഇറക്കത്തിലേക്കു പ്രവേശിക്കുന്ന വാഹനങ്ങള്‍ വേഗത നിയന്ത്രിക്കാനാകുന്നതിനുമുമ്പ് അപകടത്തില്‍പ്പെടുന്നു. സ്ഥലപരിചയമില്ലാത്തവര്‍ക്ക് വളവുകളുടെ സാന്നിധ്യം പെട്ടെന്നറിയാത്തതും അപകടത്തിന്റെ ആക്കം കൂട്ടുന്നു.

പാലം നിര്‍മിച്ച് അധികകാലം കഴിയുന്നതിനുമുമ്പ് ഒരു വിവാഹസംഘം സഞ്ചരിച്ച ബസ് ഇവിടെ അപകടത്തില്‍പ്പെട്ടു കാഞ്ഞങ്ങാട്ടെ സിപിഎം പ്രാദേശികനേതാവായ രവീന്ദ്രന്‍ മരണപ്പെട്ടിരുന്നു. രണ്ടുവര്‍ഷം മുമ്പ് കുഴല്‍ക്കിണര്‍ സാമഗ്രികളുമായി പോയ ലോറി മറിഞ്ഞ് അതിനടിയില്‍പ്പെട്ട മറുനാടന്‍ തൊഴിലാളി മരിച്ചു. 

മൂന്നാമത്തെ ഇരയാണ് കഴിഞ്ഞദിവസം വൈദ്യുത തൂണ്‍ ഇറക്കാന്‍ പോയ ലോറി മറിഞ്ഞു മരണപ്പെട്ട മണികണ്ഠന്‍. താരതമ്യേന ദൂരം കുറഞ്ഞ വഴിയെന്ന നിലയില്‍ ഗൂഗിള്‍ മാപ്പ് നോക്കി മുന്നോട്ടുപോയതാണ് ഇന്നലെ അപകടത്തില്‍പ്പെട്ട ലോറിക്ക് വിനയായത്.

അപകടമേഖലയിലെ വളവുകള്‍ അല്‍പ്പമെങ്കിലും നികത്തുകയും ഇവിടെ സുരക്ഷാവേലിയും സൂചനാ ബോര്‍ഡുകളും സ്ഥാപിക്കുകയും ചെയ്യണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.
 

Write a comment
News Category
Related News